
ഒറ്റപ്പാലം: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്. വീട്ടാമ്പാറ ചുങ്കത്ത് ജയകൃഷ്ണന്റെയും ജിഷയുടെയും മകൻ ശ്രീഹർഷിനാണ് കാലിന് പരിക്കേറ്റത്. അമ്മ ജിഷയോടൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. ബാൾ പോലെയുള്ള പ്ലാസ്റ്റിക്ക് വസ്തുവാണ് കാല് കൊണ്ട് തട്ടിയത്തിന് പിന്നാലെ പൊട്ടിത്തെറിച്ചത്. വലത് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പന്നിപ്പടക്കമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സെന്റ് ജോസഫ് സ്‌കൂളിന് സമീപത്താണ് ശ്രീഹർഷിന്റെ വീട്. ഇവിടെ നിന്ന് കുറച്ച് മാറിയുള്ള വാടാനാംകുറുശ്ശി എൽപി സ്‌കൂളിന് സമീപത്തെ തറവാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്ത് ഒറ്റപ്പാലം പൊലീസ് ഇൻസ്‌പെക്ടർ എ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. സംഭവത്തിൽ എക്സ്‌പ്ലോസീവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. പൊട്ടിത്തെറിച്ച രീതിയുൾപ്പടെ വിലയിരുത്തിയാണ് പൊലീസ് പന്നിപ്പടക്കമാകാമെന്ന് നിഗമനത്തിലെത്തിയിട്ടുള്ളത്. സ്ഥിരീകരിക്കുന്നതിനായി വിശദമായ പരിശോധന നടത്തും. ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സയന്റിഫിക് സംഘവും തിങ്കളാഴ്ച സ്ഥലത്ത് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |