
പത്തനംതിട് : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആന്റോ ആന്റണി എം.പിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ആന്റോ ആന്റണിയും തമ്മിലുള്ള സൗഹൃദ ബന്ധം എസ്.ഐ.ടിയുടെ അന്വേഷണ പരിധിയിലുണ്ട്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എം.പിയെന്ന നിലയിൽ ആന്റോ ആന്റണിയാണ് സോണിയഗാന്ധി - ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തതെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച വിവരം.
ആന്റോയും സോണിയയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചതായാണ് അറിയുന്നത്. അതിനുശേഷം ആന്റോ ആന്റണിയെയും ചോദ്യം ചെയ്തേക്കും.
സ്വർണക്കൊള്ള: കോൺഗ്രസിന്റേത്
അവസരവാദമെന്ന് എം.വി. ഗോവിന്ദൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം തങ്ങളിലേക്കെത്തിയപ്പോൾ കോൺഗ്രസ് മലക്കംമറിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടൂർ പ്രകാശിനെ ചോദ്യം ചെയ്തേക്കുമെന്ന സ്ഥിതിയുണ്ടായപ്പോൾ അവർക്ക് അന്വേഷണ സംഘത്തെ സംശയമായി. സോണിയാ ഗാന്ധിയെ കാണാൻ പോറ്റിക്കും ബെല്ലാരിയിലെ സ്വർണ വ്യാപാരിക്കും അപ്പോയിൻമെന്റ് എടുത്ത് നൽകിയത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. അടൂർ പ്രകാശും ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെയൊക്കെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് മിണ്ടാട്ടമില്ല.
ഇന്നലെ വരെ സി.പി.എമ്മിലേക്ക് അന്വേഷണം നീങ്ങുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ആഹ്ലാദിച്ചവരാണ് വി.ഡി. സതീശനും മറ്റു നേതാക്കളും. അയ്യപ്പന്റെ പണം തട്ടുന്നവരല്ല സി.പി.എമ്മെന്ന് ജനങ്ങൾക്ക് അറിയാം. ഉത്തരവാദികളെ പാർട്ടിയോ സർക്കാരോ സംരക്ഷിക്കില്ല.
വെള്ളാപ്പള്ളിയോട് യോജിപ്പ്
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടിനോടും നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പൊതുവായ സമീപനങ്ങളോടും സി.പി.എമ്മിന് യോജിപ്പാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പി.എം ശ്രീയിൽ സി.പി.ഐ ഉയർത്തിയ വിയോജിപ്പ് ഇടതുമുന്നണി ചർച്ച ചെയ്യും.
പി.എസ്. പ്രശാന്തിനെ
വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ എസ്.ഐ.ടി വീണ്ടും ചോദ്യംചെയ്യും. ആദ്യത്തെ ചോദ്യംചെയ്യലിൽ നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
2019ൽ തട്ടിപ്പ് നടത്തിയ പോറ്റിക്ക് 2025ലും ശില്പപാളികൾ സ്വർണം പൂശാൻ നൽകിയതാണ് പ്രശാന്തിന് കുരുക്കായത്. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു അറ്റകുറ്റപ്പണി നടത്താൻ പോറ്റിക്ക് പാളികൾ കൈമാറിയത്. 2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണോ 2025ലും പാളികൾ സ്വർണം പൂശാൻ നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് സ്വർണം പൂശാൻ പോറ്റിക്ക് നൽകിയതെന്നുമാണ് പ്രശാന്തിന്റെ മൊഴി.
ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശി തിരിച്ചെത്തിച്ചെന്നും മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്. എന്നാൽ, ഇത് എസ്.ഐ.ടി മുഖവിലയ്ക്കെടുത്തിട്ടില്ല.
ശബരിമല സ്വർണക്കൊള്ള:
3 പ്രതികളുടെ റിമാൻഡ് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് ദീർഘിപ്പിച്ചത്.
നവംബർ 6ന് അറസ്റ്റിലായ കെ.എസ്.ബൈജു ജുഡിഷ്യൽ കസ്റ്റഡിയിലാണ്. പങ്കജ്, ഗോവർദ്ധൻ എന്നിവരെ ഡിസംബർ 19നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. പ്രതികളെ ഹാജരാക്കാതെയാണ് റിമാൻഡ് ദീർഘിപ്പിച്ചത്. ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ഉരുക്കിയെടുക്കാൻ ഏൽപിച്ചത് പങ്കജിന്റെ സ്മാർട്ട് ക്രിയേഷൻസിലാണ്. അവിടെ ഉരുക്കി വേർതിരിച്ച സ്വർണം പോറ്റിയുടെ സഹായി കൽപേഷ് മുഖേന വിറ്റത് ബെല്ലാരിയില ജുവലറി ഉടമ ഗോവർദ്ധനാണ്. പങ്കജ് പണിക്കൂലി ഇനത്തിലെടുത്ത 109.243 ഗ്രാം സ്വർണവും ഗോവർദ്ധൻ വാങ്ങിയ 474.960 ഗ്രാം സ്വർണവും എസ്.ഐ.ടി കണ്ടെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |