
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. എംസിജി ബാറ്റര്‍മാരുടെ ശവപറമ്പായി മാറിയപ്പോള്‍ ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 152 റണ്‍സിന് പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അതിലും ദയനീയമായിരുന്നു ഇംഗ്ലണ്ടിന്റെ സ്ഥിതി. വെറും 110 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നേടാനായത്. 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ വിക്കറ്റ് പോകാതെ നാല് റണ്‍സ് എന്ന നിലയിലാണ്. ആകെ ലീഡ് 46 റണ്‍സാണ്.
നാല് ദിവസത്തെ കളി ബാക്കി നില്‍ക്കെ നാലാം ടെസ്റ്റിലും ഫലം ഉറപ്പായി. ആദ്യ മൂന്ന് ടെസ്റ്റുകള്‍ വിജയിച്ച ഓസ്‌ട്രേലിയ ഇതിനോടകം ആഷസ് ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലീഷ് പേസര്‍ ജോഷ് ടംഗ് ആണ് എറിഞ്ഞിട്ടത്. ഗസ് റ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ കാഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം കിട്ടി. മൈക്കിള്‍ നീസര്‍ (35) ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ വെറും 29.5 ഓവറുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായത്. 41 റണ്‍സെടുത്ത ഉപനായകന്‍ ഹാരി ബ്രൂക്, 28 റണ്‍സ് എടുത്ത ഗസ് അറ്റ്കിന്‍സണ്‍ എന്നിവരൊഴികെ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്റ്റോക്‌സ് മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ഏക ബാറ്റര്‍. ഓസീസിനായി മൈക്കിള്‍ നീസര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്‌കോട് ബോളന്‍ഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി. കാമറൂണ്‍ ഗ്രീനിന് ഒരു വിക്കറ്റ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |