
കൊല്ലം: ശിവഗിരിക്കുന്നിൽ തീർത്ഥാടന തിരക്കൊഴിഞ്ഞെങ്കിലും ശാരദാമഠത്തിന്റെ തിരുമുറ്റത്ത് അഷ്ഫിയയുടെ സ്വരം ഇപ്പോഴുമുണ്ട്, നിയോഗം പോലെ പെയ്‌തിറങ്ങിയ ദൈവദശകത്തിന്റെ ഈരടികൾ. ഉപരാഷ്ട്രപതിയും മുഖ്യമന്ത്രിയും സാക്ഷികളായ മഹാസമ്മേളന വേദികളിലാണ് അഷ്ഫിയ അൻവർ എന്ന പതിനെട്ടുകാരി ശിരോവസ്ത്രമണിഞ്ഞ് ദൈവദശകം ആലപിച്ചത്.
നാല് മാസം മുമ്പ് ഒരു വിവാഹ ചടങ്ങിൽ അഷ്ഫിയ ദൈവദശകം ആലപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചവറ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ വൃശ്ചികോത്സവ വേദിയിലും പാടി. ഇതുകേട്ട ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് തീർത്ഥാടന വേദിയിലേക്ക് ക്ഷണിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി അന്ന് അഷ്ഫിയയെ അനുമോദിച്ചിരുന്നു. ശിവഗിരിയിൽ മൂന്ന് ദിവസം തങ്ങിയാണ് അഷ്ഫിയ പാടിയത്.
തുടക്കം ഉണ്ണൂലേത്ത് ക്ഷേത്രത്തിൽ
കരുനാഗപ്പള്ളി ഇടക്കുളങ്ങര അഫ്സർ വില്ലയിൽ എ. അൻവർ സാദത്തിന്റെയും വാഹിദയുടെയും മകളായ അഷ്ഫിയ തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വീടിനടുത്തുള്ള ഉണ്ണൂലേത്ത് ക്ഷേത്രത്തിൽ ഭജനകൾ പാടിയായിരുന്നു തുടക്കം. മിമിക്രി കലാകാരനും ഗായകനുമായ വാപ്പ അൻവർ സാദത്താണ് ആദ്യ ഗുരു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മാപ്പിളപ്പാട്ടിൽ മൂന്നു തവണ എ ഗ്രേഡ് നേടി. കേരളോത്സവത്തിലും ഹാട്രിക് വിജയം നേടി. 'പർദ്ദ" എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്തും ചുവടു വച്ചു. സഹോദരൻ പ്ളസ് വൺ വിദ്യാർത്ഥി അഫ്സൽ മുഹമ്മദ് സ്കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവാണ്. മൂന്നാം ക്ളാസുകാരൻ ആദം അലി മുഹമ്മദാണ് ഇളയ സോഹദരൻ.
'ജാതി ചോദിക്കരുത്, പറയരുത് എന്ന ഗുരുദേവ വാക്കുകളാണ് എന്റെ ഇന്ധനം. ആ വരികൾ ശിവഗിരിയിൽ പാടാൻ കഴിഞ്ഞത് ജന്മപുണ്യമായി കരുതുന്നു".
- അഷ്ഫിയ അൻവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |