
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ കൈക്കൂലി കേസിലും അറസ്റ്റിലും റെക്കാഡ് വർദ്ധന. 57 കേസുകളിലായി ഉദ്യോഗസ്ഥരും ഏജന്റുമാരുമടക്കം 76 പേർ 2025ൽ വിജിലൻസിന്റെ വലയിലായി. സർവകാല റെക്കാഡാണ്. ട്രാപ്പ് ഓപ്പറേഷനുകളാണ് കൈയോടെ കുടുക്കിയത്.
എല്ലാ വകുപ്പുകളിലും ഇന്റേണൽ വിജിലൻസ് ഉണ്ടെങ്കിലും അഴിമതി തടയാനാവുന്നില്ല. സംവിധാനത്തിന്റെ കെടുകാര്യസ്ഥതയാണ് കാരണം.
അഴിമതിയും കൈക്കൂലിയും കണ്ടെത്തി 201കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. 300 പ്രാഥമിക അന്വേഷണങ്ങൾ, 57വിജിലൻസ് അന്വേഷണങ്ങൾ, 136 രഹസ്യാന്വേഷണങ്ങൾ പുരോഗമിക്കുന്നു. 1152 മിന്നൽ പരിശോധനകൾ നടത്തി. 9193 പരാതികളിൽ നടപടിയെടുത്തു. കഴിഞ്ഞവർഷം 30 കേസിൽ 39 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങി മുങ്ങിയ 12പേരെയും പിടികൂടി.
മുൻകാലങ്ങളിൽ 500, 1000 രൂപയായിരുന്നു കൈക്കൂലിയെങ്കിൽ ഇപ്പോഴത് ലക്ഷങ്ങളായി. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ 3 കേസുകളും ഒന്നര ലക്ഷം, ഒരുലക്ഷം വീതം വാങ്ങിയ ഓരോ കേസുമുണ്ട്. ആകെ 14.92 ലക്ഷം രൂപ കഴിഞ്ഞ വർഷം പിടിച്ചെടുത്തു.
അറസ്റ്റിൽ മുന്നിൽ റവന്യൂ
റവന്യൂ: 20
തദ്ദേശം: 12
പൊലീസ്: 6
വിദ്യാഭ്യാസം: 3
കെ.എസ്.ഇ.ബി: 3
വിജിലൻസ് കോംപ്ലക്സ് വരുന്നു
തിരുവനന്തപുരം മുട്ടത്തറയിൽ നാല് നിലകളിലായി വിജിലൻസ് ഓഫീസ് കോംപ്ലക്സ് ഉടൻ പൂർത്തിയാവും. നാല് വിജിലൻസ് എസ്.പി ഓഫീസുകളും, തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഓഫീസും ലീഗൽ അഡ്വൈസർമാരുടെ ഓഫീസും ഇവിടേക്ക് മാറും.
വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടന്ന തസ്തികകളിലെല്ലാം ഉദ്യോഗസ്ഥരെ നിയമിച്ചു
-മനോജ് എബ്രഹാം,
വിജിലൻസ് ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |