
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ പ്രമുഖ ക്ളബുകൾക്ക് സമനില. മാഞ്ചസ്റ്റർ സിറ്റി ചെൽസിയോടും മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡിനോടും ടോട്ടൻഹാം സണ്ടർലാൻഡിനോടും 1-1 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞപ്പോൾ ലിവർപൂൾ 2-2ന് ഫുൾഹാമിനോട് സമനില സമ്മതിച്ചു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 42-ാം മിനിട്ടിൽ ടിയാനി റെയിൻഡേഴ്സിലൂടെ മുന്നിലെത്തിയിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ ഇൻജുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിനാണ് ചെൽസി സമനിലയിൽ തളച്ചത്. ലീഡ്സിനായി 62-ാം മിനിട്ടിൽ ബ്രണ്ടൻ ആരോൺസനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി 65-ാം മിനിട്ടിൽ മാത്യൂസ് ക്യൂനയും ഗോളുകൾ നേടി. സ്വന്തം തട്ടകത്തിൽ 30-ാം മിനിട്ടിൽ ബെൻ ഡേവിസിലൂടെ മുന്നിലെത്തിയിരുന്ന ടോട്ടൻഹാം 80-ാം മിനിട്ടിലെ ബ്രയാൻ ബ്രോബേയുടെ ഗോളിലൂടെയാണ് സണ്ടർലാൻഡിനോട് സമനില വഴങ്ങിയത്.
ലിവർപൂളിനെതിരെ 17-ാം മിനിട്ടിൽ ഹാരി വിൽസൺ നേടിയ ഗോളിന് സണ്ടർ ലാൻഡ് മുന്നിലായിരുന്നു. 57-ാം മിനിട്ടിൽ ഫ്ളോറിയൻ വിറ്റ്സിലൂടെ ലിവർപൂൾ ഒപ്പമെത്തി. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ കോഡി ഗാപ്കോ ലിവർപൂളിനെ മുന്നിലെത്തിച്ചെങ്കിലും ഏഴാം മിനിട്ടിലെ ഹാരിസൺ റീഡിന്റെ ഗോൾ അന്തിമവിധി സമനിലയെന്നെഴുതി.
20 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ആഴ്സനലാണ് ലീഗിൽ മുന്നിൽ.42 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി
രണ്ടാമതേക്ക് തിരിച്ചെത്തിയപ്പോൾ അത്രതന്നെ പോയിന്റുമായി ആസ്റ്റൺ വില്ല മൂന്നാമതാണ്. 34 പോയിന്റുള്ള ലിവർപൂൾ നാലാമതും 31 പോയിന്റ് വീതമുള്ള ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലുമാണ്.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 1- ചെൽസി1
ലിവർപൂൾ 2-ഫുൾഹാം 2
ടോട്ടൻഹാം 1- സണ്ടർലാൻഡ് 1
മാഞ്ച.യുണൈറ്റഡ് 1- ലീഡ്സ് 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |