ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വി.ഐ.പി അസംബ്ളി മണ്ഡലങ്ങളിലൊന്നായിരിക്കും വട്ടിയൂർക്കാവ്. കേരള നിയമസഭ, തലസ്ഥാനത്ത് പ്രധാന സാംസ്കാരിക പരിപാടികൾ നടക്കുന്ന കനകക്കുന്ന്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം,ശാസ്ത്രസാങ്കേതിക മ്യൂസിയം,കെ.ടി.ഡി.സിയുടെ മസ്കറ്റ് ഹോട്ടൽ എന്നിവയെല്ലാം ഈ മണ്ഡലത്തിലാണ്. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ. താത്കാലികമായിട്ടാണെങ്കിലും ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനവും ഇപ്പോൾ മണ്ഡലപരിധിയിലാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം കേരളരാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ ദിശ നിർണയിക്കുന്നതാവും എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന സവിശേഷത.
ഇക്കുറി വട്ടിയൂർക്കാവിന് കൂടുതൽ മാദ്ധ്യമശ്രദ്ധ കിട്ടാൻ പ്രധാന കാരണമായത് ബി.ജെ.പി സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്രി തുടക്കത്തിലുണ്ടായ പ്രതീക്ഷയും പിന്നീട് സംഭവിച്ച മാറിമറിയലുമാണ്. പ്രതീക്ഷിച്ച പോലയല്ല സ്ഥാനാർത്ഥി നിർണയം നടന്നതെന്ന് ബി.ജെ.പിയിലെ ചില നേതാക്കളും സമ്മതിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കോൺഗ്രസ് - സി.പി.എം സ്ഥാനാർത്ഥികൾ തമ്മിലാണ് മുഖ്യപോരാട്ടം നടന്നതെങ്കിൽ, 2016-ൽ യു.ഡി.എഫും ബി.ജെ.പി മുന്നണിയും തമ്മിലുള്ള നേർപോരായി മാറി. എൽ.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാൽ ഇക്കുറി ചിലതൊക്കെ ഉറച്ചാണ് സി.പി.എം ഇറങ്ങുന്നതെന്ന് സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ വ്യക്തം. തിരുവനന്തപുരം കോർപറേഷൻ മേയറെന്ന നിലയിൽ ജനങ്ങളുടെ വലിയ അംഗീകാരം നേടിയ വി.കെ.പ്രശാന്താണ് എൽ.ഡി.എഫിന്റെ തുറുപ്പ് ചീട്ട്. മുമ്പൊരിക്കൽ ഇപ്പോഴത്തെ വട്ടിയൂർക്കാവ് ഉൾപ്പെട്ട തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുള്ള കെ.മോഹൻകുമാറിനെ രംഗത്തിറക്കി യു.ഡി.എഫും മത്സരം കടുപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷിനെ ഇറക്കിയാണ് ബി.ജെ.പിയും കളംമുറുക്കുന്നത്.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു മുറുമുറുപ്പിനും അവസരം നൽകിയില്ലെന്നത് ഇടതുപക്ഷത്തിന് ആദ്യ മുൻതൂക്കം നൽകി. ഒരാളുടെ പേർ നേതൃത്വം പറയുകയും അപശബ്ദങ്ങളുയർന്നപ്പോൾ സുല്ലിട്ട് മറ്റൊരാളിലേക്ക് എത്തുകയും ചെയ്യേണ്ടി വന്നത് യു.ഡി.എഫിന് തുടക്കത്തിൽ നേരിയ പനിക്കോളുണ്ടാക്കി. പാലാ തിരഞ്ഞെടുപ്പിൽ കേൾക്കേണ്ടി വന്ന ചെറിയ പേരുദോഷത്തിന് പിന്നാലെ, സ്ഥാനാർത്ഥിക്കാര്യത്തിൽ വന്ന മാറിമറിയൽ എതിരാളിയുടെ കൈയിൽ വെറുതെ വടികൊടുക്കുന്ന അവസ്ഥയിൽ ബി.ജെ.പിയെ എത്തിച്ചു. എങ്കിലും സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായ ശേഷമുള്ള പ്രചാരണ കൂട്ടയോട്ടത്തിൽ മൂന്ന് മുന്നണികളും ഇപ്പോൾ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്.
മണ്ഡലത്തിന്റെ സ്വഭാവം
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുടെ 13,15 മുതൽ 25 വരെയും 31 മുതൽ 36 വരെയുമുള്ള വാർഡുകളും അടങ്ങിയതാണ് വട്ടിയൂർക്കാവ് മണ്ഡലം. മണ്ഡല പുനഃസംഘടനയ്ക്ക് മുമ്പ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു. അതിർവരമ്പ് മാറിയെങ്കിലും മണ്ഡലത്തിന്റെ അടിസ്ഥാന സ്വഭാവം ആകെ മാറിയെന്ന് പറയാനാവില്ല.. കോൺഗ്രസിലെ ജി.കാർത്തികേയനും കെ.മോഹൻകുമാറും ഇവിടെ ജയിച്ചിട്ടുണ്ട്. സി.പി.എമ്മിലെ എം.വിജയകുമാർ നാലുതവണ ( തുടർച്ചയായ മൂന്ന് വിജയങ്ങൾ ഉൾപ്പെടെ ) ജയിച്ചിട്ടുണ്ട്. പക്ഷേ വട്ടിയൂർക്കാവ് എന്ന പേരിൽ പുതിയ മണ്ഡലമായ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ( 2011, 2016) ജയിച്ചത് കെ.മുരളീധരനാണ്. 2011-ൽ 16,167 വോട്ടുകളുടെ വ്യത്യാസത്തിലാണ് മുരളീധരൻ ഇടതുപക്ഷ സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പിനെ തോല്പിച്ചത്. അന്ന് മൂന്നാംസ്ഥാനത്തെത്തിയ ബി.ജെ.പി യുടെ വി.വി.രാജേഷിന് 13,494 വോട്ടുകളാണ് കിട്ടിയത്. 2016-ൽ മുരളീധരന്റെ ഭൂരിപക്ഷം 7,622 വോട്ടുകളായി കുറഞ്ഞു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ ബി.ജെ.പി വൻ മുന്നേറ്റം നടത്തി. 43,700 വോട്ടുകൾ നേടി കുമ്മനം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സി.പി.എമ്മിന്റെ ടി.എൻ.സീമ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പക്ഷേ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ യു.ഡി.എഫിന്റെ ശശിതരൂരും രണ്ടാമതെത്തിയ കുമ്മനവും തമ്മിലുള്ള വ്യത്യാസം 2836 വോട്ടുകൾ മാത്രമായി.
ഭൂരിപക്ഷം തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിന് പുറത്തു നിന്നുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യാനാണ് ഇവിടുത്തെ സമ്മതിദായകർക്ക് യോഗം.
ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് ഏറെ വ്യക്തിബന്ധമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അവരുടെ ആത്മവിശ്വാസത്തിന്റെ ആണിക്കല്ലും അതുതന്നെ. സജീവമായി പ്രവർത്തിക്കാനുള്ള അണികളും കുറവല്ല. വ്യക്തിപരമായി എന്തെങ്കിലും ആക്ഷേപങ്ങൾക്ക് വിധേയനായിട്ടില്ലെന്നത് പ്ളസ് പോയിന്റ്. മേയറെന്ന നിലയിലുള്ള പ്രവർത്തന മികവും സൗമ്യമായ പെരുമാറ്രവുമാണ് ഇടതുസ്ഥാനാർത്ഥി വി.കെ.പ്രശാന്തിന്റെ മുഖമുദ്ര. പ്രളയകാലത്ത് അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2016-ലെ മൂന്നാം സ്ഥാനത്തിന്റെ നാണക്കേട് മാറ്രേണ്ടതും ഇടതുപക്ഷത്തിന് അനിവാര്യം. രണ്ട് മുന്നണികളും തമ്മിലുള്ള പോര് എത്രത്തോളം കടുത്തതാവുമെന്ന് ഇതിൽ നിന്ന് ഊഹിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി യു.ഡി.എഫിനെ വിറപ്പിച്ച ബി.ജെ.പി ഇക്കുറിയും അതിന്റെ തുടർച്ചയായി തന്നെ മത്സരത്തെ കാണും എന്ന് സ്വാഭാവികമായും സാധാരണപാർട്ടി പ്രവർത്തകരും നേതാക്കളും ധരിച്ചു. പക്ഷേ ആ ധാരണ തെറ്റിയതാണ് ബി.ജെ.പി ക്ക് തുടക്കത്തിലുണ്ടായ ക്ഷീണം. പ്രവർത്തകർക്ക് പ്രിയങ്കരൻ തന്നെയാണ് ജില്ലാ പ്രസിഡന്റു കൂടിയായ സ്ഥാനാർത്ഥി എസ്.സുരേഷ്. ആർ.എസ്.എസിനും ബി.ജെ.പിക്കും നല്ല വളക്കൂറുള്ള മണ്ണുമാണ്. എങ്കിലും കഴിഞ്ഞ തവണ കുത്തനെ വോട്ടു കൂടിയതിന് പിന്നിൽ കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും ഒരു ഘടകമായെന്ന് പറയാതെ വയ്യ. ഏതായാലും ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലേത്. പ്രചാരണരംഗം തിളച്ചുപൊങ്ങുന്നതും ഇക്കാരണത്താൽ തന്നെ.
ലോക് സഭ 2019
ശശിതരൂർ (യു.ഡി.എഫ്)....53,545
കുമ്മനം രാജശേഖരൻ (എൻ.ഡി.എ)...50,709
സി.ദിവാകരൻ (എൽ.ഡി.എഫ് ).... 29,414
തരൂരിന് കിട്ടിയ ഭൂരിപക്ഷം.... 2836
നിയമസഭ 2016
കെ.മുരളീധരൻ (യു.ഡി.എഫ്)....51,322
കുമ്മനം രാജശേഖരൻ (ബി.ജെ.പി).... 43,700
ടി.എൻ.സീമ (സി.പി.എം).......40,441
മുരളീധരന് കിട്ടിയ ഭൂരിപക്ഷം...7,622
2019 നിയമസഭാ
ഉപതിരഞ്ഞെടുപ്പ്
ആകെ വോട്ടർമാർ.............. 1,95,601
സ്ത്രീകൾ...............................1,02,252
പുരുഷന്മാർ............................. 93,347
ഭിന്നലിംഗക്കാർ.................... 2
സർവീസ് വോട്ടുകൾ........ 375
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |