
ചെന്നൈ: സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്. 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ പദ്ധതി" (ടി.എ.പി.എസ്) പ്രകാരം
ജീവനക്കാർക്ക് അവരുടെ അവസാന മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ ലഭിക്കും. ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെൻഷൻ ഫണ്ടിലേക്ക് നൽകണം. അധിക ഫണ്ട് സംസ്ഥാന സർക്കാർ വഹിക്കും. ഇതിനായി പ്രതിവർഷം 11,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
പെൻഷൻകാർക്ക് സർക്കാർ ജീവനക്കാരുടേതിന് തുല്യമായി വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത (ഡി.എ) വർദ്ധനവ് നൽകും. പെൻഷൻകാരൻ മരിച്ചാൽ, അദ്ദേഹത്തിന് ലഭിച്ചിരുന്ന പെൻഷന്റെ 60 ശതമാനം നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗത്തിന് കുടുംബ പെൻഷനായി നൽകും.
വിരമിക്കൽ സമയത്ത്, അല്ലെങ്കിൽ സേവനത്തിനിടെയാണ് മരണമെങ്കിൽ സേവന കാലാവധിയെ അടിസ്ഥാനമാക്കി 25 ലക്ഷം രൂപയിൽ കവിയാത്ത ഗ്രാറ്റുവിറ്റി നൽകും. പദ്ധതി നടപ്പായശേഷം പെൻഷൻ ലഭിക്കാനാവശ്യമായ യോഗ്യതാ സേവന കാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ നൽകും.
കോൺട്രിബ്യൂട്ടറി പെൻഷൻ സ്‌കീം (പങ്കാളിത്ത പെൻഷൻ) പ്രകാരം സർവീസിൽ ചേരുകയും ടി.എ.പി.എസ് നടപ്പിലാക്കുന്നതിന് മുമ്പുള്ള കാലയളവിൽ വിരമിക്കുകയും ചെയ്ത ജീവനക്കാർക്ക് 'പ്രത്യേക കാരുണ്യ പെൻഷൻ". പഴയ പെൻഷൻ പദ്ധതി പ്രകാരം സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും മുമ്പ് ലഭിച്ചിരുന്ന പെൻഷനും വിവിധ ആനുകൂല്യങ്ങളും തുടർന്നും നൽകുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |