
'ഇന്ന്, നമുക്കൊരു കടങ്കഥ കേട്ടാലോ, നല്ല രസമുള്ള കഥ!, എന്താ കേൾക്കാമല്ലേ, എന്നാൽ, കേട്ടോളു: 'മുമ്പെ വന്നവർ, പിന്നിലായിടും, പിമ്പെ വന്നവർ, മുന്നിലായിടും 'അങ്ങനെയുള്ളയൊരു 'ക്യൂ"! പക്ഷെ, പരാതിക്കാരില്ല, ഇടയിൽ കയറാൻ, അധികമാരും ആഗ്രഹിക്കുന്നുമില്ല! ആ 'ക്യൂ"വിന്റെ പേരെന്താണ്? ഉത്തരം അറിയാവുന്നവർ കൈ ഉയർത്തി കാണിക്കണ്ട, മനസിൽ സൂക്ഷിച്ചാൽ മതി, അവസാനം നമുക്കു നോക്കാം! ഉത്തരം അറിയാത്തവർക്കായി ചില 'ക്ലൂ"തരാം, എന്താ നോക്കാമല്ലേ! വീണ്ടുമൊരു പുതുവർഷ പൊൻപുലരി കൂടി കാണാനുള്ള സൗഭാഗ്യം ലഭിച്ചവരാണ് നമ്മളെല്ലാവരും! ഇവിടെ 'സൗഭാഗ്യ"മെന്നു പറയാൻ കാരണം, നമ്മളോടൊപ്പം ഈ പുതുവർഷവും കാണാനുണ്ടാകുമെന്നു നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്ന എത്രയെത്ര പ്രിയപ്പെട്ടവരെയാണ് പോയവർഷം കൂടെ കൂട്ടിക്കൊണ്ടു പോയത് എന്ന ചിന്ത കൊണ്ടുതന്നെയാണ്! ഇത്, എല്ലാവർഷവും കൃത്യമായി നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് എന്ന യുക്തി ചിന്തയിൽ നമുക്ക് സമാധാനം കണ്ടെത്താമെങ്കിലും, ഇനി വരാൻ പോകുന്ന, ഇതുവരെ നമ്മൾ കണ്ടതിനേക്കാൾ, അതിസുന്ദരദിനങ്ങളെ വരവേൽക്കാൻ ആരൊക്കെയിവിടെയുണ്ടാകുമെന്ന് ആർക്കെങ്കിലും ഇപ്പോൾ പറയാൻ കഴിയുമോ? അതെ, 'മുമ്പെ വന്നവർ, പിന്നിലായിടുന്ന, പിമ്പെ വന്നവർ, മുന്നിലായിടുന്നൊരു അത്ഭുതപ്രതിഭാസമല്ലേ മർത്ത്യജീവിതം! മാതാപിതാക്കളിരിക്കവേ, മക്കൾ കടന്നുപോകുന്നു. മുത്തച്ഛനിരിക്കവേ, കൊച്ചുമക്കൾ പോകുന്നില്ലേ! അപ്പോൾ, 'ക്യൂ" ആകെ തെറ്റിയില്ലേ?അപ്രകാരം 'ക്യൂ" തെറ്റിച്ചാൽ, പരാതിപ്പെടേണ്ടത് എവിടെയാണ്? എന്നാൽ, ആ 'ക്യൂ" വിൽ ഇടയ്ക്കുകയറാൻ തിക്കും, തിരക്കുമുണ്ടോ!ഏയ്, ഇല്ലെന്നേ, പതുക്കെ മതി! അപ്പോൾ, കടങ്കഥ ഇഷ്ടപ്പെട്ടോ, അതോ, ഉത്തരമാണോ ഇഷ്ടമായത്! അതോ, ഒന്നും ഇഷ്ടപ്പെട്ടില്ലേ?" ഇത്രയും പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, അപ്രിയ സത്യമെന്തോ കേട്ടതുപോലുള്ള ഒരു ഭാവമായിരുന്നു മിക്കമുഖങ്ങളിലും കണ്ടത്. അതുകൊണ്ടു തന്നെ, സദസ്യരെയാകെ, ഹൃദയത്തിലുൾക്കൊണ്ട ഭാവത്തിൽ വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു: 'സെന്റിനേറിയൻമാർ അഥവാ നൂറുവയസ് പൂർത്തിയാക്കിയവർ ഏറ്റവും കൂടുതലുള്ള രാജ്യം മുമ്പ് ജപ്പാനായിരുന്നുവെങ്കിൽ ഇപ്പോൾ അത് 72000 പേരുള്ള അമേരിക്കയാണ്. ഇതിൽ, മൂന്നാം സ്ഥാനം ചൈനയ്ക്കും, നാലാം സ്ഥാനക്കാരായ ഇന്ത്യയിൽ 27000 പേർ. എന്നാൽ, കേരളത്തിൽ, 2019ലെ കണക്കുകൾ പ്രകാരം 2230 ആളുകൾ നൂറ് കഴിഞ്ഞവരാണ്. ഇവരിൽ, 794 പേർ പുരുഷന്മാരും, 1436 പേർ സ്ത്രീകളുമാണ്. ചിലപ്പോൾ ഇപ്പോഴത്തെ കണക്കിൽ ചില, ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കാം. എന്നാലും, നമ്മുടെ 'ക്യൂ" ൽ തെറ്റൽ കണ്ടോ! സത്യത്തിൽ ഇന്നത്തെ ഒരു ശരാശരി വ്യക്തി ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണ്? ഉത്തരം വളരെ ലളിതം, അവനവനോടുപോലും ആത്മാർത്ഥതയില്ല, അന്യരെ സ്നേഹിക്കാത്തതുപോട്ടെയെന്നാണ് തിരിച്ചറിവുള്ളവർ ചൂണ്ടിക്കാട്ടുന്നത്! ഇവിടെയാണ് ജീവിതത്തിന്റെ വില മനസിലാക്കി ജീവിക്കണമെന്നു പറയുന്നതിലെ പൊരുൾ കുടികൊള്ളുന്നത്. മരണമൊരു സത്യമാണെങ്കിലും, മനുഷ്യജീവിതം വെറുതെ മരിക്കാനുള്ളതല്ലയെന്ന അറിവാണ് ശരിയായ തിരിച്ചറിവ്! മരിച്ചുപോയ മകന്റെ മകൾ സിവിൽ സർവീസ് പരീ ക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയതിന്റെ അളവില്ലാത്ത സന്തോഷത്താൽ, മുത്തച്ഛൻ സമ്മാനങ്ങളുമായി കൊച്ചുമകളെ കാണാൻ ചെന്നു. തന്റെ അഭിമാന വിജയമാഘോഷിക്കാനെത്തിയ സുഹൃത്തുക്കളെയും, അദ്ധ്യാപകരേയും മറ്റും സ്വീകരിക്കുന്നതിരക്കിൽ, ആ മിടുമിടുക്കി, തന്റെ മുത്തച്ഛനെ കണ്ടതായിപോലും ഭാവിച്ചില്ല. ഒടുവിൽ, തന്റെ കൊച്ചുമകളുടെ പിന്നാലെ നടന്നു ക്ഷീണിച്ച അദ്ദേഹം, ഒഴിഞ്ഞൊരു കോണിലിരുപ്പായി. മണിക്കൂറുകൾക്കുശേഷം, അഥിതികളിലാരോ കൊച്ചുമകളോടുതിരക്കി, അപ്രകാരമവിടെയിരിക്കുന്നത് ആരാണെന്ന്. ഉടൻതന്നെ മിടുക്കിയുടെ മറുപടിയും വന്നു: 'ങാ". അതോടെ മുത്തച്ഛന് നിറഞ്ഞു! നമ്മളെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്ന, അല്ലെങ്കിൽ നമ്മുടെ സാന്നിധ്യം സന്തോഷമായി കാണുന്ന ആരെയെങ്കിലും നമുക്കും സ്നേഹിക്കണം; അത് പങ്കാളി, മാതാപിതാക്കൾ,സുഹൃ ത്തുക്കൾ,മക്കൾ, അല്ലെങ്കിൽ സ്വയംപോലും ആകാം, കാരണം ഇത് വ്യക്തിപരമായ അനുഭവ ങ്ങളെയും മൂല്യങ്ങളെയും ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണല്ലോ!നമ്മളെ പൂർണ്ണമായി മനസ്സിലാക്കുന്ന, വിശ്വസിക്കുന്ന ഒരാളെ യെങ്കിലുംനമുക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നമുക്കുകിട്ടിയത് മനുഷ്യജന്മമെന്ന കണക്കിൽപ്പെടുത്താൻ കഴിയുമോ? ഒരു പക്ഷെ, അവരുടെ പ്രതീക്ഷക്കൊത്ത് നില്ക്കാനായില്ലെങ്കിലും, അങ്ങനെയുള്ളവരെ അവഗണിക്കരുത്. അവഗണനയോളം കഠിനവേദന മറ്റൊന്നില്ലെന്നറിയുക! അതിനാൽ, പുതുവർഷത്തെ കൂടുതൽ ധന്യവും അർത്ഥവത്തുമാക്കുന്ന നിലയിൽ നമുക്കൊരു പ്രതിജ്ഞപുതു ക്കാം: ഇനിയുള്ള ജീവിതത്തിൽ നമ്മളെ മനസിലാക്കി, വിശ്വസിച്ച്, നമ്മോട് സ്നേഹം പങ്കിടുന്ന ഒരു സഹജീവിയേയുംനമ്മൾ അവഗണിക്കില്ല. ഈ പ്രതിജ്ഞ ചിട്ടയായി നമുക്ക് പാലിക്കാൻ കഴിയട്ടെ." ഇത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകനിറങ്ങിയപ്പോൾ, സദസ്യരിൽ പലരും നമ്മുടെ 'മിടുമിടുക്കി" ജില്ലാ കളക്ടറായാൽ, വരാൻ പോകുന്ന 'നല്ലദിനങ്ങളെ" നെഞ്ചിലേറ്റിയ ചിന്തകളിലായിരുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |