
ആദ്യമായി സിവിൽ സർവീസ് പരീക്ഷ മലയാളത്തിലെഴുതി വിജയിക്കുക. സാധാരണക്കാരനും സിവിൽ സർവീസ് നേടാമെന്ന് കാട്ടിക്കൊടുക്കുക. ഐ.ആർ.എസ് തിരഞ്ഞെടുത്ത ഗോവ ഇൻകംടാക്സ് അഡിഷണൽ കമ്മിഷണർ പൂഞ്ഞാർ തെക്കേക്കര പെരിങ്ങളം വേലംപറമ്പിൽ ജ്യോതിസ് മോഹനന്റെ ജീവിത വിജയത്തിന് പിന്നിൽ കഷ്ടപ്പാടിന്റേയും കഠിനാദ്ധ്വാനത്തിന്റേയും മായാത്ത പാടുകൾ തെളിഞ്ഞു കിടപ്പുണ്ട്.
നവോദയിലായിരുന്നു ജ്യോതിസിന്റെ പ്രാഥമിക വിദ്യാഭ്യാസം. പാലായിൽ ബി.കോമിന് ചേർന്നപ്പോഴേയ്ക്കും സാമ്പത്തിക സ്ഥിതി പരുങ്ങലിലായി. പ്രധാന വരുമാനോപാധി പശുവളർത്തൽ. അവധി ദിവസങ്ങളിൽ പുല്ലരിയുന്നതും കൈമുറിയുന്നതുമൊക്കെ അക്കാലത്തെ നിത്യസംഭവം. പക്ഷേ, ജ്യോതിസിന്റെ കാഴ്ചപ്പാട് ഉറച്ചതായിരുന്നു.
ചെറുപ്പത്തിലെ ഉദിച്ചതാണ് സിവിൽ സർവീസ് മോഹം. മലയും കുന്നും മഞ്ഞും കർഷകരും മാത്രമുള്ളൊരു നാട്ടിൻപുറത്തുകാരന്റെ സിവിൽ സർവീസ് സ്വപ്നത്തിനൊപ്പം വീട്ടുകാരും ചേർന്നു. പാലാ സിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം. പിന്നീട് അദ്ധ്യാപകനായി വിവിധ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ജോലി. അദ്ധ്യാപനം അറിവ് നേടാൻ കൂടുതൽ പ്രാപ്തമാക്കി.
പ്രധാന വിഷയങ്ങളായി ഹിസ്റ്ററിയും മലയാളവും. ഇംഗ്ളീഷ് മീഡിയത്തിൽ പഠിച്ച ജ്യോതിസിന് മലയാളം കൂടുതൽ അറിയാനുള്ള അവസരമായി, സിവിൽ സർവീസ് പരിശീലന കാലം. അങ്ങനെയാണ് മലയാളത്തിൽ പരീക്ഷ എഴുതുന്നത്. 2010ൽ സിവിൽ സർവീസ് എന്ന സ്വപ്നം സഫലമായി. പരിശീലനം പൂർത്തിയാക്കി മുംബയ് ഉൾപ്പെടെയുള്ളയിടങ്ങളിൽ ജോലി. കൊച്ചിയിൽ ജോയിന്റ് കമ്മിഷണറായും സേവനമനുഷ്ഠിച്ചു. പ്രമോഷൻ ലഭിച്ചതിനു ശേഷമാണ് ഗോവയിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്.
അഭിരുചി തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാം
കുട്ടിക്കാലത്തെ അവനവന്റെ അഭിരുചി തിരിച്ചറിഞ്ഞ് മുന്നോട്ടു പോവുകയാണ് പ്രധാനം. കേരളത്തിൽ രണ്ട് സാദ്ധ്യതകളാണുള്ളത്. ഒന്ന് സംരഭകത്വം. വ്യത്യസ്ഥമായ ആശയങ്ങളിലൂടെ സംരഭകനാവാനുള്ള എല്ലാ അവസരവും ഇവിടെയുണ്ട്. അതിന് കഴിയാത്തവർ ഉറപ്പുള്ള തൊഴിൽ സാദ്ധ്യത തേടണം. സിവിൽ സർവീസ് മാത്രമല്ല, സർക്കാർ ജോലിയും ഉൾപ്പെടും. പത്താം ക്ളാസ് പൂർത്തിയാക്കും മുന്നേ പരിശ്രമം ആരംഭിക്കണം.
സിവിൽ സർവീസ് ബാലികേറാ മലയല്ല. പൊതുവിജ്ഞാനം നേടണം. വായനാ ശീലമുണ്ടാവണം. നാട്ടിലെ കാര്യങ്ങളിലൊക്കെ ഇടപെട്ട് തുടങ്ങണം. എന്ത് പഠിക്കണമെന്നും കൃത്യമായ ധാരണയും രൂപരേഖയുമുണ്ടാവണം. കഷ്ടപ്പെടാൻ അല്പം മനസ് കൂടി കാട്ടിയാൽ മറ്റൊന്നും തടസമല്ല. ജ്യോതിസ് പറയുന്നു. മലയാളത്തിൽ പരീക്ഷയെഴുതിയതിനാൽ തന്റെ അനുഭവങ്ങൾ ചേർത്ത് 'സിവിൽ സർവീസ് എങ്ങനെ മലയാളത്തിൽ എഴുതാം" എന്ന പേരിൽ പുസ്തകവും രചിച്ചു. വന്നവഴികൾ ഇപ്പോഴും ജ്യോതിസ് മറക്കുന്നില്ല. വീട്ടിൽ ആട് വളർത്തൽ. പണ്ട് നടത്തിക്കൊണ്ടിരുന്ന അച്ഛൻ മോഹന്റെ ചായക്കട ഇപ്പോഴും തുടരുന്നുണ്ടെന്നതാണ് മറ്റൊരു കൗതുകം. അമ്മ മിനർവ മോഹൻ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും പൂഞ്ഞാർ തേക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമാണ്. മേഘ്നയാണ് ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |