
ന്യൂഡൽഹി: മന്നം സമാധിയിൽ പോയപ്പോൾ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നും നായർ സമുദായാംഗമെന്ന നിലയിലെ അവകാശം ലംഘിക്കപ്പെട്ടെന്നും പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ്. 2022ൽ ഗവർണറായി ചുമതലയേൽക്കും മുൻപ് പെരുന്നയിലെ മന്നം സമാധി സന്ദർശിച്ചപ്പോഴുണ്ടായ അനുഭവമാണ് കഴിഞ്ഞദിവസം ഡൽഹിയിൽ മന്നം ജയന്തി ആഘോഷച്ചടങ്ങിൽ അദ്ദേഹം പങ്കുവച്ചത്.
എൻ.എസ്.എസ് കരയോഗമാണ് തന്നെ ഗവർണർ പദവിക്ക് യോഗ്യനാക്കിയത്. ഗവർണറായി ചുമതലയേൽക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചപ്പോൾ മന്നത്ത് ആചാര്യന്റെ സമാധി സ്ഥലത്തുപോയി പുഷ‌്പാർച്ചന നടത്താൻ എൻ.എസ്.എസ് നേതൃത്വത്തിന്റെ അനുമതി തേടി. ജനറൽ സെക്രട്ടറിയുടെ അപ്പോയിന്റ്മെന്റ് കിട്ടി.
അവിടെ ചെന്നപ്പോൾ ജനറൽ സെക്രട്ടറി കാറിന്റെ അടുത്തുവന്ന് ഡോർ തുറന്ന് സ്വീകരിച്ചു. ചായ തന്ന് സംസാരിച്ച് തിരിച്ചയച്ചു. സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. നായർ സമുദായത്തിൽ പിറന്നവർക്കെല്ലാം മന്നത്താചാര്യന്റെ സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അവകാശമില്ലേ. അത് ചിലർക്ക് മാത്രമുള്ള കുത്തക അവകാശമാണോ. പെരുന്നയിലെ കാവൽക്കാരനെ കാണാനല്ല അവിടെ പോകുന്നത്. ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മാരകം നിർമ്മിക്കണമെന്നും അതിന് ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം തള്ളി സുകുമാരൻ നായർ
സി.വി.ആനന്ദബോസ് മന്നം സമാധിയിൽ വന്നിട്ട് കയറാൻ കഴിയാതെ പോയിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആനന്ദബോസ് എന്തെങ്കിലും മനസിൽ വച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. പ്രശ്നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്. ആനന്ദബോസ് പെരുന്നയിൽ വന്നിട്ടുണ്ട്, പുഷ്പാർച്ചന നടത്തിയിട്ടുമുണ്ട്. അസമയത്ത് ഏതെങ്കിലും ഭ്രാന്തൻ വന്ന് അകത്തുകയറി തൊഴുതിട്ടു പോയാൽ ആര് സമാധാനം പറയും. ഞങ്ങൾക്കെതിരെ പറയുന്നവർ പറയട്ടെ. മോഹൻലാൽ വന്ന് തൊഴുതിട്ടു പോയിട്ട് ഇവിടെ കയറ്റിയില്ല എന്നുവരെ പറഞ്ഞു പരത്തിയില്ലേയെന്നും പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |