SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.35 PM IST

അമൃതകിരണം : ജീവിതാനുഭവങ്ങൾ ഗുരുക്കന്മാർ

Increase Font Size Decrease Font Size Print Page
ss

അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണെ സദാ വിമർശിച്ചുകൊണ്ടിരുന്ന ഒരു പ്രതിപക്ഷ നേതാവുണ്ടായിരുന്നു. ലിങ്കൺ അദ്ദേഹത്തെ നിലയ്ക്കുനിറുത്താൻ ഒന്നും ചെയ്‌തില്ല. എന്താണ് അതിനു കാരണമെന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ ലിങ്കൺ പറഞ്ഞു: 'അയാളുടെ വിമർശനംകൊണ്ട് എനിക്ക് ഗുണമുണ്ട്. ഞാൻ തെറ്റിലേക്കു പോകാതിരിക്കാൻ അതു സഹായിക്കും!"

അയാളുടെ കാര്യം ഓർക്കുമ്പോൾ കുട്ടിക്കാലത്തുകണ്ട ഒരു കുതിരയുടെ കാര്യമാണ് ഓർമ്മ വരുന്നത്. അതൊരു മടിയൻ കുതിരയായിരുന്നു. തൊഴുത്തിൽ കെട്ടുമ്പോൾ അതിനെ ഒരു ചെള്ള് വന്ന് ഉപദ്രവിക്കുമായിരുന്നു. അതുകണ്ട ഞാൻ ആ ചെള്ളിനെ കൊല്ലാൻ ശ്രമിച്ചു. അപ്പോൾ കുതിരയുടെ ഉടമസ്ഥൻ പറഞ്ഞു- 'വേണ്ട, വേണ്ട. അതവിടെ ഇരിക്കട്ടെ. ആ മടിയൻ കുതിരയ്ക്ക് അല്പം ചുറുചുറുക്കുണ്ടാക്കാൻ ഈ ചെള്ള് പ്രയോജനപ്പെടും." ഈ കാഴ്ചപ്പാടാണ് ജീവിതത്തിലെ പ്രയാസങ്ങളോട് നമുക്ക് ഉണ്ടാവേണ്ടത്.

അവസരങ്ങൾ തേടിയെത്തുമ്പോൾ അത് തിരിച്ചറിയാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. കാരണം പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും വേഷം ധരിച്ചായിരിക്കും അവ വന്നെത്തുന്നത്. നമ്മുടെ ദൗർബല്യങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനും അതിലൂടെ ശക്തിയാർജിക്കാനുമുള്ള അവസരങ്ങളായി അവയെ കാണാൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു. അതുകൊണ്ട്,​ നമ്മുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. നമ്മൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യവും നമ്മുടെ ദുർബലതയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. കണ്ണാടിയിൽ നോക്കി നമ്മുടെ മുഖത്തെ അഴുക്ക് മാറ്റുന്നതുപോലെ നമ്മുടെ ദൗർബല്യങ്ങളെ അതിജീവിക്കാനുള്ള അവസരങ്ങളായി അത്തരം സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ എല്ലാ കാര്യവും നടക്കണമെന്നില്ല. പലപ്പോഴും നമ്മുടെ മാർഗത്തിൽ തടസങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നേക്കാം. എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് നേടിയെടുക്കണം. നീന്തൽ അറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം കടലിലെ തിരമാലകൾ ഭയാനകമാണ്. കടലിൽ നീന്താൻ ശ്രമിച്ചാൽ തന്റെ ജീവൻതന്നെ അപകടത്തിലാകുമെന്ന് അയാൾക്കറിയാം. എന്നാൽ,​ നീന്തൽ അറിയാവുന്ന ഒരാൾ തിരമാലകൾ കണ്ട് ഭയപ്പെടില്ല. അയാളെ സംബന്ധിച്ചിടത്തോളം അവ ആനന്ദദായകമാണ്.

ചില സാഹചര്യങ്ങൾ ദുഃഖമോ ഭയമോ ദേഷ്യമോ ഉളവാക്കുന്നവയായിരിക്കും. എന്നാൽ നമ്മൾ വിവേകപൂർവം ശ്രമിക്കുകയാണെങ്കിൽ അത്തരം സാഹചര്യങ്ങളെയും നമുക്ക് അനുകൂലമാക്കി മാറ്റാം. പലപ്പോഴും അനുഭവങ്ങൾ നൽകുന്ന സന്ദേശം നമ്മൾ പെട്ടെന്ന് ഉൾക്കൊള്ളാറില്ല. കയ്‌പുള്ള കഷായം രോഗിക്ക് ഗുണം ചെയ്യുന്നതുപോലെ,​ തിക്താനുഭവങ്ങൾപോലും പിന്നീട് നല്ല മാറ്റങ്ങൾ കൊണ്ടുവരാം. പ്രതിബന്ധങ്ങളൊന്നും

ഉണ്ടാകരുത് എന്നു ചിന്തിക്കരുത്. കടലിലെ തിരമാലകൾ പൂർണമായി അടങ്ങുന്നതിനായി തീരത്ത് കാത്തുനിൽക്കുന്നതുപോലെയാണ് അത്.

സമയം വിലപ്പെട്ടതാണ്. അതിനാൽ സമയം ഒട്ടും പാഴാക്കാതെ വിവേകപൂർവം പ്രയത്നിക്കണം. പ്രതിസന്ധികൾ നമ്മുടെ ഇച്ഛാശക്തിയെയും കഴിവിനെയും ഉണർത്തുന്നവയാണ്. ജീവിതത്തിലെ പ്രതിസന്ധികൾ ഈശ്വരൻ നമുക്കായി ഒരുക്കിയ അവസരങ്ങളാണെന്നു കാണാൻ കഴിഞ്ഞാൽ അവിടുത്തോടുള്ള നന്ദി നമ്മുടെ മനസിൽ നിറയും. യഥാർത്ഥത്തിൽ എല്ലാ പ്രതികൂല ജീവിതാനുഭവങ്ങളും നമ്മുടെ ഗുരുക്കന്മാരാണ്.

TAGS: AMRITANANDAMAYI DEVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY