
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചെന്ന കേസിൽ 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയാണ് രാഹുൽ ഈശ്വറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. അതിജീവിതയെ അവഹേളിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥയിലായിരുന്നു കോടതി രാഹുൽ ഈശ്വറിന് ജാമ്യം നൽകിയത്. എന്നാൽ അതിജീവിതയ്‌ക്കെതിരെ സൈബറാക്രമണത്തിന് സാഹചര്യമൊരുക്കുന്ന നിലയിൽ രാഹുൽ ഈശ്വർ പ്രവർത്തിച്ചുവെന്നാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ അതിജീവിതയെ അവഹേളിക്കുന്ന രീതിയിൽ പ്രതികരണം നടത്തിയത്.
യുവതിയുടെ ഭർത്താവായിരുന്ന യുവാവാണ് യഥാർത്ഥ ഇര എന്നായിരുന്നു ഫേസ്ബുക്കിലൂടെ രാഹുൽ ഈശ്വർ പ്രതികരിച്ചത്. യുവതിയെ വ്യാജ പരാതിക്കാരിയെന്നും രാഹുൽ പോസ്റ്റിൽ പറയുന്നു. (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോയെന്നും, ഒരു മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കിൽ ഇപ്പോഴും ഭർത്താവെങ്ങനെ ഉണ്ടാകും എന്ന ചോദ്യവും രാഹുൽ ഉയർത്തി. താൻ മാത്രമാണ് സത്യം പറയുന്നതെന്നും രാഹുൽ പോസ്റ്റിൽ അവകാശപ്പെടുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് കൈമാറി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |