
പാലക്കാട്/ പട്ടാമ്പി: ദീർഘനാളുകൾക്ക് ശേഷം സംസ്ഥാനത്ത് നാളികേരം വിലയിൽ ഇടിവ് പ്രകടമായതോടെ കവുങ്ങ് പുതിയ പ്രതീക്ഷയാവുകയാണ്. വിപണിയിലെ വെറും കയറ്റിറക്കമല്ല. ആവശ്യകത കൂടുന്നു എന്നാണ് സൂചനകൾ. വ്യാവസായിക ആവശ്യങ്ങളിൽ കാർഷിക വസ്തുവായ അടയ്ക്കയ്ക്ക് ഡിമാന്റ് വർദ്ധിച്ചിട്ടുണ്ട്. ഇതോടെ കൊട്ടടയ്ക്കയുടെ വിലയും കുതിക്കുകയാണ്.
കഴിഞ്ഞ സീസണിൽ തളർച്ചയിലായിരുന്ന വിപണി ഉണർന്ന് വില 495 - 510 രൂപയിലെത്തി. മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളം വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന വില കൂപ്പുകുത്തിയതോടെ കർഷകർ നിരാശയിലായിരുന്നു. ഇപ്പോൾ ഉയർച്ച 495 - 510 രൂപയിലെത്തി. പുതിയ അടയ്ക്കയുടെ വില ക്വിന്റലിന് 40,000- 50,000 വരെ എത്തി. കിലോയ്ക്ക് 400 രൂപവരെ ലഭിക്കുന്നു. കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിങ്ങനെ ഗുണനിലവാരം കുറഞ്ഞ തിരിവ് ഇനങ്ങളുടെ വിലയിലും വർദ്ധനയുണ്ട്.
പെയിന്റ് കമ്പനികൾ വർദ്ധിച്ചതാണ് അടക്കയുടെ നല്ല കാലത്തിന് കാരണമായി പറയുന്നത്. പാക്ക് നിർമ്മാണത്തിന് പുറമെ പെയിന്റ് നിർമാണത്തിനും അടയ്ക്ക കാര്യമായി ഉപയോഗിക്കുന്നു. ഇറക്കുമതിയിലുണ്ടായ കുറവുമൂലം ഉത്തരേന്ത്യൻ വിപണിയിൽ വലിയ ഡിമാന്റ് നിലനിൽക്കുന്നുണ്ട്.
ചാലിശേരിയിൽ പുതുവർഷ കച്ചവടം പൊടിപൊടിച്ചു
കേരളത്തിലെ പ്രധാന അടക്ക വിപണന കേന്ദ്രമായ ചാലിശേരി പഴയ അടക്ക കേന്ദ്രത്തിൽ പുതുവർഷ കച്ചവടം കർഷകർക്ക് പ്രതീക്ഷയായി. കഴിഞ്ഞദിവസം ചാലിശ്ശേരിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 1500 ചാക്ക് അടക്ക വിൽപനക്കായെത്തിച്ചു. പുതുവർഷ ലേലത്തിൽ പുതിയ അടക്ക കിലോക്ക് 450, പഴയത് 475 രൂപ നിരക്കിലായിരുന്നു വിൽപന. 97.500 കിലോ (4875 തുലാം) അടക്കയാണ് ലേലം നടന്നത്. ഇതൊരു സർവ കാല റെക്കോർഡാണ്. ഉൽപാദനം കുറഞ്ഞതോടെ പ്രാദേശിക അടക്കയുടെ ഡിമാൻഡ് നിലനിൽക്കുന്നത് കർഷകർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
അടക്കയുടെ താരിഫ് മൂല്യം മെട്രിക് ടണ്ണിന് 7679 ഡോളറായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ഇറക്കുമതി നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. മലബാർ അടക്ക എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിന്റെ നാണ്യവിളക്ക് ഉത്തരേന്ത്യൻ സുപാരി വ്യാപാര കേന്ദ്രങ്ങളായ ഇൻഡോർ, കാൺപൂർ, നാഗപൂർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിടങ്ങളിൽ വൻ ഡിമാൻഡാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |