SignIn
Kerala Kaumudi Online
Wednesday, 31 December 2025 1.00 AM IST

ഐടി മുന്നേറ്റത്തിൽ കേരളത്തിന് പിന്തുണയായി കെഫോൺ

Increase Font Size Decrease Font Size Print Page
kfon

കേരളത്തിലെ ഐടി മേഖല കഴിഞ്ഞ ഏതാനും വർഷങ്ങളായി വേഗതയേറിയ വളർച്ചയാണ് കാഴ്ച വച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ സോഫ്റ്റ്‌വെയർ സർവീസ് സ്ഥാപനങ്ങൾ വരെ സംസ്ഥാനത്ത് സജീവമായ പ്രവർത്തനം നടത്തുന്നതോടെ, ഡിജിറ്റൽ സേവനങ്ങൾ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ-ഇൻറ്റൻസീവ് പ്രോജക്ടുകൾ എന്നിവക്ക് അവസരങ്ങൾ വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഐടി രംഗത്ത് മുൻനിരയിൽ എത്തിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളും നയ പിന്തുണയും കേരള സർക്കാരിന്റെ സംരംഭങ്ങൾ വഴി ഉറപ്പാക്കുന്നുണ്ട്. അതിവേഗ ഡിജിറ്റൽ കണക്റ്റിവിറ്റിയും ആധുനിക സാങ്കേതിക വിദ്യകളുടെ വിനിയോഗവും സംസ്ഥാനത്തെ ഐടി ഇക്കോസിസ്റ്റത്തിന്റെ സ്ഥിരതയും കാര്യക്ഷമതയും ശക്തമാക്കുന്നുണ്ട്. വിവിധ മേഖലകളിൽ ഇന്ത്യയുടേയും വിദേശ കമ്പനികളുടേയും നിക്ഷേപ സാധ്യതകൾ വർധിക്കുന്നതും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും കേരളത്തിന്റെ ഐടി രംഗത്തെ സമഗ്ര വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

കോവിഡ് മഹാമാരി കേരളത്തെ ഒന്നടങ്കം വീടുകൾക്കുള്ളിൽ തളച്ചിട്ടപ്പോൾ സാങ്കേതിക സംവിധാനങ്ങൾ എത്രത്തോളം സഹായകമായെന്ന് നാമോരുരത്തരും അനുഭവിച്ചറിഞ്ഞതാണ്. വിദ്യാഭ്യാസം, ചികിത്സ, ഭരണസംവിധാനം, ജോലി, സാമൂഹിക സേവനങ്ങൾ അങ്ങനെ എല്ലാം തന്നെ ഒരു നിമിഷംകൊണ്ട് ഡിജിറ്റൽ ലോകത്തേക്ക് മാറി. അതോടെ ഇന്റർനെറ്റ് എന്നത് വെറുമൊരു സൗകര്യമെന്നതിലുപരി നിത്യജീവിതത്തിലെ അനിവാര്യ ഘടകമായി മാറി. ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യമില്ലാതെ സമൂഹത്തിന് മുന്നോട്ട് പോകാനാകില്ല എന്ന വലിയൊരു പാഠം കോവിഡ് കാലഘട്ടം നമ്മെ പഠിപ്പിച്ചു.

1990 കാലഘട്ടത്തിൽ ടെക്നോപാർക്ക് സ്ഥാപിതമായതോടെയാണ് ഐടി ഒരു വ്യവസായമായി തുടക്കം കുറിയ്ക്കുന്നത്. പിന്നീട് സംസ്ഥാനത്ത് ഐ ടി വകുപ്പ് രൂപീകൃതമായതോടെ ഇൻഫർമേഷൻ കേരള മിഷൻ പ്രവർത്തനമാരംഭിച്ചു. രണ്ടായിരം കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസമേഖലയിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ പ്രാബല്യത്തിൽ കൊണ്ടു വന്നു. വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളും സാധ്യതകളും സാധാരണക്കാരിലേക്ക് എത്തിക്കുവാനും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമായി എത്തിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചു. ഇത്തരം സമഗ്രമായ നടപടികളിലൂടെ എല്ലാവർക്കും ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്തമായി കേരളം മാറി.

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷവുമാക്കുന്നതിനു സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശ്രിംഖല സംസ്ഥാനത്താകെ സ്ഥാപിച്ച ഈ പദ്ധതി ഇന്ന് ഒന്നരലക്ഷത്തോളം ഉപഭോക്താക്കളെന്ന വൻ വിജയത്തിന്റെ പടിവാതിൽക്കലെത്തിയിരിക്കുന്നു.

കെഫോണിന്റെ വിജയത്തിന് പിന്നിൽ നിരവധി ഘടകങ്ങളാണുള്ളത്. ദീർഘവീക്ഷണം, മികച്ച നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിയിണക്കിയ ഇ-ഗവണൻസ് മോഡൽ, ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ ഇവയെല്ലാം തന്നെ കെഫോണിനെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണ്. സംസ്ഥാനമൊട്ടാകെ യാതൊരുവിധത്തിലുള്ള വേർതിരിവുമില്ലാതെ എല്ലാർക്കും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാനാണ് കെഫോണിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് പോലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതും ബിപിഎൽ കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നതും ജനങ്ങൾക്കിടയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടാൻ കെഫോണിനെ സഹായിച്ചിട്ടുണ്ട്. നഗരമെന്നോ ഗ്രാമമെന്നോ ഉള്ള വ്യത്യാസം, സമ്പന്ന–ദരിദ്ര വേർതിരിവ്, ഭൗമശാസ്ത്രപരമായ പരിമിതികൾ - ഇത്തരം എല്ലാ തടസ്സങ്ങളെയും മറികടക്കാൻ കെഫോണിന് സാധിക്കുന്നുവെന്നത് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.

10 kV ട്രാൻസ്മിഷൻ ലൈനുകളിലൂടെ നടപ്പിലാക്കിയ 2,600 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്ത് 32,000 കിലോമീറ്ററിലധികം ഫൈബർ കേബിളുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി താരതമ്യം ചെയ്താൽ, കേരളത്തിലെ ഏറ്റവും വ്യാപകവും വിശ്വാസനീയവുമായ നെറ്റ്‌വർക്കാണ് കെഫോൺ നൽകി വരുന്നത്.

സംസ്ഥാനത്തെ പൊതു സേവനങ്ങളെ കൂടുതൽ ത്വരിതപ്പെടുത്താൻ കെഫോണിന്റെ കടന്നുവരവോടെ സാദ്ധ്യമായിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഇരുപത്തിയേഴായിരത്തിലധികം സർക്കാർ ഓഫിസുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത് കെഫോണാണ്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നീ പൊതുജനസേവന സ്ഥാപനങ്ങളിലുടനീളമുള്ള കെഫോണിന്റെ സാന്നിധ്യം സേവനത്തിന്റെ ഗുണമേന്മയും വേഗതയും ഗണ്യമായി ഉയർത്തിയിട്ടുണ്ട്.

ബിൽഡിംഗ് പെർമിറ്റ്, ലൈസൻസ്, ജനന–മരണ രേഖകൾ, ട്രാഫിക് മാനേജ്മെന്റ്, മാലിന്യ സംസ്കരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്നു. ഓഫീസുകൾ തമ്മിലുള്ള ഡാറ്റ ഷെയറിംഗ്, ഓൺലൈൻ ഫയൽ മൂവ്മെന്റ്, ഇ-ഓഫീസ്, ഇ-ഗവേണൻസ് പ്രോജക്റ്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ അതിവേഗം സാധ്യമാകുന്നു. മാത്രമല്ല ജനങ്ങൾക്ക് പരാതിനൽകുവാനും, നൽകിയ അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കുവാനും ഓൺലൈനായി സാധ്യമായതോടുകൂടി പൊതു ജനങ്ങളും സർക്കാരുമായുള്ള ബന്ധം കൂടുതൽ സുതാര്യമായി. അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ വേഗത്തിൽ കൈമാറാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കിക്കൊണ്ട് ഭരണസംവിധാനങ്ങൾക്ക് വലിയ പിന്തുണയാണ് കെഫോൺ നൽകുന്നത്.

കേരളത്തിലെ പ്രധാന ടെക് പാര്‍ക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി കെഫോൺ പ്രാഥമിക ചര്‍ച്ചകളും അതോടനുബന്ധിച്ചുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമാണ് ഈ സംരംഭം ഇന്നത്തെ ഐടി ലോകത്ത് വേഗതയും സ്ഥിരതയും വെറും സൗകര്യമല്ല, മറിച്ച് അനിവാര്യതയാണ്. കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) നേതൃത്വം നൽകുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ടെക് പാര്‍ക്കുകളിലെ കമ്പനികൾക്ക് 99.5% അപ്പ് ടൈം, സ്ഥിരത, ഹൈ സ്പീഡ് എന്നിവയോടുകൂടി സുരക്ഷിതമായ ഇന്റര്നെറ് കണക്റ്റിവിറ്റി ലഭ്യമാകും. ഇതിലൂടെ ഡാറ്റാ - ഇൻറ്റൻസീവ് പ്രോസസ്സുകൾ, വീഡിയോ കോൺഫറൻസിംഗ്, മറ്റ് പ്രധാന ഡിജിറ്റൽ സേവനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ സാധ്യമാകും.

കേരളത്തിലെ ടെക് പാര്‍ക്കുകള്‍ക്ക് മികച്ച ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നത് വഴി സംസ്ഥാനത്തിന്റെ ഐ.ടി മേഖലയുടെ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകും. ടെക് പാർക്കുകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മൾട്ടിനാഷണൽ കമ്പനികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ സംവിധാനം, കേരളത്തെ രാജ്യത്തെ തന്നെ മുൻനിര ഡിജിറ്റൽ–ഐടി ഹബ്ബായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കും. മികച്ച ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യത മൂലം നിക്ഷേപ സാധ്യതകൾ വർധിക്കുകയും, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും, സംസ്ഥാനത്തിന്റെ ഐടി മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസവും കെഫോൺ അധികൃതർക്കുണ്ട്.

ഐടി മേഖലയിലെ വേഗമേറിയ മാറ്റങ്ങൾക്കും ആഗോള മത്സരങ്ങൾക്കും ഒപ്പം നീങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരു സംസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി നിർണയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഐടി മുന്നേറ്റത്തിന് കെഫോൺ നൽകുന്ന പിന്തുണ ശ്രദ്ധേയമാകുന്നത്. ടെക്‌നോപാർക്കുകൾ, ഐടി ക്യാമ്പസുകൾ, സ്റ്റാർട്ടപ്പുകൾ, സോഫ്റ്റ്‌വെയർ സേവന സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമാക്കാൻ ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി അനിവാര്യമാണ്.

കേരളത്തിലെ ഐടി രംഗത്തെ വർദ്ധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് കെഫോണിന്റെ സാങ്കേതിക മുൻകൈകളും നവീകരണങ്ങളും ശ്രദ്ധേയമാകുകയാണ്. പ്രത്യേകിച്ച് കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്ററിൽ അടുത്തിടെ സ്ഥാപിച്ച മെറ്റാ കാഷിംഗ് സംവിധാനം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്ക് ഉള്ള ആക്‌സസ് വേഗത്തിൽ സാധ്യമാക്കുന്നതിനൊപ്പം, ഉയർന്ന വീഡിയോ ക്വാളിറ്റി, സ്മൂത്ത് സ്ട്രീമിംഗ് എന്നിവ ഉറപ്പാക്കുന്നത് ഈ അപ്‌ഗ്രേഡിന്റെ മുഖ്യ നേട്ടമാണ്. ഡാറ്റാ ഉപഭോഗം ഉയരുന്ന സമയത്തും നെറ്റ്‌വർക്ക് ട്രാഫിക് കാര്യക്ഷമമായി നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു, അതോടെ ഐടി കമ്പനികൾക്കും ഡിജിറ്റൽ സേവന ഉപഭോക്താക്കൾക്കും ഉയർന്ന നിലവാരത്തിലുള്ള കണക്റ്റിവിറ്റി ലഭ്യമാകുന്നു. ഇതൊരു ടെക്നോളജിയൽ മുന്നേറ്റമാകുന്നതോടെ, കേരളത്തിലെ ഐടി മേഖല കൂടുതൽ സ്ഥിരതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കാനാവുന്ന സാഹചര്യം ഒരുക്കുന്നു.

ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയിൽ ഏകദേശം 31 ശതമാനം മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്, അതേസമയം നഗരങ്ങളിൽ ഈ കണക്ക് 67 ശതമാനം ആണ്. ഈ വലിയ അന്തരം (Digital Divide) നികത്താനായാണ് കെഫോൺ ശ്രമിക്കുന്നത്. അതിവേഗ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വിദൂര ആദിവാസി മേഖലകളിലടക്കം എത്തിക്കുന്നത് വഴി, ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ പോലുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇന്റർനെറ്റ് സേവനമെത്തിക്കാൻ കെഫോണിനു അതിവേഗം സാധിക്കുന്നു.
കോട്ടൂർ, പന്തലാടിക്കുന്ന്, അട്ടപ്പാടി തുടങ്ങി നിരവധി പ്രദേശങ്ങളിൽ കെഫോൺ കണക്ഷൻ നൽകുന്നുണ്ട്. പേര്യ-34 പോലെ മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും അതിവേഗ നടപടിയിലൂടെ കണക്ഷൻ നല്കാൻ കെഫോണിനു സാധിച്ചു. ഇന്റർനെറ്റിന്റെ അഭാവം മൂലം വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, അത്യാവശ്യ ആശയവിനിമയം തുടങ്ങിയ നിരവധി കാര്യങ്ങളിൽ ബുദ്ധിമുട്ടിയിരുന്ന ഇത്തരം പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് കെഫോൺ കണക്ഷനുകൾ ലഭ്യമായതോടെ വലിയ ആശ്വാസത്തിനിടയായി.

ഒ.ടി.ടി സേവനങ്ങൾ ആരംഭിച്ചതോടെ വിനോദ മേഖലയിൽ ശക്തമായ സ്ഥാനം ഉറപ്പിക്കാൻ കെഫോണിനു സാധിച്ചിട്ടുണ്ട്.കെഫോണ്‍ മുഖാന്തരം നൽകിയത്‌ 1930 ൽ പരം ഒടിടി കണക്ഷനാണ് കെഫോൺ മുഖാന്തരം ഇതുവരെ നൽകിയിട്ടുള്ളത് . ജില്ലയിൽ മലപ്പുറത്താണ്‌ ക‍ൂടുതൽ കണക്ഷൻ, 253. കുറവ്‌ പത്തനംതിട്ടയിലും, 31. ഇന്റർനെറ്റ്‌ കണക്ഷൻ നിലവിലുള്ളവർക്ക്‌ പരമാവധി ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ഒടിടി ലഭിക്കും. മറ്റുള്ളവർക്ക്‌ ഇന്റർനെറ്റ്‌ ലഭിക്കുന്ന മുറയ്ക്കും സേവനം ലഭിക്കും.

444 രൂപ മുതലുള്ള സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒടിടിക്കായി ഉള്ളത്. ഇവയെല്ലാംതന്നെ ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖ ഓ ടി ടി പ്ലാറ്റുഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലീവ്, സീ ഫൈവ് മുതലായവ കെഫോൺ ഓ.ടി ടി യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 444 രൂപയുടെ പാക്കേജിനാണ്‌ ആവശ്യക്കാർ എറേ.

2026 ഓടെ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി കെഫോൺ ടീം അക്ഷീണ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനവ്യാപകമായി ഫൈബർ നെറ്റ്‌വർക്ക് കൂടുതൽ ശക്തപ്പെടുത്തുന്നതോടൊപ്പം, ജില്ലാതലത്തിലും ഗ്രാമീണ തലത്തിലും ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം വേഗത്തിലാക്കും. രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള ISP ലൈസന്‍സ് നേടിയതിലൂടെ ഭാവിയിലും വലിയ ലക്ഷ്യങ്ങളാണ് കെഫോൺ ലക്ഷ്യം വയ്ക്കുന്നത്.

കൂടുതൽ പ്രദേശങ്ങളിൽ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി ലോക്കൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയും കൂടുതൽ ഓപ്പറേറ്റർമാരെക്കൂടി ഉൾപ്പെടുത്തുകയും ചെയ്യും. സർക്കാർ സ്ഥാപനങ്ങൾ, പൊതു സേവന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട കണക്ഷനുകൾക്ക് മുൻഗണന കൊടുത്ത് പൂർത്തിയാക്കാനും പദ്ധതിയുണ്ട് ഐപിവിറ്റി സേവനവും വിഎൻഒ ലൈസൻസിൻ്റെയും അടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികളും അടുത്ത ഘട്ടങ്ങളിലായി പൂർത്തിയാക്കാനും കെഫോൺ ലക്ഷ്യമിടുന്നുണ്ട്.

“ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് കെഫോണിന്റെ ദീർഘകാല ലക്ഷ്യം. ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും ഒരുപോലെ ലഭ്യമാകുമ്പോഴാണ് യഥാർത്ഥ ഡിജിറ്റൽ സമത്വം സാധ്യമാകുന്നത്,” കെഫോൺ അധികൃതർ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ വികസന കഥയിൽ ദീർഘകാല സ്വാധീനം ചെലുത്തുന്ന ഈ പദ്ധതി, വരും വർഷങ്ങളിൽ കേരളത്തെലോകത്തിനു മുന്നിൽ മാതൃകയായ ഒരു ഡിജിറ്റൽ സമൂഹമായി ഉയർത്തുമെന്നതിൽ നിസംശയം പറയാൻ കഴിയും. വിദ്യാഭ്യാസം, ആരോഗ്യം, ഭരണസംവിധാനം, വ്യവസായം, വിനോദം എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാറ്റത്തിന്റെ സ്പന്ദനം സൃഷ്ടിച്ചുകൊണ്ട്, കേരളത്തിന്റെ വികസന യാത്രയിൽ കെഫോൺ ഒരു സാങ്കേതിക പദ്ധതിയെക്കാൾ അപ്പുറം, സാമൂഹിക പരിവർത്തനത്തിന്റെ അടിത്തറയായി മാറിയിരിക്കുകയാണ്. ഫൈബർ ശ്രിംഖലയിലൂടെ പായുന്ന ഈ ഡിജിറ്റൽ വിപ്ലവം, ‘ഡിജിറ്റൽ കേരളം’ എന്ന ദീർഘദർശനത്തെ യാഥാർഥ്യമാക്കി മാറ്റി, സംസ്ഥാനത്തിന്റെ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കുവാനും സഹായിക്കുന്നു.

Dr. Santhosh Babu IAS (Retd.)

Principal Secretary and Managing Director of KFON

TAGS: KFON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.