
നെടുമങ്ങാട്/ തിരുവനന്തപുരം: നീതിന്യായ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി തെളിവായ തൊണ്ടിമുതൽ അട്ടിമറിച്ച് കുറ്റവാളിക്ക് അനുകൂലമായ വിധിക്ക് സാഹചര്യമൊരുക്കിയ കുറ്റത്തിന് അഭിഭാഷകനായ മുൻമന്ത്രി ആന്റണി രാജു എം.എൽ.എയ്ക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ശിക്ഷാകാലയളവ് മൂന്നുവർഷമായതിനാൽ ഒരു മാസത്തെ ജാമ്യം ലഭിച്ചു. മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശമാണിത്. ഒന്നാം പ്രതിയായ തിരുവനന്തപുരം സെഷൻസ് കോടതിയിലെ ക്ലാർക്കായിരുന്ന കെ.എ.ജോസിനും കുറ്റകൃത്യത്തിൽ തുല്യപങ്കാളിത്തം കണ്ടെത്തിയ കോടതി സമാനശിക്ഷ വിധിച്ചു.
രണ്ടു വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാകുമെന്ന ജനപ്രാതിനിദ്ധ്യ നിയമ പ്രകാരം തിരുവനന്തപുരം മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം നഷ്ടമാവും. അയോഗ്യതാ വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കും. ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയ തിരുവനന്തപുരം സീറ്റ് സി.പി.എം തിരിച്ചെടുത്തേക്കും.
വിവിധ കുറ്റങ്ങൾക്ക് മൊത്തം ആറര വർഷത്തെ തടവാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് റൂബി ഇസ്മയിൽ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് മൂന്നുവർഷത്തെ തടവായി ചുരുങ്ങിയത്.
കേസും തിരിമറിയും
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ആൻഡ്രൂ സാൽവദോർ സർവലിയ എന്ന ഓസ്‌ട്രേലിയൻ പൗരന്റെ അടിവസ്ത്രത്തിൽനിന്ന് 61ഗ്രാം ഹാഷിഷ് പിടികൂടി.
അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിക്കുവേണ്ടി കേസ് വാദിച്ചത്. സെലിന്റെ ജൂനിയറായിരുന്നു ആന്റണി രാജു. 10വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ആൻഡ്രൂവിന്റെ ബന്ധു പോൾ നാട്ടിലെത്തി. സ്വകാര്യ വസ്തുക്കൾ വിട്ടു നൽകണമെന്ന ഹർജി പോളിനു വേണ്ടി ആന്റണി രാജു ഫയൽ ചെയ്തു.
പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം കോടതി ക്ലാർക്കായിരുന്ന ജോസിന്റെ സഹായത്തോടെ കൈക്കലാക്കി.
അടിവസ്ത്രം മുറിച്ച് ചെറുതാക്കി തുന്നിപ്പിടിപ്പിച്ച് വിചാരണയ്ക്ക് മുൻപ് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ഹൈക്കോടതി കുറ്റവിമുക്തനാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |