
പുതിയ ചരിത്രം രചിച്ചും വൻദൗത്യങ്ങളിലേക്ക് ചുവടുവച്ചുമാണ് ഐ.എസ്.ആർ.ഒ 2025 പൂർത്തിയാക്കിയത്. ഗഗൻയാന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് തുടക്കമിടുന്ന വർഷമാണ് 2026. ബഹിരാകാശ വൻകിട ദൗത്യങ്ങൾക്ക് ഇന്ത്യൻ സ്വകാര്യമേഖല കടന്നെത്തുന്ന വർഷമെന്ന പ്രത്യേകതയും പുതുവർഷത്തിനുണ്ട്.
ഡിസംബറിൽ 6,500കിലോഗ്രാം ഭാരമുള്ള അമേരിക്കൻ ഉപഗ്രഹമായ ബ്ളൂബേർഡ് ബ്ളോക്ക് 2 വിജയകരമായി വിക്ഷേപിച്ചതോടെ ഐ.എസ്.ആർ.ഒ വമ്പൻ ബഹിരാകാശ ഗവേഷണ സ്ഥാപനമെന്ന നിലയിൽ സ്വയം നിലയുറപ്പിച്ചു. മൊബൈൽ ഫോണുകളിലേക്ക് ടവറുകളോ കേബിളുകളോ ഇല്ലാതെ ഇന്റർനെറ്റ് എത്തിക്കാനുതകുന്ന വാർത്താവിനിമയ ഉപഗ്രഹമാണ് അമേരിക്കയിലെ എ.എസ്.ടി സ്പേസ് നിർമ്മിച്ച് ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 03 റോക്കറ്റുപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ബ്ളൂബേർഡ്. ഡിസംബർ 24നായിരുന്നു വിക്ഷേപണം. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹവും ഇതായിരുന്നു.
ബഹിരാകാശത്തുവച്ച് രണ്ടു ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ചും വേർപെടുത്തിയും വീണ്ടും സംയോജിപ്പിച്ചുമുള്ള സ്പെയ്ഡക്സ് പരീക്ഷണ ദൗത്യം ജനുവരിയിൽ വിജയകരമായി പൂർത്തിയാക്കിയാണ് ഈ വർഷത്തിന് ഐ.എസ്.ആർ.ഒ തുടക്കമിട്ടത്. ഇതോടെ ഇന്ത്യ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമായുള്ള ലോകരാജ്യങ്ങളുടെ പട്ടികയിലെത്തി. ബ്ളൂബേർഡ് വിക്ഷേപണത്തോടെ അതീവഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്വന്തം മണ്ണിൽ നിന്ന് വിക്ഷേപിക്കാൻ ശേഷിയുള്ള രാജ്യമായും ഇന്ത്യ മാറി.
സുപ്രധാനം നിസാർ
ജൂലായിൽ ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹവിക്ഷേപണമാണ് ഈവർഷം നടന്ന സുപ്രധാനമായ മറ്റൊരുനേട്ടം. മേയിൽ പി.എസ്.എൽ.വിയിൽ ഇ.ഒ.എസ് 09 ഉപഗ്രഹവും നവംബറിൽ 4,400കിലോഗ്രാം ഭാരമേറിയ സി.എം.എസ് 03 വാർത്താവിനിമയ ഉപഗ്രഹവും വിക്ഷേപിച്ചു.
ഗഗൻയാൻ വർഷം
2025 ഗഗൻയാൻ വർഷമായാണ് ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചതെങ്കിലും ആളില്ലാ ഗഗൻയാൻ പേടകത്തിന്റെ വിക്ഷേപണം പൂർത്തിയാക്കാൻ ഈവർഷം സാധിച്ചില്ല. എന്നിരുന്നാലും ഗഗൻയാന്റെ പല നിർണ്ണായക പരീക്ഷണങ്ങളും പൂർത്തിയാക്കി ഗഗൻയാന് സുസജ്ജമായ വർഷമായിരുന്നു ഇത്. പ്രധാനമായും പേടകം തിരിച്ച് ഭൂമിയിൽ എത്തിക്കുന്നതിനുള്ള പാരച്യൂട്ടുകളുടെ ആവർത്തിച്ചുള്ള പരീക്ഷണങ്ങൾ വിജയകരമായി നടത്തി. അടുത്തവർഷം ഗഗൻയാന്റെ രണ്ടു ആളില്ലാ വിക്ഷേപണങ്ങളാണ് നടത്തുക. വ്യോമമിത്ര എന്ന റോബോർട്ട് സഞ്ചരിക്കുന്ന ഈ ബഹിരാകാശ പേടകങ്ങൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിച്ചായിരിക്കും ഐ.എസ്.ആർ.ഒ പുതുവർഷത്തിൽ വിസ്മയം തീർക്കുക.
വരാനിരിക്കുന്നത്
നിർണ്ണായക ദൗത്യങ്ങൾ
ഗഗൻയാൻ ഉൾപ്പെടെ 7 നിർണ്ണായക ദൗത്യങ്ങളാണ് 2026ൽ നടത്തുന്നത്. കൂടാതെ ഷില്ലോംഗിൽ ഇന്ത്യൻ സ്‌പേസ് സയൻസ് സിംപോസിയം 2026ഉം ബഹിരാകാശ റോബോട്ട് രംഗത്ത് യുവതലമുറയെ പ്രോത്സാഹിപ്പിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ റോബോട്ടിക്സ് ചലഞ്ച് പരിപാടിയും 2026ൽ നടക്കും. എച്ച്.എ.എല്ലും എൽ.ആൻഡ് ടിയും ചേർന്ന് സ്വകാര്യമേഖലയിൽ ആദ്യമായി നിർമ്മിക്കുന്ന പി.എസ്.എൽ.വി ഉപയോഗിച്ച് ഓഷൻസാറ്റ് 3എ ഉപഗ്രഹ വിക്ഷേപണം, അമേരിക്കയുടെ എ.എസ്.ടി സ്പേസിന്റെ കൂറ്റൻ ഉപഗ്രഹ വിക്ഷേപണം, ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 01, ഗതിനിർണ്ണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്, ഇന്ത്യയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റെ ഉപഗ്രഹ വിക്ഷേപണം, ഐ.എസ്.ആർ.ഒയുടെ പുതിയ കണ്ടെത്തലായ ഇലക്ട്രിക് പ്രൊപ്പൽഷൻ പരീക്ഷണ വിക്ഷേപണം, ചെറിയ ഉപഗ്രഹവിക്ഷേപണ റോക്കറ്റായ എസ്.എസ്.എൽ.വിയെ സ്ഥിരം റോക്കറ്റായി അംഗീകരിക്കപ്പെടുന്നതിന് മുമ്പത്തെ അവസാനപരീക്ഷണ വിക്ഷേപണം എന്നിവയും 2026ൽ നടത്തും.
പരാജയങ്ങളും
വിജയങ്ങൾക്കിടയിൽ ഐ.എസ്.ആർ.ഒയുടെ രണ്ടുദൗത്യങ്ങൾ എൻ.വി.എസ് 02, ഇ.ഒ.എസ് 09എന്നിവ പൂർണ്ണമായും വിജയിക്കാതെ പോയത് 2025ൽ ക്ഷീണമായി. ഇത് ദൗത്യങ്ങളിൽ കൂടുതൽ കരുതലെടുക്കാനും അതുമൂലം വിക്ഷേപണങ്ങളുടെ എണ്ണം കുറയാനും ഇടയാക്കി. ആഗോള തലത്തിലും നിരവധി ബഹിരാകാശ ദൗത്യങ്ങൾക്ക് തിരിച്ചടികൾ നേരിട്ട വർഷമായിരുന്നു 2025. ചൈനയുടെ ഷെൻഷോ20 റിട്ടേൺ സ്പേസ് കാപ്സ്യൂൾ ബഹിരാകാശ അവശിഷ്ടങ്ങളിൽ കുടുങ്ങി തകർന്നതും മൂന്ന് ടൈക്കോനോട്ടുകൾ കുടുങ്ങിപ്പോയതും നവംബർ 27ന് നടന്ന ഏറ്റവും പുതിയ വിക്ഷേപണത്തിനിടെ മനുഷ്യരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ കഴിവുള്ള റഷ്യയുടെ ഏക വിക്ഷേപണ പാഡിന് കേടുപാടുകൾ സംഭവിച്ചതും ലോകത്തെ ശ്രദ്ധിക്കപ്പെട്ട പരാജയങ്ങളായി. സ്‌പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോഗ്രാമും ഈവർഷം ആവർത്തിച്ചുള്ള പരാജയങ്ങൾ നേരിട്ടു. ഇലോൺ മസ്‌ക്കിന്റെ കമ്പനി ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും ആവർത്തിച്ചുള്ള തിരിച്ചടികൾ അതിന്റെ തുടർദൗത്യങ്ങൾക്ക് പ്രതിസന്ധി തീർത്തവർഷമായിരുന്നു 2025.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |