
ലീഡ്- സർവ്വം മായയുമായി 100 കോടി ക്ളബ് കയറുന്ന നിവിൻ പോളി സംസാരിക്കുന്നു
'പഴയ നിവിൻ പോളി'യെ തിരികെ തന്ന സർവ്വം മായ. ആറു വർഷത്തിനുശേഷം 50 കോടി ക്ളബ് കയറുന്ന നിവിൻ പോളി സിനിമ . തിരിച്ചു വരവ് എന്നു പറയുമ്പോൾ ഇങ്ങനെയാകണം. ഒരു 'മായ'പോലെ തന്നെ കയറി വന്നു. ക്രിസ് മസ് ദിനത്തിൽ റിലീസ് ചെയ്ത സർവ്വം മായ അഞ്ചാം ദിനത്തിൽ അൻപതു കോടി. ആറാം ദിനത്തിൽ അറുപതു കോടി.ഏറെ നാളുകൾക്കുശേഷം എല്ലാ വിഭാഗം പ്രേക്ഷകരെയും ചിരിപ്പിക്കുകയാണ് നിവിൻ പോളിയും കൂട്ടരും .അപ്പോൾ 100 കോടി തന്നെ ഉറപ്പിക്കാം. സിനിമയിലേക്ക് ശക്തമായ മടങ്ങി വരവ് നടത്തി പഴയ നിവിൻ പോളിയെ പ്രേക്ഷകർക്ക് തിരികെ സമ്മാനിച്ച സം വിധായകൻ അഖിൽ സത്യൻ കൈയടി നേടുന്നു . ഡെലുലൂവിനുമുണ്ട് വലിയ കരഘോഷം. സിനിമയിലെ നിവിൻ യാത്രയിൽ വീണ്ടും വിജയ തിളങ്ങൾ . സർവ്വം മായ എന്ന സൂപ്പർ ഹിറ്റ് സമ്മാനവുമായി നിവിൻ പോളി 2026 ലേക്ക് കയറി.
അന്ന് പാച്ചു ആകാൻ കഴിയാതെ സർവ്വം മായിലെ പ്രമേന്ദു എന്ന കഥാപാത്രമാകാൻ അഖിൽ സത്യന് കൈ കൊടുക്കുമ്പോൾ എന്തായിരുന്നു മനസിൽ ?
പാച്ചുവും അത്ഭുത വിളക്കിനുശേഷവും അഖിലുമായി ചർച്ചകൾ നടന്നുകൊണ്ടിരുന്നു, ബേബി ഗേളിന്റെ ഷൂട്ടിംഗിനിടെയാണ് സർവ്വം മായയുടെ കഥ കേൾക്കുന്നത്, കഥ കേട്ട് ഒമ്പത് ദിവസങ്ങൾക്ക് ശേഷം ചിത്രീകരണം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കഥാപാത്രം ഭാരം കുറഞ്ഞതും പൊരുത്തപ്പെടുന്നതുമാണ്, കുടുംബങ്ങളും യുവ പ്രേക്ഷകരും എന്നെ എപ്പോഴും പിന്തുണച്ച കാണാൻ ഇഷ്ടപ്പെടുന്ന തരം കഥാപാത്രം എന്നത് ആകർഷിച്ചു. ശക് തമായ തിരിച്ചുവരവിന് ഇത് ശരിയായ സമയമാണെന്ന് തോന്നി.
നിവിൻ - അജു കോമ്പിനേഷൻ ആവർത്തിക്കുന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ?
സ്‌ക്രീനിൽ ഞങ്ങളുടെ കെമസ്ട്രി വർക്ക് ഒൗട്ട് ആകുന്നതിന്റെ കാരണം എന്തെന്ന് ഒരിക്കലും ആലോചിച്ചിട്ടേയില്ല. സ്‌ക്രീനിന് പുറത്ത് ഞങ്ങൾ തമ്മിൽ വലിയ സൗഹൃദം ആണ് . അതിന്റെ സ്പാർക്ക് സിനിമയിൽ പ്രതിഫലിക്കുന്നുണ്ടാകാം. അല്ലാതെ അതിനെപ്പറ്റി ഞങ്ങൾ അമിതമായി ചിന്തിക്കുന്നില്ല, പത്ത് സിനിമകൾക്ക് ശേഷവും പ്രേക്ഷകർ ഞങ്ങളുടെ കോമ്പിനേഷൻ ആസ്വദിക്കുന്നുണ്ടെങ്കിൽ, അത് ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങൾ കരുതുന്നു.
സിനിമയിലെ 15 വർഷത്തെ യാത്ര നൽകിയ പഠനം എങ്ങനെയുണ്ട് ?
വളരെയധികം പഠനങ്ങൾ നിറഞ്ഞ യാത്രയായിരുന്നു അത്. മലർവാടി ആർട്‌സ് ക്ലബ് മുതൽ സർവ്വം മായ വരെ, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങൾ അനുഭവിച്ചിട്ടുണ്ട്, പരാജയം നേരിട്ടപ്പോൾ പഠനത്തിൽനിന്ന് ലഭിച്ച പാഠങ്ങൾ ആണ് എന്നെ മുന്നോട്ട് നയിച്ചത്. നല്ല കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷകരെ വിനോദിപ്പിക്കാനുമുള്ള ആഗ്രഹം ആദ്യ ദിവസത്തെപ്പോലെ തന്നെ ഇപ്പോഴും ശക്തമാണ്. തീർച്ചയായും അത് എന്നും കൂടെ ഉണ്ടാകും എന്നാണ് വിശ്വാസം.
യെഴു കടൽ യെഴു മലൈയിൽ നിന്ന് ബെൻസിലേക്ക് എങ്ങനെ മാറാൻ സാധിച്ചു ?
യെഴു കടൽ യെഴു മലൈയിൽ റാം സാറിനൊപ്പം പ്രവർത്തിക്കുക എന്നത് തീവ്രമായ ആഗ്രഹവും ശാരീരികമായി ബുദ്ധിമുട്ട് നിറഞ്ഞ യാത്ര കൂടിയായിരുന്നു, അത് നടൻ എന്ന നിലയിൽ എന്റെ പരിധികൾ ഭേദിച്ചു. കഥാപാത്രമായി മാറാൻ അത്രമാത്രം തയാറെടുപ്പ് നടത്തി. ക്രൂരമായ വില്ലൻ വേഷം ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചതാണ്. അതിനാൽ ബെൻസിലെ വാൾട്ടർ എന്ന കഥാപാത്രം ലഭിച്ചപ്പോൾ കൈ നീട്ടി സ്വീകരിച്ചു.എനിക്ക് മറ്റൊന്നും ആലോചിക്കാനേ ഇല്ലയായിരുന്നു.അത്രമാത്രം ശക്തമായ കഥാപാത്രം.
വിനീത് ശ്രീനിവാസൻ സ്കൂളിൽ ഇനി എപ്പോഴായിരിക്കും ?
വീണ്ടും ഒരുമിക്കുന്നതിന് ഞങ്ങൾ പലപ്പോഴും ഒത്തുച്ചേരാറുണ്ട്. ഒരുമിക്കുന്നതിന് വേണ്ടി മാത്രം ഒരിക്കലും ഞങ്ങൾ ഒരു സിനിമ ചെയ്യില്ല. അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങൾ രണ്ടുപേരും പരസ്പരം മനസിലാക്കുന്നു. ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ ആവേശഭരിതരാക്കുന്ന തിരക്കഥ ലഭിക്കാൻ കാത്തിരിക്കുന്നു. അത് സംഭവിച്ചുകഴിഞ്ഞാൽ തീർച്ചയായും ആരംഭിക്കും.വൈകാതെ അത് സംഭവിക്കട്ടെ.
പുതുവർഷത്തിൽ നിവിനിൽ നിന്ന് പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷാം ?
പ്രേക്ഷകരുടെ സ്നേഹം തുടർന്നും കിട്ടുന്ന സിനിമകൾ ചെയ്യാനാണ് ആഗ്രഹം. അതിനുവേണ്ടി ശ്രമം നടത്തുന്നു. ബേബി ഗേൾ ആണ് അടുത്ത റിലീസ്. യെഴു കടൽ യെഴു മലൈ, ബെൻസ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവരും ഈ നിരയിൽ ഉൾപ്പെടുന്നു. ബി. ഉണ്ണികൃഷ്ണൻ സാറിനൊപ്പം ഒരു പ്രോജക്റ്റും മറ്റ് ചില ആവേശകരമായ പ്രോജക്ടുകളും ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |