
'ഭായ്: ദി ഗൗരവ് തിവാരി മിസ്റ്ററി' എന്ന വെബ് സീരിസ് പുറത്തെത്തിയോടെ വീണ്ടും ചർച്ചകളിൽ നിറയുന്ന പേരാണ് ഗൗരവ് തിവാരി. ഒരുകാലത്ത് രാജ്യത്തെയൊട്ടാകെ ഇളക്കിമറിച്ച പേരുകാരൻ. എന്നാൽ പെട്ടെന്നൊരുദിവസം അകാലത്തിൽ മരണപ്പെടുന്നു. ഇപ്പോഴും ഈ ചെറുപ്പക്കാരന്റെ മരണം ഉത്തരമില്ലാത്ത ചോദ്യമായി നിലകൊള്ളുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയിരുന്നു ഗൗരവ് തിവാരി. പ്രേതം, ആത്മാക്കൾ തുടങ്ങി ശാസ്ത്രത്തിന്റെ വിശദീകരണത്തിന് അപ്പുറമുള്ള അമാനുഷിക ശക്തികളെക്കുറിച്ചുള്ള അനുഭവങ്ങളും സംഭവങ്ങളുമൊക്കെയാണ് പാരാനോർമൽ ആക്‌ടിവിറ്റികളിൽ ഉൾപ്പെടുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നയാളാണ് പാരനോർമൽ ഇൻവെസ്റ്റിഗേറ്റർ. പ്രേതബാധയുള്ള സ്ഥലങ്ങളിൽ പര്യവേക്ഷണം നടത്തി ശാസ്ത്രത്തെ ഉപയോഗിച്ച് അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതുന്നതിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഗൗരവ്.
1984ൽ ഡൽഹിയിലാണ് ഗൗരവ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സിംഗപ്പൂരിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കി. തുടർന്ന് ഫ്ളോറിഡയിലെത്തിച്ചേർന്നു. 2007ൽ അവിടത്തെ താമസത്തിനിടെ ഗൗരവും സഹതാമസക്കാരും അസാധാരണ ശബ്ദങ്ങളും മറ്റും കേൾക്കാനിടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. മന്ത്രണങ്ങൾ, കാൽചുവടിന്റെ ശബ്ദങ്ങൾ, ഒരു പെൺകുട്ടിയുടെ രൂപം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമെല്ലാം ഗൗരവിൽ ഉദ്വേഗം ഉണർത്തി. ഇതിന് ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്തണമെന്ന് ഗൗരവ് ഉറപ്പിച്ചു.
ഇതേ കാലയളവിൽ തന്നെ ഗൗരവ് മെറ്റാഫിസിക്കൽ പഠനവും ആരംഭിച്ചു. തുടർന്ന് മെറ്റാഫിസിക്കൽ ചർച്ച് ഒഫ് ഹ്യൂമാനിസ്റ്റിക് സയൻസിന്റെ നിയുക്ത ശുശ്രൂഷകനായി മാറി. പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ, യുഎഫ്ഒ ഫീൽഡ് ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ സർട്ടിഫിക്കറ്റും നേടി.
2009ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഗൗരവ് ഇന്ത്യൻ പാരാനോർമൽ സൊസൈറ്റിക്ക് (ഐപിഎസ്) രൂപം നൽകി. പ്രേതബാധ പോലുള്ള അമാനുഷിക കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണിത്. അന്ധവിശ്വാസങ്ങളെയും ആചാരാധിഷ്ഠിത ഭയത്തെയും നിരാകരിച്ച അദ്ദേഹം ഇ.എം.എഫ് (ഇലക്ട്രോ മോട്ടീവ് ഫോഴ്‌സ്) റീഡിംഗുകൾ, ശബ്ദ മാപ്പിംഗ്, പാരിസ്ഥിതിക ഘടകങ്ങൾ, ഇൻഫ്രാസൗണ്ട്, കെമിക്കൽ എക്സ്പോഷർ, മാനസിക പ്രതികരണങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകിയത്.
അടുത്ത കുറച്ച് വർഷങ്ങൾക്കിടെ ഗൗരവും സംഘവും ഭാൻഗഡ് ഫോർട്ട്, മുകേഷ് മിൽസ് മുതൽ വീടുകൾ, സ്ഥാപനങ്ങൾ, ഉപേക്ഷിക്കപ്പെട്ട വ്യാവസായിക സ്ഥലങ്ങൾ വരെ 6,000ത്തിലധികം പ്രേതബാധയുള്ളതായി പറയപ്പെടുന്ന സ്ഥലങ്ങൾ പരിശോധിച്ചതായാണ് റിപ്പോർട്ട്. ഇൻഫ്രാസൗണ്ട്, ഭ്രമം, മാനസികസമ്മർദ്ദം, കാർബൺ മോണോക്സൈഡ് ഏൽക്കുന്നത് എന്നിവയിലൂടെ കടന്നുപോകുന്നവർക്കാണ് കൂടുതലും അമാനുഷിക അനുഭവങ്ങളുണ്ടാകുന്നതെന്നായിരുന്നു ഗൗരവിന്റെയും സംഘത്തിന്റെയും കൂടുതൽ കണ്ടെത്തലുകളും. ഫുൾ-സ്പെക്ട്രം ക്യാമറകൾ പോലുള്ള നൂതന ഉപകരണങ്ങൾ ഐപിഎസിന് ലഭ്യമായിരുന്നിട്ടും ഗൗരവിന്റെ നിഗമനങ്ങളായിരുന്നു കൂടുതലും മുഖവിലയ്ക്കെടുത്തിരുന്നത്.
ഹോണ്ടണ്ട് വീക്കൻഡ്‌സ് വിത്ത് സണ്ണി ലിയോൺ, ഭൂത് ആയ, ഫിയർ ഫൈൽസ്, എംടിവി ഹി ടിക്കറ്റ്, എംടിവി ഗേൾസ് നൈറ്റ് ഔട്ട് തുടങ്ങി അനേകം റിയാലിറ്റി ഷോകളിലും ഗൗരവ് പങ്കെടുത്തിരുന്നു. ഇതിലൂടെ ശാസ്ത്രീയമായ രീതിയിലെ പാരാനോർമൽ ഇൻവെസ്റ്റിഗേഷനുകളെക്കുറിച്ച് അവബോധം വളർത്താനും ഗൗരവ് സഹായിച്ചു. 16 ഡിസംബർ, ടാംഗോ ചാർലി തുടങ്ങിയ സിനിമകളിലും ഗൗരവ് പ്രത്യക്ഷപ്പെട്ടു.
മരണത്തിന്റെ അവസാന നാളുകളിൽ പശ്ചിമ ഡൽഹിയിലെ ജനക്‌പുരിയിൽ ഒരു ചെറുപ്പക്കാരിയെ വിവിധ പ്രേതങ്ങൾ ബാധിച്ചതായുള്ള കേസിനെക്കുറിച്ചായിരുന്നു ഗൗരവ് അന്വേഷണം നടത്തിയിരുന്നത്. അസ്വസ്ഥത അനുഭവപ്പെടുന്നതായും നെഗറ്റീവ് ശക്തി ബാധിക്കുന്നതായും ഗൗരവ് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. 2016 ജൂലായ് ഏഴിന് ദ്വാരകയിലുള്ള അപ്പാർട്ട്‌മെന്റിലെ കുളിമുറിയിൽ ഗൗരവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 31 വയസായിരുന്നു പ്രായം. വലിയ ശബ്ദം കേട്ടെത്തിയ വീട്ടുകാർ ശക്തിയായി വാതിൽ വലിച്ചുതുറന്നപ്പോൾ ഗൗരവിനെ അനക്കമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ചുറ്റുമായി കറുത്ത വരയുമുണ്ടായിരുന്നു.
ഗൗരവിനെ ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഗൗരവിന്റേത് തൂങ്ങിമരണമാണെന്നാണ് പൊലീസ് പിന്നീട് വ്യക്തമാക്കിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളും സമ്മർദ്ദവുമാണ് മരണകാരണമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. എന്നാലിതിനെ കുടുംബം എതിർത്തു. മരണത്തിന് മാസങ്ങൾക്ക് മുൻപ് അദ്ദേഹം വിവാഹിതനായതും ആത്മഹത്യാക്കുറിപ്പിന്റെ അഭാവും സജീവമായ പ്രൊഫഷണൽ ജീവിതവുമാണ് ഇതിന് ആധാരമായി കുടുംബംചൂണ്ടിക്കാട്ടിയത്. മരിച്ച് എട്ട് വർഷത്തിലേറെയായിട്ടും ഗൗരവ് തിവാരിയുടെ മരണം ഇന്നും ഉത്തരില്ലാത്ത ഒന്നായി തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |