
മുംബയ്: 2025ൽ ദക്ഷിണാഫ്രിക്കൻ വനിതകളെ മുട്ടുകുത്തിച്ച് ഇന്ത്യൻ വനിതകൾ ആദ്യമായി ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ രാജ്യം മുഴുവൻ ആവേശത്തിലായിരുന്നു. കിരീടനേട്ടത്തിന് പിന്നാലെ സ്റ്റേജിൽ ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ ചുവടുവച്ച തകർപ്പൻ നൃത്തവും അന്ന് വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ ആ നൃത്തത്തിന് പിന്നിൽ ടീമിനുള്ളിൽ നടന്ന രസകരമായ ഭീഷണിയുടെ കഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം ജെമീമ റോഡ്രിഗസ്. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ അതിഥികളായി എത്തിയപ്പോഴാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് വിജയാഘോഷങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചത്.
'ഹാരി ദീ (ഹർമൻപ്രീത്) സാധാരണ ഞങ്ങളുടെ നിർദ്ദേശങ്ങളൊന്നും കേൾക്കാറില്ല. പക്ഷേ സ്മൃതി പറഞ്ഞാൽ അതിനൊരു പ്രത്യേകതയുണ്ട്. ട്രോഫി ഉയർത്തുമ്പോൾ ഭംഗര നൃത്തം കളിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ താൻ മിണ്ടില്ലെന്നായിരുന്നു സ്മൃതിയുടെ അന്ത്യശാസനം. അതോടെ ക്യാപ്ടന് സമ്മതിക്കാതെ വയ്യെന്നായി,'- ജമീമ ചിരിച്ചുകൊണ്ട് പറഞ്ഞു.
കിരീട വിജയത്തിന് പിന്നാലെ സ്റ്റേഡിയത്തിലും ഹോട്ടലിലും നടന്ന ആഘോഷങ്ങളെക്കുറിച്ചും താരങ്ങൾ മനസ് തുറന്നു. ഫൈനൽ വിജയത്തിന് പിന്നാലെ ടീം അംഗങ്ങൾ ഉറങ്ങിയിട്ടില്ല. പുലർച്ചെ 3:30 വരെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ അണയുന്നത് വരെ ഞങ്ങൾ അവിടെത്തന്നെ ആഘോഷിച്ചു. ജീവിതത്തിലാദ്യമായി ടീം അംഗങ്ങളെല്ലാം ഒരുമിച്ച് നേരം വെളുക്കുവോളം ആഘോഷത്തിൽ പങ്കുചേർന്നു.
ടീമിലെ ഏറ്റവും വലിയ പാർട്ടി ഗേൾ ആരാണെന്ന ചോദ്യത്തിന് എല്ലാവരും വിരൽ ചൂണ്ടിയത് താരം രേണുക സിംഗിനെയായിരുന്നു. പാർട്ടി മൂഡിലായാൽ രേണുക ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കൂ എന്ന് ജെമീമ തമാശയായി കൂട്ടിച്ചേർത്തു. ക്യാപ്ടൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് തുടങ്ങിയവർ പങ്കെടുത്ത ഷോയിലെ രസകരമായ വെളിപ്പെടുത്തലുകൾ ക്രിക്കറ്റ് ആരാധകരും ഏറ്റെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |