SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.34 PM IST

ഗുരുദർശനം ലോകത്തിനാകെ മാതൃക: മന്ത്രി ബാലഗോപാൽ

Increase Font Size Decrease Font Size Print Page
balagopal

ശിവഗിരി: സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം നൂറുവർഷങ്ങൾക്കു ശേഷം ലോകത്തിനു തന്നെ മാതൃകയായെങ്കിൽ, അതിനു മുഖ്യപങ്ക് വഹിച്ചത് ശ്രീനാരായണഗുരുവിന്റെ ദർശനവും സന്ദേശവുമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ലോകത്ത് എല്ലാവർക്കും സ്വീകാര്യമാവുന്ന ദർശനമാണ് ഗുരു മുന്നോട്ടുവച്ചത്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മാറ്റുന്നതിൽ മഹാത്മാഅയ്യൻകാളി, ചട്ടമ്പിസ്വാമി തുടങ്ങിയ മഹത്തുക്കളുടെ സംഭാവനയും എടുത്തു പറയേണ്ടതാണ്. 93-ാമത് ശിവഗിരി തീർത്ഥാടനത്തിലെ ശ്രീനാരായണ പ്രസ്ഥാനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരി തീർത്ഥാടനത്തിനു അനുമതി നൽകുമ്പോൾ ഗുരു നിർദ്ദേശിച്ച വിഷയങ്ങളെല്ലാം ഏറെ ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു. സമൂഹത്തിൽ പലവിധ തിന്മകളും നടമാടിയ സമയത്താണ് അദ്ദേഹം തന്റെ പോരാട്ടം തുടങ്ങിയത്. തിന്മയ്ക്കെതിരെയുള്ള പോരാട്ടം സംഘടനയിലൂടെയേ സാധിക്കൂ എന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. പല ലോകരാജ്യങ്ങളിലും സംഘർഷത്തിന്റെ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഏതു രാജ്യത്തിനും പ്രസക്തമാവുന്ന, എല്ലാവരെയും ഒരുമിപ്പിക്കുന്ന ദർശനമാണ് ഗുരു നൽകിയത്.

തീർത്ഥാടന വിഷയങ്ങളിൽ വ്യവസായം നിർദ്ദേശിച്ച ഗുരു, അത് പറയുക മാത്രമല്ല ആലുവയിൽ ഓട്ടു കമ്പനി സ്ഥാപിക്കുക വഴി പ്രവൃത്തിപഥത്തിലുമെത്തിച്ചു. ഗുരുവിന്റെ മഹത്വവും ദർശനവും നാൾക്കുനാൾ കൂടുതൽ ആൾക്കാരിലേക്ക് പ്രചരിക്കുന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി.എസ്.സുനിൽകുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമിശുഭാംഗാനന്ദ, ഡൽഹി എസ്.എൻ.ഡി.പി യൂണിയൻ പ്രതിനിധി കെ.ആർ.മനോജ്, മുംബയ് ശ്രീനാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി ഒ.കെ.പ്രസാദ്, കുവൈറ്റ് സാരഥി പ്രസിഡന്റ് ജിതേഷ് എം.പി, ഗുരുധർമ്മപ്രചാരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശ് കല്ലമ്പലം, മെൽബൺ ശ്രീനാരായണ മിഷൻ പ്രസിഡന്റ് സജിതബിജു, ഡൽഹി എസ്.എൻ.ജി.സി പ്രസിഡന്റ് രാജേന്ദ്രബാബു.ജി, പൂനെ ശ്രീനാരായണഗുരുസമിതി സെക്രട്ടറി രാജു, ജയ്‌പൂർ ശ്രീനാരായണ ഗുരുധർമ്മസമിതി പി.ആർ.ഒ സഞ്ചയ് കൃഷ്ണൻ, ജി.ഡി.പി.എസ് യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധതീർത്ഥ നന്ദിയും പറഞ്ഞു.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY