
യൂറോപ്പിലെ ആൽപ്‌സ് പർവതനിരകളിലൂടെയുള്ള ട്രെയിൻ യാത്രകൾ ഇനി ഇന്ത്യയിലും നമുക്ക് അനുഭവിക്കാം. യാത്രകൾ വെറുമൊരു ലക്ഷ്യസ്ഥാനത്ത് എത്താനുള്ളതല്ല മറിച്ച് അവയെ ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യൻ റെയിൽവേ. വിശാലമായ ചില്ലുജാലകങ്ങളും ആകാശം കാണാൻ കഴിയുന്ന സുതാര്യമായ മേൽക്കൂരയുമുള്ള 'വിസ്റ്റാഡോം' കോച്ചുകളാണ് ഇന്ന് സഞ്ചാരികളുടെ മനം കവരുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് വിസ്റ്റാഡോം റൂട്ടുകളെ പരിചയപ്പെടാം.
കാശ്മീർ താഴ്വരയിലെ മഞ്ഞുപുതച്ച യാത്ര
കാശ്മീരിന്റെ ഹൃദയത്തിലൂടെയാണ് ബുഡ്ഗാം മുതൽ ബനിഹാൾ വരെയുള്ള 90 കിലോമീറ്റർ യാത്ര. ശ്രീനഗർ, അവന്തിപോറ, അനന്ത്നാഗ്, ഖാസിഗുണ്ഡ് എന്നിവടങ്ങളിലൂടെ കടന്നുപോകുന്ന ഈ ട്രെയിനിന്റെ വിസ്റ്റാഡോം കോച്ചിലിരുന്നാൽ മഞ്ഞുപുതച്ച മലനിരകളും പച്ചപ്പ് നിറഞ്ഞ പുൽമേടുകളും തൊട്ടടുത്ത് കാണാം. 2023ൽ ആരംഭിച്ച റെയിൽവേയുടെ ഈ സേവനം വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ആകർഷണമായിട്ട് മാറിക്കഴിഞ്ഞു.

വനവും തേയിലത്തോട്ടങ്ങളും താണ്ടി
ന്യൂ ജൽപായ്ഗുരിയിൽ നിന്ന് അലിപുർദുവാർ ജംഗ്ഷനിലേക്കുള്ള യാത്രയാണ് വിസ്മയിപ്പിക്കുന്ന മറ്റൊന്ന്. കാടുകളും തേയിലത്തോട്ടങ്ങളും ഹിമാലയൻ താഴ്വരകളും നിറഞ്ഞതാണ് പശ്ചിമ ബംഗാളിലെ ദൂവാർസ് മേഖലയിലൂടെയുള്ള 169 കിലോമീറ്റർ ദൂരം. ചിലപ്പോൾ പാളത്തിനടുത്ത് വന്യമൃഗങ്ങളെ വരെ കാണാൻ സാധിക്കുമെന്നതാണ് യാത്രയുടെ പ്രത്യേകത.

പൈതൃക റെയിൽവേ ലൈനിലൂടെ വിസ്മയ യാത്ര
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള കൽക്കഷിംല നാരോ ഗേജ് പാത ഇന്ന് വിസ്റ്റാഡോം കോച്ചുകളിലൂടെ പുത്തൻ അനുഭൂതിയാണ് നൽകുക. 103 തുരങ്കങ്ങളും നൂറുകണക്കിന് പാലങ്ങളും ആയിരത്തോളം വളവുകളുമുള്ള യാത്രയിൽ ഹിമാലയൻ മലനിരകളുടെ ദൃശ്യഭംഗിയാണ് നിങ്ങൾക്ക് മുഴവനായും ആസ്വദിക്കാൻ കഴിയുന്നത്. യാത്രക്കാർക്ക് മറക്കാനാവാത്ത കാഴ്ചയാണ് പൈൻ മരങ്ങൾ നിറഞ്ഞ കാടുകളും ആഴമേറിയ താഴ്വരകളും നൽകുക.

നർമ്മദയുടെ തീരത്തുകൂടി (ഗുജറാത്ത്)
മലനിരകൾ മാത്രമല്ല, സമതലങ്ങളും നദീതീരങ്ങളും മനോഹരമാണെന്ന് തെളിയിക്കുകയാണ് അഹമ്മദാബാദ് കെവാഡിയ ജൻ ശതാബ്ദി എക്സ്പ്രസ്. സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദർശിക്കാനെത്തുന്നവർക്ക് നർമ്മദാ നദിയുടെയും വനപ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകൾ ഈ ട്രെയിൻ യാത്രയിലൂടെ സമ്മാനിക്കുന്നു. ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരമാണ് ഈ യാത്രയെന്ന് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വടക്കുകിഴക്കൻ ഇന്ത്യയുടെ പച്ചപ്പിലേക്ക് (അസം)
ഗോഹട്ടിയിൽ നിന്ന് ഹാഫ്‌ലോംഗിലേക്കുള്ള ന്യൂ ഹാഫ്‌ലോംഗ് സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ അസമിലെ തൊട്ടുകൂടാത്ത പ്രകൃതിഭംഗിയിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. 269 കിലോമീറ്റർ നീളുന്ന ഈ യാത്രയിൽ കുന്നുകളും താഴ്വരകളും ശാന്തമായ നദികളുമാണ് ദൃശ്യമാകുന്നത്. മൈബോംഗ് എന്ന സ്ഥലത്തെ ചരിത്രപരമായ കാഴ്ചകളും ഈ യാത്രയുടെ ഭാഗമാണ്. 360 ഡിഗ്രി തിരിക്കാവുന്ന സീറ്റുകൾ, ജിപിഎസ് അധിഷ്ഠിത വിവരങ്ങൾ നൽകുന്ന സ്‌ക്രീനുകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ എന്നിവ വിസ്റ്റാഡോം കോച്ചുകളുടെ പ്രത്യേകതയാണ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |