
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മൂന്നു വർഷം ശിക്ഷിക്കപ്പെട്ട ആന്റണി രാജു അയോഗ്യനായെന്ന വിവരം അറിയിച്ച് നിയമസഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഒഴിവ് വന്നു. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
ജനപ്രാതിനിധ്യ നിയമത്തെ സംബന്ധിച്ച 2013-ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എം.പിയോ എം.എൽ.എയോ, രണ്ടു വർഷമോ അതിലധികം കാലത്തേയ്‌ക്കോ ശിക്ഷിക്കപ്പെട്ടാൽ അപ്പോൾത്തന്നെ അയോഗ്യനാവും. രാജി വയ്ക്കാതെ
തന്നെ, ശിക്ഷാവിധിക്ക് പിന്നാലെ ആന്റണി രാജു അയോഗ്യനായിരുന്നു. മണ്ഡലത്തിൽ അംഗത്തിന്റെ ഒഴിവുണ്ടെന്ന് വിജ്ഞാപനം ചെയ്യുന്ന നിയമസഭയുടെ നടപടി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
ആന്റണി രാജുവിനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യതയുണ്ട്. ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത. മേൽക്കോടതികൾ സ്റ്റേ ചെയ്താലേ അയോഗ്യത ഒഴിവാകൂ. അപ്പീൽ നൽകാൻ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എം.എൽ.എ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാം പ്രതിയാണ് അദ്ദേഹം. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്റണി രാജു മേൽക്കോടതിയെ വൈകാതെ സമീപിച്ചേക്കും.
അച്ചടക്ക നടപടിക്ക് ബാർ കൗൺസിൽ
തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട അഡ്വ. ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ബാർ കൗൺസിലിന്റെ മൂന്നംഗ അച്ചടക്ക സമിതി ഒൻപതിനാണ് ഈ വിഷയം പരിഗണിക്കും.ആദ്യം നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.
ആന്റണി രാജുവിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കാൻ പരാതി
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ചെയർമാന് പരാതി. അഭിഭാഷകവൃത്തിക്ക് നിരക്കാത്ത പ്രവൃത്തിയാണ് ആന്റണി രാജുവിന്റേതെന്ന് കോടതിവിധിയിലൂടെ വ്യക്തമായതായി ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗിന്റെ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |