
ബീജിംഗ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. ഇന്നലെ ബീജിംഗിൽ നടന്ന രാജ്യാന്തര പരിപാടിയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആണ് ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം കൂടാതെ വടക്കൻ മ്യാൻമാർ, ഇറാനിലെ ആണവ പ്രശ്‌നം, പാലസ്‌തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നം, കംബോഡിയ - തായ്‌ലൻഡ് സംഘർഷം എന്നിവയിലും ചൈന മദ്ധ്യസ്ഥത വഹിച്ചുവെന്ന് വാംഗ് യി പറഞ്ഞു.
'ലോകത്താകമാനം സംഘർഷങ്ങളും അസ്ഥിരതയും വർദ്ധിച്ചുവരികയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രാദേശിക യുദ്ധങ്ങളും അതിർത്തി തർക്കങ്ങളും ഏറ്റവും കൂടുതൽ ഉണ്ടായ വർഷമാണിത്. രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാൻ ചൈന വസ്‌തുനിഷ്‌ഠവും നീതിയുക്തവുമായ നിലപാടാണ് സ്വീകരിച്ചത്. സമാധാനം കെട്ടിപ്പടുക്കാൻ ചൈന ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനായി പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളിലും മൂലകാരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു ' - വാംഗ് യി പറഞ്ഞു.
ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ മുൻകൈയെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യ - പാക് സംഘർഷത്തിൽ മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ചൈന എത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |