
തിരുവനന്തപുരം: പുതുവർഷത്തിൽ തീൻമേശകളിൽ ഇടംപിടിക്കാനൊരുങ്ങി കളിമൺപാത്രങ്ങൾ. ഒരുകാലത്ത് അടുക്കള ഭരിച്ചിരുന്ന മൺപാത്രങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. പാചക വാതകവും, ഉപയോഗിക്കാനുള്ള സൗകര്യവും ഭംഗിയും കണക്കാക്കി നോൺസ്റ്റിക് പോലുള്ള പാത്രങ്ങൾ അടുക്കളയിലേക്ക് കടന്നുവന്നതോടെ മൺപാത്രങ്ങൾ പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ ഇവയ്ക്കൊപ്പം മാരകരോഗങ്ങൾകൂടി കടന്നുവരുമെന്ന് മനസിലാക്കിയതോടെ, വീണ്ടും അടുക്കളയിലെ താരമാവുകയാണ് മൺപാത്രങ്ങൾ.
മാത്രമല്ല രുചിയുടെ കാര്യത്തിലും ഇവൻ പിന്നോട്ടല്ല.വിറക് അടുപ്പുകൾ മാറി ഗ്യാസ് അടുപ്പുകൾ വന്നതോടെയാണ് മൺപാത്രങ്ങൾക്ക് ശനിദശ തുടങ്ങിയത്.അലുമിനിയവും, സ്റ്റീലും, നോൺസ്റ്റിക്കും എല്ലാം പെട്ടെന്ന് ചൂടാവുമെന്നതിനാൽ വീട്ടമ്മമാർ മൺപാത്രത്തെ പൂർണമായും ഒഴിവാക്കി.
നോൺസ്റ്റിക്കെന്ന വില്ലൻ
കാണാൻ വളരെ ഭംഗിയുണ്ട്, ഉപയോഗിക്കാനും സൗകര്യം. പക്ഷേ നോൺസ്റ്റിക് പാത്രങ്ങളിലെ കാർബൺ, പാകം ചെയ്യുന്ന ഭക്ഷണം വഴിയുള്ളിൽച്ചെന്നാൽ മാരകരോഗങ്ങൾ പിടിപെടുമെന്നാണ് പഠനം.
കാണാനും കൊള്ളാം
വീട്ടമ്മമാരെ ആകർഷിക്കാൻ പുതിയ രൂപത്തിലാണ് മൺപാത്രങ്ങളുടെ വരവ്.ബൗൾ,കപ്പ്,ഭരണി,കൂജ,പ്ലേറ്റ് ഇവകൂടാതെ വിളക്ക്,ധൂമപാത്രം എന്നിങ്ങനെ നീളുന്നു.പല വലിപ്പത്തിലും രൂപത്തിലുമുള്ള കലങ്ങളും ചട്ടികളും വരെ വിപണിയിലുണ്ട്.
പ്രിയം കറുപ്പ്
ആലപ്പുഴ മേഖലയിൽ നിർമ്മിക്കുന്ന കറുത്ത നിറത്തിലുള്ള മൺച്ചട്ടികൾക്ക് മാർക്കറ്റിൽ ഇപ്പോൾ നല്ല ഡിമാൻഡുണ്ട്. അതേസമയം, പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്നതിലുള്ള ബുദ്ധിമുട്ടും,നിർമ്മാണ തൊഴിലാളികളുടെ കുറവും നേരിടുന്നുണ്ട്. ആറ്റിങ്ങൽ പട്ടണത്തിൽ ഒരു മേഖല കേന്ദ്രീകരിച്ച് കളിമൺപാത്ര നിർമ്മാണം നടത്തി വന്നിരുന്ന നൂറുകണക്കിനാളുകൾ ഇന്നും ഇവിടെയുണ്ട്.മറ്റിടങ്ങളിൽ നിന്ന് മൺപാത്രം ഇറക്കി വില്പന നടത്തി ജീവിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |