
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. എന്നാൽ, 14 കിലോ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവുണ്ടായിട്ടില്ല.
ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധനവ് ഇന്ന് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയ്‌ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിൽ സിലിണ്ടറിന് 1739.50 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില.
അതേസമയം, കൊൽക്കത്തയിൽ 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബയിൽ 1531.50 രൂപയ്‌ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നു. ഡൽഹിയിലും കൊൽക്കത്തയിലും പത്ത് രൂപ കുറച്ചപ്പോൾ മുംബയിലും ചെന്നൈയിലും 11 രൂപ കുറച്ചു.
ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർദ്ധന ഭക്ഷണത്തിന്റെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |