
തിരുവനന്തപുരം: ഒരു താലിമാല കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമസ്ഥരില്ലേ? എന്നു പറയുന്നത് അവിവേകം ആണെങ്കിലും അതാണ് തമ്പാനൂർ റെയിൽവേ പൊലീസിന്റെ സ്ഥിതി. 3.5 ലക്ഷത്തോളം രൂപ വിലയുള്ളതാണ് താലിമാല. ഉടമയെ തെരയുകയാണ് തമ്പാനൂർ റെയിൽവേ പൊലീസ്. റെയിൽവെ സ്റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്ന് കഴിഞ്ഞവർഷം സെപ്‌തംബർ 13നാണ് തെക്കൻ കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന സ്വർണ താലിമാല കിട്ടിയത്. മറ്റടയാളങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതിനാൽ തൂക്കമോ മോഡലോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഒരു യാത്രക്കാരിക്കാണ് ടോയ്‌ലറ്റിൽ നിന്ന് മാല കിട്ടയത്. അവർ അത് പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. പരിഭ്രാന്തിയോടെ ഉടമ അന്വേഷിച്ചെത്തുമെന്നാണ് പൊലീസ് കരുതിയത്. പക്ഷേ, ആരുമെത്തിയില്ല. ഇതിനിടെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സന്ദേശം കൈമാറിയെങ്കിലും ഫലമുണ്ടായില്ല. മാല നഷ്ടപ്പെട്ടത് സംബന്ധിച്ച് പൊലീസിലും പരാതി ലഭിച്ചിട്ടില്ല.
മാല റെയിൽവേ പൊലീസിന്റെ പക്കലുണ്ടെന്ന് അറിയാത്ത മറ്റു ജില്ലയിലുള്ള ആളാകും ഉടമയെന്നാണ് സംശയം. ഉടമസ്ഥരെത്തി കൃത്യമായ അടയാളം പറഞ്ഞാൽ മാല തിരികെക്കിട്ടും. ഇതിനായി 9497981113, 8281621941 എന്നീ നമ്പരുകളിൽ തമ്പാനൂർ റെയിൽവേ പൊലീസിൽ ബന്ധപ്പെടാം.
'കളഞ്ഞുകിട്ടുന്ന വസ്തുക്കൾ തേടി ഉടമസ്ഥർ എത്താറുണ്ട്. വിലപിടിപ്പുള്ള സ്വർണമായിട്ടും ആരും വരാത്തത് അമ്പരിപ്പിക്കുന്നു."
ജയൻ.സി
സബ് ഇൻസ്‌പെക്ടർ
തമ്പാനൂർ റെയിൽവേ പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |