
തിരുവനന്തപുരം: സ്വകാര്യ മില്ലുടമകളുടെ കൊള്ളയിൽ നിന്ന്
കർഷകരെ രക്ഷിക്കാനും യഥാസമയം വില അവർക്ക് ലഭ്യമാക്കാനും നെല്ല് സംഭരണം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഏൽപ്പിക്കും.
മുഖ്യമന്ത്രി പിണറായിവിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വരുന്ന സീസണിൽ തന്നെ സംവിധാനം നിലവിൽ വരും.
ബാങ്ക് വഴിയുള്ള പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കർഷകന് നൽകും.
സംസ്കരണം അടക്കമുള്ള നടപടികൾക്ക് ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.
നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്ക് എടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്കരണം നടത്തും. നിശ്ചയിച്ച ഔട്ട്‌ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും.
നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കുമാണ് പദ്ധതിയുടെ ചുമതല.
യോഗത്തിൽ മന്ത്രിമാരായ കെ .എൻ .ബാലഗോപാൽ, വി .എൻ വാസവൻ, ജി. ആർ അനിൽ, പി .പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം .ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
കേരള ബാങ്ക് സഹായിക്കും
മിച്ച ഫണ്ട് ഇല്ലാത്ത സഹകരണ സംഘങ്ങൾക്ക് വേണ്ടി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും.
സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
നെല്ല് സഹ.സംഘങ്ങൾ എവിടെ
സംഭരിക്കുമെന്ന് ആശങ്ക
ആലപ്പുഴ:നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്പിക്കാനുള്ള സർക്കാരിന്റെ ഇന്നലത്തെ തീരുമാനത്തിൽ പ്രതീക്ഷയും ആശങ്കയും ഒരുപോലെ പങ്കുവയ്ക്കുകയാണ് കർഷകർ.
2002ൽ സഹകരണ സംഘങ്ങളുടെ സഹായത്തോടെ സംഭരണം നടത്തിയപ്പോൾ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.
പാടങ്ങളിലെ നെല്ല് പതിരും മാലിന്യങ്ങളും നീക്കി ഉണക്കി സൂക്ഷിക്കാനുള്ള ഡ്രൈയറും യാർഡും ഗോഡൗണുകളും സഹകരണ സംഘങ്ങൾക്കില്ല.
വളം സംഭരിക്കുന്ന ചെറിയ ഗോഡൗണുകൾ മാത്രമാണുള്ളത്. അതുകാരണം പാടശേഖരങ്ങളിലും ബണ്ടുകളിലുംകൂട്ടിയിട്ട നെല്ല് കുതിർന്ന് കിളിർത്ത് നശിക്കുന്നത് കർഷകർക്ക് കാണേണ്ടിവന്നു.
ഇപ്പോൾ, പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ കണ്ടെത്തിയ ചതുർത്ഥ്യാങ്കരി, ചമ്പക്കുളം സഹകരണ സംഘങ്ങൾക്കുള്ളത് 1,000 ക്വിന്റൽ വീതം വളം സംഭരിക്കാനുള്ള ഗോഡൗൺ മാത്രമാണ്.ഇരു സംഘങ്ങളുടെയും പരിധിയിലെ പാടങ്ങളിൽ നിന്ന് സംഭരിക്കേണ്ടത് 20,000-25,000 ക്വിന്റൽ നെല്ലാണ്. പത്ത് ശതമാനത്തിൽ താഴെ നെല്ല് സംഭരിക്കാനേ ഇവയ്ക്ക് കഴിയൂ.
നെല്ല് സംസ്കരിക്കുന്നതിലും അനിശ്ചിതത്വം നേരിട്ടേക്കും.
സ്വകാര്യ മേഖലയിൽ തന്നെ നൂറിലധികം മില്ലുകൾ ഉണ്ടായിരുന്നിടത്ത് നിലവിൽ അമ്പതിൽ താഴെ മില്ലുകളാണുള്ളത്. സർക്കാർ ഉടമസ്ഥതയിൽ സഹകരണ വകുപ്പിനും ഓയിൽപാം ഇന്ത്യയ്ക്കും മാത്രമാണ് മില്ലുള്ളത്.
വായ്പാകെണി മാറുന്നത്
കർഷകർക്ക് ആശ്വാസം
#ബാങ്കുകളുടെ കൺസോർഷ്യത്തിലൂടെയുള്ളവായ്പാ സമ്പ്രദായം ഒഴിവാക്കി നെല്ലിന്റെ വിലയായി പണം വിതരണം ചെയ്താൽ കർഷകരുടെ സിബിലിനെ ബാധിക്കില്ല. അനാവശ്യ പലിശയും സാമ്പത്തിക ബാദ്ധ്യതയും ഒഴിവാകും.
# ഇരുകൃഷികളിലെയുംനെല്ലിന്റെ വില യഥാസമയം ലഭ്യമായാൽ കർഷകർക്ക് കൃഷിയ്ക്കും വളപ്രയോഗത്തിനും കടം വാങ്ങുന്നത് ഒഴിവാക്കാം.
#സ്വകാര്യമില്ളുകൾ കിഴിവിന്റെ പേരിൽ നടത്തുന്ന കൊള്ളയും തടയാം. പതിരിന്റെയും ഈർപ്പത്തിന്റെയുംപേരുപറഞ്ഞ്, 125 കിലോ വാങ്ങി 100 കിലോ വകവയ്ക്കുകയാണ് സ്വകാര്യ മില്ലുകൾ ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |