
ന്യൂഡൽഹി: മുസ്താഫിസുർ റഹ്മാനെ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ കടുത്ത പ്രതിഷേധനടപടികളുമായി ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കിലേക്ക് മാറ്റണമെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് ഐ.പി.എൽ മത്സരങ്ങളുടെ ടി.വി സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് സർക്കാരും രംഗത്തെത്തി. അനിശ്ചിത കാലത്തേക്കാണ് വിലക്ക്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവെക്കാനാണ് സർക്കാർ ഉത്തരവ്. മുസ്താഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് ണപിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്താഫിസുറിനെ ഐ.പി.എല്ലിലെടുത്തതിൽ വ്യാപക പ്രതിഷേധമുണ്ടായി. കൊൽക്കത്ത ഉടമ ഷാറൂഖ് ഖാനെതിരെയും വിമർശമുണ്ടായി. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുസ്താഫിസുറിനെ ടീമിൽനിന്നു നീക്കാൻ ബി.സി.സി.ഐ നൈറ്റ്റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്. നൈറ്റ്റൈഡേഴ്സ് ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുസ്താഫിസുറിനെ ടീമിൽ നിന്ന് റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം തന്നെ വഷളാകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്.
ഐ.സി.സി ചർച്ച തുടങ്ങി
ലോകകപ്പ് മത്സരങ്ങളുടെ സംഘാടകരായ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രശ്നം പരിഹരിക്കാനുള്ള ചർച്ച തുടങ്ങിയിട്ടുണ്ട്. ഐ.സി.സി ചെയർമാനായ ജയ് ഷായാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ബംഗ്ളാദേശിന്റെ പ്രാഥമിക റൗണ്ടിലെ നാലുമത്സരങ്ങളാണ് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. ഈ മത്സരങ്ങൾ മാറ്റുന്നതിലൂടെ വലിയ നഷ്ടം സംഘാടകർക്കുണ്ടാവും.
ബംഗ്ളാദേശിന്റെയും എതിർ ടീമുകളുടേയും താമസവും യാത്രയുമെല്ലാം ബുക്ക് ചെയ്തിരിക്കുകയാണ്. ഇത് ലങ്കയിലേക്ക് മാറ്റിയാൽ വലിയ തുക ചെലവാകും. ഇതൊഴിവാക്കാൻ അനുനയ നീക്കവുമാണ് ഐ.സി.സി മുന്നോാുവയ്ക്കുന്നതെന്നാണ് സൂചന. എന്നാൽ തങ്ങളുടെ താരങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷയില്ലാത്തതിനാൽ വരാനാവില്ലെന്ന കടുത്ത നിലപാടിലാണ് ബംഗ്ളാദേശ് ബോർഡ്. വിട്ടുവീഴ്ച വേണ്ടെന്ന് ബി.സി.ബിക്ക് ബംഗ്ളാദേശ് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |