
മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ നൈല ഉഷ. താരത്തിന്റെ ശബ്ദവും അഭിനയവും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. നിരവധി സൂപ്പർ താരങ്ങളുമായും താരം സ്‌ക്രീൻ പങ്കിട്ടിട്ടുണ്ട്. ഇപ്പോഴിതാ ദുബായിൽ വച്ച് നടത്തിയ അമ്മ ഉഷയുടെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ എഴുപതാം പിറന്നാൾ ആണ് നടി ആഘോഷിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പിറന്നാൾ വിരുന്നിൽ പങ്കെടുത്തു.
ലാവൻഡർ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് നൈലയുടെ അമ്മ ഉഷ പിറന്നാൾ ആഘോഷത്തിൽ പ്രത്യക്ഷപ്പെട്ടത്. മകളും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ അമ്പരപ്പ് ഉഷയുടെ മുഖത്ത് പ്രകടമായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ ഉണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങൾക്കൊപ്പം സമൂഹമാദ്ധ്യമളിൽ തരംഗമാണ്.

കേക്ക് മുറിച്ച് ആദ്യ കഷ്ണം എടുക്കാൻ ശ്രമിക്കുന്നതിനിടെ അത് താഴെ വീഴാൻ പോയെങ്കിലും, മിന്നൽ വേഗത്തിൽ നൈല അത് കയ്യിൽ പിടിക്കുകയായിരുന്നു. ആവേശത്തോടെയും ചിരിയോടെയും സുഹൃത്തുക്കൾ ഈ നിമിഷത്തെ വരവേൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഓഫ് വൈറ്റ് ഗൗണിലായിരുന്നു നൈല വിരുന്നിൽ എത്തിയത്. അതേസമയം, അവതാരകനും നടനുമായ മിഥുൻ രമേശും കുടുംബത്തോടപ്പം ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. പാട്ടും വർത്തമാനങ്ങളുമായി വലിയൊരു കുടുംബസംഗമത്തിന് വേദിയാവുകയായിരുന്നു വിരുന്ന്.
തന്റെ പേരിനൊപ്പം മാത്രമല്ല, ജീവിതത്തിലെ ഓരോ ഘട്ടത്തിലും തനിക്ക് കരുത്തായി നിന്നത് അമ്മയാണെന്ന് നൈല പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ വിയോഗത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ അമ്മയെയും സഹോദരങ്ങളെയും വീണ്ടും ദുബായിലേക്ക് എത്തിച്ച് തനിക്കൊപ്പം താമസിപ്പിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ നേട്ടമായാണ് താൻ കാണുന്നതെന്ന് നൈല പറഞ്ഞിട്ടുണ്ട്.
ദുബായിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച താരം 'കുഞ്ഞനന്ദന്റെ കട'യിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗ്യാംഗ്സ്റ്റർ, ഫയർമാൻ, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പൊറിഞ്ചു മറിയം ജോസ്, ആന്റണി, കിംഗ് ഓഫ് കൊത്ത, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |