കോഴിക്കോട്: ജന്മനാ ഇരുകെെകളുമില്ലെങ്കിലും നീന്താൻ ഇറങ്ങിയാൽ 'പൊൻമാനാണ്' ഓമശ്ശേരി വെളിമണ്ണയിലെ മുഹമ്മദ് ആസിം. ഭിന്നശേഷിക്കാർക്കുള്ള പാര സ്വിമ്മിംഗിൽ 2023,24,25 വർഷങ്ങളിലായി ഹാട്രിക്ക് സ്വർണ നേട്ടം സ്വന്തമാക്കിയ ആസിം ഈയിടെ ഹൈദരാബാദിൽ നടന്ന നാഷണൽ പാരാസ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 100, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഇനങ്ങളിൽ ദേശീയ റെക്കാഡോടെയാണ് പൊന്നണിഞ്ഞത്. ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ആസിമിന്റെ സ്വർണ നേട്ടം ഒമ്പതായി. എസ് ടു(S2) വിഭാഗത്തിൽ രാജ്യാന്തര യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി, ഈ പത്താെമ്പതുകാരൻ. ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന വേൾഡ് പാര സ്വിമ്മിംഗ് സീരീസിലും 2026ലെ ഏഷ്യൻ, കോമണ്‍വെൽത്ത് പാരാ ഗെയിംസിലും 2028ൽ അമേരിക്കയിൽ നടക്കുന്ന പാരാ ഒളിമ്പിക്സിലും പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
2022ലാണ് പരിശീലകനായ ആലുവ സ്വദേശി സജി വാളശ്ശേരിയുടെ പ്രോത്സാഹനത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് നീന്തൽ പഠിച്ചത്. തുടർന്ന് പെരിയാറിൽ ഒരു മണിക്കൂർ കൊണ്ട് ഒരു കിലോമീറ്റർ നീന്തി. ഏഷ്യൻ, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡുകളിലും വേൾഡ് റെക്കാഡ് യൂണിയണിലും ഇടംനേടി. 2021ൽ രാജ്യാന്തര തലത്തിൽ നെതർലാൻഡ്സിലെ കിഡ്സ് റെെറ്റ്സ് ഫൗണ്ടേഷൻ, നോബൽ സമ്മാന മാതൃകയിൽ 18 വയസിൽ താഴെയുള്ളവർക്ക് നൽകുന്ന സമാധാന സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലെ അവസാന മൂന്നു പേരിൽ ഒരാളായി.
മുക്കം നീലേശ്വരം ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ ആസിം സ്ക്രെെബ് സഹായത്തോടെയാണ് പൊതുപരീക്ഷയെഴുതുന്നത്. ആസിമിന്റെ സൗകര്യവും പി.ടി.എയുടെ അഭ്യർത്ഥനയും മാനിച്ച് ആസിം പഠിച്ചിരുന്ന വെളിമണ്ണ ഗവ. സ്കൂളിനെ 2015ൽ യു.പിയാക്കി ഉയർത്തി.
മദ്രസ അദ്ധ്യാപകനായിരുന്ന ബാപ്പ മുഹമ്മദ് ഷഹീദാണ് ആസിമിനെ സ്കൂളിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും. മത്സരങ്ങളിൽ പങ്കെടുക്കാൻ കൊണ്ടുപോകുന്നത് ഉൾപ്പെടെ ആസിമിന് സഹായവുമായി അദ്ദേഹം എപ്പോഴും ഒപ്പമുണ്ട്. ജംസീനയാണ് ഉമ്മ. ആറ് സഹോദരങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |