
കോഴിക്കോട്: സംസ്ഥാനത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെ (സി.എച്ച്.സി) ഒ.പി സമയം ദീർഘിപ്പിക്കുന്നതിൽ പ്രതിഷേധവുമായി ഡോക്ടർമാർ. നിലവിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഒ.പി സമയം. വൈകിട്ട് ആറുവരെയാക്കി ദീർഘിപ്പിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ ജോലിസമയം കൂട്ടിയതാണ് പ്രതിഷേധത്തിന് കാരണം.
നാലു ഡോക്ടർമാരുള്ള സി.എച്ച്.സികളിൽ ഈവനിംഗ് ഒ.പിയുണ്ടെന്നും മൂന്ന് ഡോക്ടർമാരുള്ള സെന്ററുകളിലും ഈ മാതൃക നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ നടപടി രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ നാനൂറിലധികം ഒഴിവുകളുണ്ട്. പ്രോമോഷൻ പോസ്റ്റുകളിലും നിയമനമില്ല.
മൂന്ന് ഡോക്ടർമാരുള്ള സി.എച്ച്.സികളിൽ ഒ.പി സമയം ദീർഘിപ്പിക്കുന്നത് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചാർജ് ഓഫീസർമാർക്ക് നിരവധി ജോലികളുണ്ട്. ഇവർ ഒഴികെയുള്ള രണ്ടു ഡോക്ടർമാർ മാത്രമാണ് രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ ഒ.പി കൈകാര്യം ചെയ്യേണ്ടത്. തിരക്ക് കൂടുതലുള്ള രാവിലെ സമയങ്ങളിൽ ഒരു ഡോക്ടറേ ഒ.പിയിലുണ്ടാകൂ. രോഗികളുടെ എണ്ണക്കൂടുതൽ കൊണ്ട് വീർപ്പുമുട്ടുന്ന നിലവിലെ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയേക്കും. മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് ഡോക്ടർമാർക്കും ആശുപത്രിക്കും നേരേ ആക്രമണമുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഡോക്ടർമാർ പറയുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ജോലിസാഹചര്യങ്ങളും ചുമതലകളുമാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലുള്ളത്. ഇവിടെ മാനവവിഭവശേഷി സംബന്ധിച്ച് നിലവിലുള്ള സർക്കാർ ഉത്തരവുകൾ പാലിക്കപ്പെടുന്നില്ല. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി ഒരു തസ്തിക പോലും സമീപകാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു.
പരിമിതികൾ പരിഗണിക്കാതെ ഏകപക്ഷീയമായി അപ്രായോഗിക തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം. പുതിയ ഉത്തരവ് പിൻവലിക്കണം.
-ഡോ.സുനിൽ പി.കെ,
പ്രസിഡന്റ്,
കെ.ജി.എം.ഒ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |