
ആലപ്പുഴ: തെരുവുനായ ശല്യത്തിന് പരിഹാരമായി ഷെൽട്ടർ ഹോമുകൾ നിർമ്മിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിൽ, ജില്ല തോറും റവന്യൂ ഭൂമി കണ്ടെത്താൻ നിർദ്ദേശിച്ച് സർക്കാർ.
പുറമ്പോക്ക് ഉൾപ്പടെയുള്ള സർക്കാർ ഭൂമി കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്.
ചതുപ്പുകളും തരിശുഭൂമിയും വനഭൂമിയോട് ചേർന്നുള്ളപുറമ്പോക്കുമാണ് പരിഗണനയിലുള്ളത്. 100 മുതൽ 1000 നായ്ക്കളെ വരെ പാർപ്പിക്കാവുന്ന ഷെൽട്ടറുകൾ ഒരുക്കും. അലഞ്ഞുതിരിയുന്നതും പ്രശ്നക്കാരുമായ നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതോടെ പേവിഷബാധയും അക്രമസംഭവങ്ങളും അപകടങ്ങളും കുറയ്ക്കാനാകും.
പരിപാലനം തദ്ദേശ സ്ഥാപനങ്ങൾക്ക്
# നായ്ക്കളെ പാർപ്പിക്കുന്നതിനും പരിചരിക്കുന്നതിനും സുപ്രീം കോടതിയുടെയും ആനിമൽ വെൽഫയർ ബോർഡിന്റെയും മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ സജ്ജമാക്കണം.
# ഷെൽട്ടറുകൾക്കായി സർക്കാർ ഭൂമി ലഭ്യമാക്കുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യത ഒഴിവാകും.
# നായ്ക്കളെ പാർപ്പിക്കാനുള്ള സ്ഥലത്തിന്റെ വശങ്ങളും മേൽക്കൂരയും തദ്ദേശ സ്ഥാപനങ്ങൾ ബന്തവസ് ചെയ്യണം. അടുക്കള, ഭക്ഷണം തയ്യാറാക്കാനും നായ്ക്കളെ പിടികൂടാനും പരിചരിക്കാനുമുള്ള ജീവനക്കാർ,വാഹന സൗകര്യം തുടങ്ങിയവയും ഒരുക്കണം
# മൃഗ സംരക്ഷണ വകുപ്പ് ഡോക്ടർമാരുടെ സഹായവും പ്രതിരോധ വാക്സിനുകളും മറ്റും ലഭ്യമാക്കണം. ഷെൽട്ടർ നടത്തിപ്പിനായി മൃഗ സ്നേഹികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവും തേടാം.
വിസ്തൃതിയും നായ്ക്കളും
10 സെന്റ്............100
30-35 സെന്റ്.......500
50 സെന്റ്............1000
...................................
തെരുവ് നായ്ക്കൾ
2019-20............7 ലക്ഷം
2025.................9 ലക്ഷം
ഷെൽട്ടറുകൾ പ്രവർത്തനക്ഷമമാകുന്നതോടെ പേവിഷ ബാധയും നായ്ക്കളുടെ അലഞ്ഞുതിരിയലും ഒഴിവാക്കാനും ജനനനിയന്ത്രണമുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനും കഴിയും
- ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറേറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |