
വീട് എന്ന സങ്കൽപ്പത്തിനെ മാറ്റിയെഴുതുന്ന 'റൂഹ്',
സമൂഹത്തിന്റെ നന്മയ്‌ക്കായി ഓരോ വ്യക്തിയുടെയും ബാല്യം സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. സുരക്ഷിതത്വം എന്നത് ശാരീരികം മാത്രമല്ല അത് മാനസികവും ബൗദ്ധികവുമാണ്. സ്വന്തം കുടുംബത്തിനുള്ളിൽ ജീവിക്കാൻ കഴിയാത്ത കുട്ടികൾക്ക് അത്തരത്തിലൊരു സുരക്ഷിതത്വം ഒരുക്കുകയാണ് റൂഹ് ( റൈസ് അപ്പ് ഹോം) എന്ന വീട്.
കേരളത്തിൽ ഗ്രൂപ് ഫോസ്റ്റർ കെയർ മോഡലുകൾ നേരത്തെ ഉണ്ടെങ്കിലും സ്ഥാപനത്തിന്റെ ചട്ടക്കൂടിൽ നിന്ന് പൂർണമായും മാറി ഒരു വീടിന്റെ അന്തരീക്ഷത്തിൽ കുട്ടികൾക്ക് സംരക്ഷണം ഒരുക്കുന്നത് ഇതാദ്യമാണ്. ശിശുസംരക്ഷണ മേഖലയിൽ ഒരു കേരളാ മോഡൽ തന്നെയാണ് റൂഹ്. ദുരന്തങ്ങളിൽപ്പെട്ട് കുടുംബം ശിഥിലമായി പോവുകയോ, സ്വന്തം വീട്ടിൽ സുരക്ഷിതമായൊരു സാഹചര്യം നഷ്‌ടപ്പെടുകയോ ചെയ്‌തവരാണ് റൂഹിലെ മക്കൾ.
തുടക്കത്തിൽ യുവത്വത്തിന്റെ ആരംഭ ശൂരത്വം എന്ന് ചിലരെങ്കിലും സംശയത്തോടെ നിരീക്ഷിച്ച ഒരാശയം ഇന്ന് രണ്ട് ജില്ലകളിലായി 13 മക്കളുടെ വീടായി മാറിയിരിക്കുകയാണ്. കേരളത്തിൽ തന്നെ ഇത്തരം ഒരു വീട് ആദ്യമാണ്. ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ വളരുന്ന കുട്ടികൾക്ക് സ്ഥാപനത്തിന്റേതിൽ നിന്നും മാറി ഒരു വീടിന്റെ അന്തരീക്ഷം ഒരുക്കുകയാണ് റൂഹ്. അച്ഛൻ, അമ്മ, മക്കൾ എന്നിങ്ങനെയുള്ള ബന്ധങ്ങൾക്കപ്പുറം സ്നേഹവും സാഹോദര്യവുമാണ് വീടെന്ന ആശയത്തിന്റെ അടിസ്ഥാന തത്വം എന്ന് റൂഹ് അവിടുത്തെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. ആ തിരിച്ചറിവ് സമൂഹത്തിലേക്കും പകർന്ന് നൽകാൻ അവർ പരിശ്രമിക്കുന്നു.

രണ്ട് വീടുകളിലായി വളരുന്നത് 13 മക്കൾ
മലപ്പുറത്ത് കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപമാണ് റൂഹിന്റെ ആദ്യത്തെ തറക്കല്ല് വീണത്. പിന്നീട് അതൊരു വീടായി രൂപം കൊണ്ടു. ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് 7 കുട്ടികൾ അവിടേയ്ക്കെത്തി. പിന്നീട് കോഴിക്കോട് ജില്ലയിലും റൂഹ് ഒരുങ്ങി. അവിടെ ആറ് കുട്ടികളാണുള്ളത്. റൂഹിന്റെ രണ്ട് വീടുകളിലായി പതിമൂന്ന് മക്കളാണ് വളരുന്നത്.
റൂഹിലെ മുതിർന്നവർ 24 മണിക്കൂറും വീട്ടിനുള്ളിൽ ഉണ്ടാകും. കുട്ടികൾക്ക് എന്ത് ആവശ്യത്തിനും അവരെ സമീപിക്കാൻ ആകും. സ്കൂൾ വിട്ടു വരുമ്പോൾ അവരുടെ വിശേഷങ്ങൾ കേൾക്കാനും വൈകുന്നേരങ്ങളിൽ പുറത്തുപോയി സമയം ചെലവഴിക്കാനും അവർ കുട്ടികൾക്കൊപ്പം കൂടും. പുതിയ പാഠങ്ങൾ ഓരോന്നായി പഠിക്കാനും തെറ്റായി പഠിച്ച പാഠങ്ങളെ തിരുത്തി പഠിക്കാനും മക്കൾക്ക് വഴിയൊരുക്കുകയാണ് റൂഹിലെ മുതിർന്നവർ. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ഭൗതികവും ആയിട്ടുള്ള പുരോഗമനത്തിന് വേണ്ടി റൂഹിലെ ഓരോ അംഗവും പ്രവർത്തിക്കുന്നു. അവരെ പഠനകാര്യങ്ങളിൽ സഹായിക്കുന്നു. ഓരോ കുട്ടിയുടെയും താല്പര്യത്തിനനുസരിച്ച് അവർക്ക് ഇഷ്ടമുള്ള മേഖലയിൽ പരിശീലനം നൽകുന്നു. റൂഹ് ഒരുക്കുന്ന സുരക്ഷിതത്വം അങ്ങനെ ഏറെയാണ്.
റൂഹിന്റെ തുടക്കം
കേരളത്തെ ആകെ പിടിച്ചു കുലുക്കിയ പ്രളയ സമയത്ത് ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ പിന്നീട് 'റൈസ് അപ്പ് ഫോറം' എന്ന പേരിൽ ഒരു എൻജിഒ സ്ഥാപനമായിമാറി. അങ്ങനെ ആ കൂട്ടായ്‌മയ്‌ക്ക് ഒരു സംഘടനാ ശക്തി കൈവന്നു. വിവിധ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചും കൃത്യമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലും വോളന്റിയർമാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. കേരളത്തിനകത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല റൈസ് അപ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ. കേരളത്തിലേക്ക് പുറത്തും ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, പൊതു വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങി രാജ്യമൊട്ടാകെ ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഈ ഘട്ടത്തിലാണ് ഇത്തരം പ്രശ്‌നങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടികൾക്ക് മികച്ച ബാല്യം നൽകുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവയ്‌പ്പായാണ് 2022 ൽ റൈസ് അപ് ഫോറത്തിനോട് ഇഴുകി ചേർന്നുള്ള റൂഹിന്റെ യാത്ര ആരംഭിച്ചത്.
'ദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെ ആണെന്നുള്ള തിരിച്ചറിവാണ് ഇത്തരമൊരു വീട് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്. ലോകത്തെ ഇന്നുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി അവർക്ക് കാണേണ്ടി വരും. ഇന്നലെ വരെ ഒപ്പം ഉണ്ടായിരുന്നവർ ഇല്ലാതാകുമ്പോൾ അത് അവരുടെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ബാധിക്കും. അവർക്ക് വേണ്ടി ഒരു വീട് ഒരുക്കണമെന്ന ചിന്തയാണ് ഫോസ്റ്റർ കെയർ എന്ന ആശയത്തിലെത്തിച്ചത്. അവിടെയും ഒരു വീടിന്റെ അന്തരീക്ഷത്തിൽ തന്നെ കുട്ടികളെ വളർത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. തുടർന്ന് നിരവധി ചർച്ചകൾക്കൊടുവിലാണ് റൂഹിന് ഒരു രൂപം നൽകാൻ തീരുമാനിച്ചത്.'- റൈസ് അപ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് മെമ്പർമാരിൽ ഒരാളായ പുണ്യ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |