SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.34 PM IST

സ്വിസ് ബാറിൽ തീപിടിത്തം: 40 മരണം

Increase Font Size Decrease Font Size Print Page
pic

ജനീവ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ ആഡംബര ബാറിലുണ്ടായ തീപിടിത്തത്തിൽ വിദേശികളടക്കം 40ഓളം പേർക്ക് ദാരുണാന്ത്യം. 115 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. പ്രാദേശിക സമയം,ഇന്നലെ പുലർച്ചെ 1.30ന് (ഇന്ത്യൻ സമയം രാവിലെ 6) ക്രാൻസ് മൊണ്ടാനയിലെ ലേ കോൺസ്റ്റലേഷൻ ബാറിലായിരുന്നു അപകടം. ബാറിൽ നൈറ്റ് ക്ലബ് ഏരിയ സ്ഥിതി ചെയ്യുന്ന ബേസ്‌മെന്റിൽ ഉഗ്ര പൊട്ടിത്തെറിക്ക് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബേസ്മെന്റിന്റെ മുകളിലെ രണ്ട് നിലകളിലേക്കും തീപടർന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണമോ സ്ഫോടക വസ്തുവിന്റെ സാന്നിദ്ധ്യമോ അല്ലെന്ന് സ്വിസ് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെ കൃത്യമായ കണക്ക് സ്വിസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.

42 ആംബുലൻസുകളും 13 ഹെലികോപ്റ്ററുകളുമടക്കം അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ച സ്വിസ് അധികൃതർ പരിക്കേറ്റവരെ ജനീവ അടക്കം നഗരങ്ങളിലെ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. 40 വർഷം പഴക്കമുള്ള ലേ കോൺസ്റ്റലേഷൻ ബാർ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു.

കാരണം മെഴുകുതിരി ?

 സംഭവ സമയത്ത് പിറന്നാൾ ആഘോഷം ബാറിൽ നടക്കുന്നുണ്ടായിരുന്നു. ആളുകൾ ഷാംപെയ്ൻ ബോട്ടിലിന് മുകളിലായി മെഴുകുതിരികൾ കത്തിച്ച് വച്ചെന്നും സീലിംഗിന് വളരെ അടുത്തായാണ് അത് കാണപ്പെട്ടതെന്നും രക്ഷപ്പെട്ടവരിൽ ചിലർ പറഞ്ഞു.

 ആദ്യം കത്തിയമർന്നത് തടിക്കൊണ്ട് നിർമ്മിക്കപ്പെട്ട സീലിംഗാണ്. തടി നിർമ്മിതമായ ബാറിന്റെ മറ്റ് ഭാഗങ്ങൾ സെക്കൻഡുകൾക്കുള്ളിൽ അഗ്നിഗോളമായി

 ബാറിൽ നടന്ന ഫയർഷോയും സംശയ നിഴലിൽ


ഇടുങ്ങിയ വാതിൽ

ബേസ്‌മെന്റിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് കടക്കാൻ ഒറ്റ വാതിൽ മാത്രം. വാതിലും കോണിപ്പടിയും ഇടുങ്ങിയത്. അപകടസമയം ബാറിലുണ്ടായിരുന്നത് 200ഓളം പേർ. 30 സെക്കൻഡിനിടെ ഇവർ കൂട്ടത്തോടെ രക്ഷപെടാൻ ശ്രമിച്ചു. അതിവേഗം വ്യാപിച്ച തീ,ബാറിന്റെ ഗ്രൗണ്ട്,ഒന്നാം നിലകളെയും വിഴുങ്ങി.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY