
തിരുവനന്തപുരം: സർവീസിലുള്ള സ്കൂൾ അദ്ധ്യാപകരിൽ കെ-ടെറ്റ് യോഗ്യത നേടാത്തവർക്കായി സംസ്ഥാനത്ത് പ്രത്യേക പരീക്ഷ ഫെബ്രുവരിയിൽ നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അദ്ധ്യാപകരുടെ ജോലി സംരക്ഷിക്കുന്നതിനാണിത്. 65,000ത്തോളം അദ്ധ്യാപകരാണ് പരീക്ഷ എഴുതേണ്ടത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള അദ്ധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് മുൻകാലപ്രാബല്യം നൽകിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തെ മുഴുവൻ അദ്ധ്യാപകരും 2027 സെപ്റ്റംബർ ഒന്നിന് മുമ്പ് കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. അഞ്ചു വർഷത്തിലധികം സർവീസുള്ളവർക്കും ഇത് ബാധകമാണ്. നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവർ നിർബന്ധിത വിരമിക്കൽ നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക പരീക്ഷ നടത്തുന്നത്.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിച്ചവർക്കും കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ 2017ൽ നിയമഭേദഗതി വരുത്തിയിരുന്നു. എന്നാൽ, 2011ൽ കേരളത്തിൽ നടപ്പാക്കിയപ്പോൾ 2012 മുതലുള്ളവർക്ക് മാത്രമാണ് നിർബന്ധമാക്കിയത്. അതിനാൽ, 2012ന് മുമ്പ് നിയമനം ലഭിച്ചവരിൽ ഭൂരിഭാഗം പേരും പരീക്ഷ എഴുതിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |