
കണ്ണൂർ: കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിപ്പോയ മദ്ധ്യവയസ്‌കനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമ്പായത്തോട് സ്വദേശി രാജേന്ദ്രനു (50) വേണ്ടിയാണ് തിരച്ചിൽ നടത്തിയത്. സ്വയം മുറിവേൽപ്പിച്ച ശേഷം ഇയാൾ വനത്തിനുള്ളിലെ തേക്കിൻ തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പരിശോധനയ്‌ക്കായി ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് സംഭവം. അമ്പായത്തോട്ടിലെ ഭാര്യവീട്ടിൽ നിന്നാണ് രാജേന്ദ്രൻ കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം വനത്തിലേക്ക് ഓടിമറഞ്ഞത്. വനത്തിനുള്ളിലെ തോട്ടിൽ നിന്ന് ഇയാളുടെ രക്തക്കറ പുരണ്ട ഷർട്ട് കണ്ടെത്തി. വെളിച്ചക്കുറവ് തിരച്ചിലിന് പ്രതിസന്ധിയായി. വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലയായതിനാലാണ് രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചത്.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി പ്രമോദ് കുമാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്. സജീവ്കുമാർ, ബിഎഫ്ഒ വി.സി. പ്രജീഷ് കുമാർ, കേളകം പൊലീസ് സബ് ഇൻസ്‌പെക്‌ടർ വർഗീസ് തോമസ്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം തുടങ്ങിയവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |