
മുംബയ്: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേരെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക നാഗ്പൂർ മിഷനിലെ പുരോഹിതൻ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാണാൻ സ്റ്റേഷനിലെത്തിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബജ്‌റംഗ്‌ദൾ പ്രവർത്തകരുടെ പരാതിയിൽ ബെനോഡ പൊലീസാണ് കേസെടുത്തത്.
ഇന്നലെ രാത്രി എട്ട് മണിയോടെ നാഗ്‌പൂരിൽ ക്രിസ്‌മസ് പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇക്കാര്യം അന്വേഷിക്കാൻ എത്തിയവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ ബെനോഡ പൊലീസ് സ്റ്റേഷനിലുള്ള ഇവരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. സിഎസ്‌ഐയുടെ പ്രതിനിധികൾ സ്റ്റേഷനിലെത്തി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതിയിൽ എത്താനാണ് പൊലീസ് പറഞ്ഞത്. എഫ്‌ഐആറിന്റെ പകർപ്പും ഇവർക്ക് നൽകിയിട്ടില്ല.
തിരുവനന്തപുരം അമരവിള സ്വദേശിയായ സുധീർ കഴിഞ്ഞ അഞ്ച് വർഷമായി മഹാരാഷ്‌ട്രയിലാണ്. അറസ്റ്റിലായ ബാക്കി പത്തുപേരും മഹാരാഷ്‌ട്ര സ്വദേശികളാണ്. ഇവരുടെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |