
ധാക്ക: മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അദ്ധ്യക്ഷയുമായ ബീഗം ഖാലിദ സിയയ്ക്ക് (80) വിടചൊല്ലി ബംഗ്ലാദേശ്. ധാക്കയിൽ പാർലമെന്റിന്റെ സൗത്ത് പ്ലാസയിൽ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനാ ചടങ്ങുകൾ നടന്നു.
ആയിരക്കണക്കിനാളുകൾ പാർലമെന്റ് കെട്ടിടത്തിന് പുറത്തും സമീപ റോഡുകളിലും തടിച്ചുകൂടി. ജനങ്ങളെ നിയന്ത്രിക്കാൻ സൈനികരടക്കം പതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നഗറിൽ ഭർത്താവും ബംഗ്ലാദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിന് സമീപമാണ് ഖാലിദയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു ഖാലിദയുടെ അന്ത്യം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കത്ത് കൈമാറി ജയശങ്കർ
ഖാലിദയുടെ മകൻ താരിഖ് റഹ്‌മാനെ കണ്ട് അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഖാലിദയുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കത്ത് റഹ്മാന് കൈമാറി. ബി.എൻ.പിയുടെ ആക്ടിംഗ് ചെയർമാനാണ് താരിഖ്. ഖാലിദയുടെ ദർശനവും മൂല്യങ്ങളും ഇന്ത്യ-ബംഗ്ലാദേശ് പങ്കാളിത്തത്തിന്റെ വികസനത്തിന് വഴികാട്ടുമെന്ന ആത്മവിശ്വാസം ജയശങ്കർ താരിഖുമായി പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |