
പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്‌തത കൈവരിക്കാനായി നിരവധി പരീക്ഷണങ്ങൾ തുടരുകയാണ് ഇന്ത്യ. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെലവപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണം. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പിനാക ദീർഘദൂര റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷിച്ചത്. 120 കിലോമീറ്റർ പരമാവധി റേഞ്ച് ഉള്ള മിസൈലാണ് പിനാക. പുരാണത്തിലെ പരമശിവന്റെ വില്ലിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ലക്ഷ്യം കൃത്യമായി ഭേദിക്കുന്നതാണ് പേരുപോലെ പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ്. കണക്കുകൂട്ടിയതുപോലെ പരീക്ഷണം 100 ശതമാനം വിജയവുമായി. കൃത്യമായി റോക്കറ്റിനെ നിരീക്ഷിക്കുകയും ചെയ്‌തെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ ഗവേഷണ വികസന ലബോറട്ടറിയുടെയും ഗവേഷണ കേന്ദ്രമായ ഇമാറാത്തിന്റെയും പിന്തുണയിൽ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയുമായി സഹകരിച്ച് ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്‌റ്റാബ്ളിഷ്‌മെന്റാണ് പിനാക റോക്കറ്റിന്റെ രൂപകൽപന നിർവഹിച്ചത്. പിനാക ലോഞ്ചറിൽ നിന്നുതന്നെയാണ് ഈ പുതിയ പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റും വിക്ഷേപിച്ചത്. ഇതോടെ ഒരേ ലോഞ്ചറിൽ നിന്ന് വ്യത്യസ്‌ത ശ്രേണികളിൽപ്പെട്ട പിനാക റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ പ്രാപ്‌തിയും വെളിവായിരിക്കുകയാണ്.
വിജയകരമായ പരീക്ഷണത്തിൽ ഡിആർഡിഒയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ദീർഘദൂര മിസൈലുകളുടെ വർദ്ധനവും ഡിസൈനിലെ മികവും ഇന്ത്യൻ സായുധസേനയുടെ പ്രാപ്‌തി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |