
ജയ്‌പൂർ: സ്‌ത്രീകൾക്ക് സ്‌മാർട് ഫോൺ ഉപയോഗം വിലക്കുന്ന തീരുമാനം പിൻവലിച്ച് രാജസ്ഥാൻ ഗ്രാമങ്ങൾ. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 15 ഗ്രാമങ്ങൾ സ്‌ത്രീകൾ സ്‌മാർട് ഫോണിന് പകരം കീപാഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാപകപ്രതിഷേധങ്ങൾക്ക് കാരണമായതോടെയാണ് തീരുമാനം പിൻവലിച്ചത്.
ഗ്രാമമുഖ്യന്മാർ യോഗം കൂടി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം പിൻവലിക്കുന്നതായി അറിയിച്ചത്. കുട്ടികളുടെ നന്മയ്‌ക്ക് വേണ്ടിയാണ് സ്‌ത്രീകൾക്ക് സ്‌മാർട് ഫോൺ ഉപയോഗം വിലക്കിയതെന്നും എന്നാൽ തീരുമാനം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ അത് പിൻവലിക്കുകയാണെന്നും ഗ്രാമുഖ്യന്മാർ പറഞ്ഞു.
ഡിസംബർ 21ന് ഗാസിപൂർ ഗ്രാമത്തിൽ കൂടിയ യോഗത്തിലാണ് സ്‌ത്രീകൾക്ക് സ്‌മാർട് ഫോൺ ഉപയോഗം വിലക്കാൻ തീരുമാനിച്ചത്. അതുപ്രകാരം പഠന ആവശ്യങ്ങൾക്കായി സ്‌മാർട് ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികൾ വീടിന് പുറത്തേക്ക് അവ കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നില്ല. വിവാഹ പരിപാടികൾ, വിശേഷങ്ങൾ , അയൽവീടുകൾ എന്നിവിടങ്ങളിൽ പോലും സ്‌മാർട് ഫോൺ കൊണ്ടുപോകരുതെന്ന് സ്‌ത്രീകളോട് ആവശ്യപ്പെട്ടിരുന്നു.
കുട്ടികൾ വ്യാപകമായി സ്മാർട് ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും അത് അവരുടെ കാഴ്ച ശക്തിയെയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയും മോശമായി ബാധിക്കുമെന്നുമാണ് ഇതിന് കാരണമായി പറഞ്ഞത്.
'സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സ്ത്രീകളും പെൺകുട്ടികളുമാണ് കൂടുതലും ചൂഷണം നേരിടുന്നത്. അതുകൊണ്ടാണ് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു മാസത്തെ സമയം നൽകിയത്. എല്ലാവരും തീരുമാനം അംഗീകരിച്ചിരുന്നെങ്കിൽ അത് നടപ്പിലാക്കുമായിരുന്നു. പക്ഷേ തീരുമാനം തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് പിൻവലിക്കുന്നത്.' ഗ്രാമമുഖ്യന്മാരിൽ ഒരാളായ നാഥുറാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |