
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5944 കോടി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി . ക്ഷേമപദ്ധതികൾ, ശമ്പളം, ക്ഷേമ പെൻഷൻ തുടങ്ങിയവയെ ബാധിക്കുന്നത് അടക്കം സംസ്ഥാനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയിച്ചു. സാമ്പത്തികവർഷത്തിന്റെ അവസാനമാസങ്ങളിൽ ചെലവുകൾ അധികമായി വരുന്ന സമയമാണ്. അതിനാൽ അടിയന്തരനടപടി വേണമെന്നും ആവശ്യപ്പെട്ടു. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പലതവണ താനും, മുഖ്യമന്ത്രി രണ്ടു തവണയും നേരിട്ടു കണ്ടിട്ടും നടപടിയുണ്ടായില്ല. സംഘർഷത്തിന്റെ പാതയല്ല സംസ്ഥാനം ആഗ്രഹിക്കുന്നത്. നേരത്തെ ഉന്നയിച്ച ആവശ്യങ്ങൾ ഇന്നലെയും ആവർത്തിച്ചു. ഇത്തവണയെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാലഗോപാൽ ഡൽഹിയിൽ പറഞ്ഞു.
കേരളത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമം
കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വെട്ടിക്കുറക്കലുകൾ. കേന്ദ്രനടപടികൾക്കിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു വരികയാണ്. വലിയ സാമ്പത്തിക ബാദ്ധ്യതയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പഠിക്കേണ്ട കാര്യങ്ങൾ പഠിക്കും. ചിലയിടത്ത് കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ സഖ്യമുണ്ടായെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
നിവേദനത്തിലെ മറ്റു ആവശ്യങ്ങൾ
1. വെട്ടിക്കുറച്ച ഐ.ജി.എസ്.ടി തുകയായ 965.16 കോടി രൂപ പുന:സ്ഥാപിക്കണം
2. 2025-26 സാമ്പത്തികവർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറച്ച 3323 കോടി പുന:സ്ഥാപിക്കണം
3. ദേശീയപാതാ വികസനത്തിനായി സംസ്ഥാനം ചെലവിട്ട 6000 കോടിയെ അധിക മൂലധന ചെലവായി പരിഗണിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |