SignIn
Kerala Kaumudi Online
Thursday, 08 January 2026 5.20 PM IST

തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും

Increase Font Size Decrease Font Size Print Page
sa

വെള്ളാപ്പള്ളി നടേശൻ,

മാനേജിംഗ് എഡി​റ്റർ,​ യോഗനാദം

(യോഗനാദം 2026 ജനുവരി 1 ലക്കം എഡി​റ്റോറിയൽ)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കേരള മുഖ്യമന്ത്റിയുടെ കാറിൽ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചർച്ചകൾ നാട്ടിൽ ഇന്നും നിലനിൽക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും വൃത്തികെട്ട മുഖമാണ് വെളിച്ചത്തു കൊണ്ടുവന്നത്. രാജ്യത്തിന് സ്വാതന്ത്റ്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും പിന്നാക്ക, അധ:സ്ഥിത സമൂഹത്തോടുള്ള അസഹിഷ്ണുത തുടരുന്നുണ്ട് എന്നതിനു തെളിവാണ് ഇത്തരം ചർച്ചകൾ. പമ്പയിൽ ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് വരുംവഴി വളരെ യാദൃച്ഛികമായി ഉണ്ടായ സംഭവം വലിയ അപരാധമായിപ്പോയെന്ന് പറയുന്നവരുടെ 'ഉദ്ദേശ്യശുദ്ധി" അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.


പാവപ്പെട്ട സമുദായത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗമാകട്ടെ കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരദേവൻ 112 വർഷം മുമ്പ് സ്ഥാപിച്ച സംഘടനയും. അതിന്റെ പ്രാഥമിക ലക്ഷ്യം ഗുരുദർശനത്തിൽ ഊന്നിയുള്ള സാമൂഹ്യപരിഷ്‌കരണമാണ്. ഇന്ന് കേരളത്തിലെ ഏ​റ്റവും വലിയ, പ്രബല സാമൂഹ്യ, സാമുദായിക സംഘടനയായി യോഗം മാറി. ലോകമെമ്പാടും വേരുകളുമുണ്ട്. യോഗത്തിന്റെ വളർച്ച ഇവിടെ പലർക്കും സഹിക്കാൻ സാധിക്കുന്നില്ല. ഏതു നിലയിലും സന്ദർഭത്തിലും അവസരത്തിലും യോഗത്തെയും നേതാക്കളെയും തല്ലിത്തകർക്കാനും തല്ലിത്തളർത്താനും ചില ശക്തികൾ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്.


യോഗം ജനറൽ സെക്രട്ടറി മുഖ്യമന്ത്റിയുടെ കാറിൽ സഞ്ചരിച്ചാൽ ഇവിടെ എന്തു സംഭവിക്കാനാണ്?​ അതിന്റെ പേരിൽ എന്തൊരു കോലാഹലമാണ് കേരളത്തിലുണ്ടായത്! ഒരു വാർത്താ ചാനൽ അച്ചാരം വാങ്ങി അധിക്ഷേപ ചർച്ചകൾ നടത്തുന്നു. വാർത്തകൾ സൃഷ്ടിക്കുന്നു. ഈ ചർച്ചകൾക്കുള്ള ഉത്തമ മറുപടി ബഹുമാന്യ മുഖ്യമന്ത്റി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നൽകിയിട്ടും വിമർശനവും അധിക്ഷേപവും അവസാനിച്ചിട്ടില്ല.
ഉയർന്ന ജാതിയിൽപ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്റിയുടെ വാഹനത്തിൽ കയറിയതെങ്കിൽ ഇങ്ങനെയൊരു ചർച്ചയോ ചാനൽ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്റി കാറിൽ കയ​റ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്റോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം.

ഇത് എന്തു നീതിയാണ് ? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്റിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്‌നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതും. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും പിന്നിലുള്ള കാരണം ഒരു പിന്നാക്കക്കാരനെ അദ്ദേഹത്തിന്റെ കാറിൽ കയ​റ്റിയെന്നതു മാത്രമാണ്. പിന്നാക്ക സമുദായത്തിന്റെ വളർച്ചയും അവർക്കു ലഭിക്കുന്ന അംഗീകാരവും ഉൾക്കൊള്ളാൻ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ ഈ വിദ്വേഷ പ്രചാരണത്തെ കാണാനാകൂ. സമുദായത്തിന്റെ കൂട്ടായ്മയെ തകർക്കാനുള്ള ചില രാഷ്ട്രീയകക്ഷികളുടെ ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്.


സ്വന്തം മതത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മഹാന്മാരാണ് വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നത്. മലപ്പുറത്തെ പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ പ്രസംഗവും മുസ്ളീം ലീഗ് നേതാക്കളുടെ സ്വമത സ്‌നേഹത്തെക്കുറിച്ചുള്ള വിമർശനവും ഇതിനൊക്കെ ആക്കം കൂട്ടിയെന്നു മാത്രം. സമ്പത്തും അധികാരവും ഭൂസ്വത്തും വ്യവസായ, വാണിജ്യ രംഗങ്ങളും കൈപ്പിടിയിലുള്ള ഒരു സമൂഹത്തെ ഒന്നാകെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി യഥാർത്ഥ പിന്നാക്കക്കാരന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നവരാണ് ഇക്കൂട്ടർ.

ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്.എൻ.ഡി.പി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടംപോലും തരാത്തതിന്റെ വിഷമം പങ്കുവച്ചതിനാണ് എന്നെ കുരിശിലേ​റ്റാൻ ശ്രമിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്.എൻ.ഡി.പി യോഗം എതിർത്തിട്ടുണ്ട്. നാളെയും എതിർക്കും. ഒമ്പതര വർഷം പിണറായി വിജയൻ കേരളം ഭരിച്ചിട്ട് എന്തായാലും കുഴപ്പമൊന്നുമുണ്ടായില്ല. മാറാട് കലാപം പോലെ ഒന്നും സംഭവിച്ചില്ല. ഇക്കുറിയും ഭരണം നഷ്ടമാകുമോ എന്ന വിഭ്രാന്തിയിലാണ് മുസ്ളീം ലീഗ് നേതാക്കൾ.

കഴിഞ്ഞുപോയ ഒമ്പതുവർഷം കൊണ്ട് തങ്ങളുടെ മതത്തിനുണ്ടായ നഷ്ടം വെട്ടിപ്പിടിക്കാൻ അധികാരത്തിലേറിയേ തീരൂ എന്ന് ലീഗ് നേതാക്കൾ തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ മുന്നിൽ നിറുത്തി അധികാരമേറി ലീഗിന്റെ മതഭരണം നടപ്പാക്കാമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തിൽ അവർ സ്വപ്നം കാണുന്നത്. അത് ദിവാസ്വപ്നമായി അവശേഷിക്കും. ഇടതു സർക്കാർ തന്നെ മൂന്നാമതും ഭരണമേറുമെന്ന സ്ഥിതിയിലേക്കു തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്.


എത്രയോ മുൻമുഖ്യമന്ത്റിമാർ എത്രയോ സമുദായ, മത നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത എന്ത് കുഴപ്പമാണ് ഞാൻ മുഖ്യമന്ത്റിക്കൊപ്പം സഞ്ചരിച്ചതുകൊണ്ട് ഉണ്ടായത്. ഈഴവരാദി പിന്നാക്ക സമുദായങ്ങളാണ് ഇവിടെ സി.പി.എം, സി.പി.ഐ ഉൾപ്പടെയുള്ള ഇടതു പാർട്ടികളുടെ നട്ടെല്ല്. സി.പി.എമ്മിന് അത് അറിയാവുന്നതുകൊണ്ടാണ് അവർ സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നത്. സി.പി.ഐയുടെ നവനേതാക്കൾക്ക് ഇപ്പോൾ ആ ബോദ്ധ്യമില്ല.

ഭരണത്തിലിരിക്കെ,​ ലഭിക്കുന്ന സ്ഥാനമാനങ്ങൾ വീതം വയ്ക്കുമ്പോഴും അവർ അക്കാര്യം മറന്നുപോകും. ഇക്കൂട്ടരാണ് മൂഢസ്വർഗത്തിലിരുന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായി സി.പി.എം പുലർത്തിയ ബന്ധം കാരണമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ദോഷമുണ്ടായതെന്ന് വിലയിരുത്തുന്നത്. ഭരണത്തിലെ വർഗീയശക്തികളുടെ പങ്കാളിത്തംകൊണ്ടാണ് മുമ്പ് ഇവിടെ കലാപങ്ങൾ ഉണ്ടായത്. ഇപ്പോൾ മത സമന്വയത്തോടെയാണ് ഭരണം മന്നോട്ടു പോകുന്നത്. അത് എങ്ങനെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയാൻ ഇവിടുത്തെ പിന്നാക്ക, അധ:സ്ഥിത ജനവിഭാഗങ്ങൾ ശക്തമായി മുന്നിലുണ്ടാകും.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.