
ട്രെയിനുകളിൽ മദ്യപർ അക്രമം കാട്ടുന്നത് റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിൽ ബെവ്കോ ഷോപ്പുകൾ ഉള്ളതിനാലെന്ന് റെയിൽവെയുടെ അത്യപൂർവ്വ കണ്ടെത്തൽ!ഏതാനും മാസങ്ങൾക്ക് മുമ്പ് വർക്കലയ്ക്കും ചിറയിൻകീഴിനുമിടയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ മദ്യപനായ യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിവീഴ്ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയിൽവെ വിശദമായ പഠനം നടത്തി ഈ കണ്ടെത്തലിലേക്ക് എത്തിയത്. വിവിധ ജില്ലകളിലായി റെയിൽവെ സ്റ്റേഷനുകളോട് തൊട്ട് പ്രവർത്തിക്കുന്ന 17 ചില്ലറ വില്പന ശാലകൾ മാറ്റണമെന്ന് നിർദ്ദേശിച്ച് ബെവ്കോ എം.ഡിക്കും സംസ്ഥാന എക്സൈസ് കമ്മീഷണർക്കും തിരുവനന്തപുരത്തെ ആർ.പി.എഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ഓഫീസിൽ നിന്ന് കത്ത് അയയ്ക്കുകയും ചെയ്തു. ഏതായാലും കിട്ടിയ പാടേ നിർദ്ദേശം ബെവ്കോ നിരുപാധികം തള്ളിക്കളഞ്ഞു.
തുടക്കത്തിലെ ഒരു കാര്യം പറയാം, റെയിൽവെയുടെ ഉദ്ദേശ ശുദ്ധി സ്വാഗതാർഹം തന്നെയാണ്. കാരണം ട്രെയിനുകളിൽ മദ്യപിച്ചെത്തുന്ന യാത്രക്കാർ മറ്റു യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. അസുഖകരമായ പല സംഭവവികാസങ്ങൾക്കും പതിവ് യാത്രക്കാർ സാക്ഷിയാവാറുണ്ട്. പലപ്പോഴും മദ്യപരും മറ്റു യാത്രക്കാരുമായി വാക്കേറ്റവും കയ്യാങ്കളിയും സംഭവിക്കാറുമുണ്ട്.
യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വം റെയിൽവെ സംരക്ഷണ സേനയ്ക്കുണ്ട് താനും. മദ്യപിച്ചാലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത യാത്രക്കാരുണ്ടെങ്കിലും ചെറിയൊരു വിഭാഗമാണ് എല്ലാം അലങ്കോലമാക്കുന്നത്. ഓടുന്ന ട്രെയിനുകളുടെയും നിത്യേനയുള്ള യാത്രക്കാരുടെയും എണ്ണത്തിന് ആനുപാതികമായി റെയിൽവെ സംരക്ഷണ സേനയുടെ അംഗബലം കൂടുന്നില്ല. കഷ്ടപ്പെട്ട് പണിയെടുക്കുന്നവരാണ് ഈ സേനാംഗങ്ങൾ. ഇവരുടെ സഹായത്തിനും ക്രമസമാധാന പാലനത്തിനുമായി സംസ്ഥാന പൊലീസിനെ നിയോഗിക്കുന്നുണ്ട്. പക്ഷെ റെയിൽവെ ആവശ്യപ്പെടുന്നത്ര അംഗങ്ങളെയേ സംസ്ഥാന സർക്കാരിന് നിയോഗിക്കാൻ കഴിയൂ. യഥേഷ്ടം പൊലീസിനെ നിയോഗിക്കാൻ ആവില്ല. ഫലത്തിൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ മതിയായ സേന ഇല്ലെന്നതാണ് സത്യം. അത്തരമൊരു സാഹചര്യത്തിൽ റെയിൽവെയുടെ ആശങ്കയിൽ അല്പം കാര്യമുണ്ട്.
പക്ഷെ ഇപ്പോഴത്തെ കണ്ടെത്തലും നിർദ്ദേശവുമൊക്കെ കാണുമ്പോൾ 'എലിയെ പേടിച്ച് ഇല്ലം ചുടുന്നതു" പോലെയാവും. വസ്തുതകൾ ശരിയായി മനസിലാക്കാതെയാണ് റെയിൽവെയുടെ കണ്ടെത്തലും തിരക്കിട്ടുള്ള കത്തെഴുത്തും. കാരണം, ബെവ്കോ ഷോപ്പുകളിൽ നിന്നു കുപ്പി വാങ്ങുന്നവർ മാത്രമാണോ മദ്യപിക്കാറുള്ളത്. ബെവ്കോ ഷോപ്പുകളുടെ എണ്ണമെടുക്കാൻ തുറന്നുപിടിച്ച റെയിൽവെയുടെ കണ്ണുകൾ, വെള്ളബോർഡിൽ കത്തി നിൽക്കുന്ന മൂന്ന് ചുവപ്പോ കറുപ്പോ അക്ഷരങ്ങൾ നെറുകയിൽ ചൂടി ശോഭിക്കുന്ന ചില മന്ദിരങ്ങൾ കണ്ടില്ലേ. 'ബാർ" എന്ന ബോർഡിന്റെ കാര്യമാണ് പറയുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ എത്രയോ റെയിൽവെ സ്റ്റേഷനുകളുടെ പരിസരത്ത് ബാറുകളുണ്ട്. പാൽപ്പായസവും പഞ്ചാമൃതവുമൊന്നുമല്ലല്ലോ ഇവിടെ വിളമ്പാറുള്ളത്. ഇവിടെ എത്തുന്നവരെ ഭഗവത് ഗീത പഠിപ്പിച്ചു വിടുകയുമല്ലല്ലോ. ബാറിൽ നിന്നു മദ്യപിച്ചാൽ ബോധം നഷ്ടമാവില്ലെന്നും ലഹരി പിടിക്കില്ലെന്നുമുള്ള ഒരുവിധ കണ്ടെത്തലും ഇതേ വരെ നടത്തിയിട്ടുമില്ല. സാധാരണ ഗതിയിൽ തിരക്കിട്ട് ബാറിൽ കയറി രണ്ട് പെഗ്ഗ് കഴിച്ചു ട്രെയിനിൽ കയറുന്ന എത്രയോ യാത്രക്കാരുണ്ട്. ഇത് കാണാതെ ബെവ്കോ ഷോപ്പുകളെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്ന വിചിത്രമായ കണ്ടെത്തലിനോടാണ് യോജിക്കാനാവാത്തത്.
സർക്കാർ സ്ഥാപനമായതുകൊണ്ട് വേണമെന്ന് വിചാരിച്ചാൽ ബെവ്കോ ഷോപ്പുകൾ മാറിയേക്കാം. പക്ഷെ ബാറുകളെ അത്ര വേഗത്തിൽ നിഷ്കാസിതമാക്കാനാവുമോ. പ്രതിവർഷം 35 ലക്ഷം ലൈസൻസ് ഫീ കൊടുത്ത് തുറന്നു വച്ചിട്ടുള്ള ബാറുകൾക്ക് അത്ര പെട്ടെന്നൊന്നും മൂക്ക് കയറിടാനും കഴിയില്ല. സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടില്ല, മാത്രമല്ല, നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ മദ്യക്കച്ചവടത്തിൽ നിന്ന് 20,000 കോടിയോളമാണ് സർക്കാരിന്റെ പെട്ടിയിൽ വീഴുന്നത്. സർക്കാർ ലൈസൻസ് കൊടുത്ത്, മദ്യപരിൽ നിന്ന് മനുഷ്യത്വമില്ലാത്ത വില്പനനികുതിയും ഈടാക്കി വിൽക്കുന്ന മദ്യം വാങ്ങിക്കുടിക്കുന്നവർ വീട്ടിൽ പോകേണ്ടെന്ന് എങ്ങനെ പറയാനാവും. മദ്യപിച്ച് വാഹനമോടിക്കാൻ നിയമം അനുവദിക്കുന്നില്ല. സ്വയം വാഹനമോടിക്കാൻ കഴിയാതെ വരുമ്പോൾ ട്രെയിനോ ബസോ അല്ലാതെ വേറെ മാർഗ്ഗമുണ്ടോ. ഒപ്പിച്ചു പെറുക്കിയെടുക്കുന്ന കാശുകൊടുത്ത് രണ്ട് പെഗ്ഗ് കഴിച്ചുപോയാൽ ടാക്സിയോ ഓട്ടോയോ വിളിച്ച് വീട്ടിൽ പോകണമെന്ന് നിബ്ബന്ധിക്കാനാവുമോ. അല്ലെങ്കിൽ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് തങ്ങേണ്ടിവരും. 'സ്വല്പം" കഴിക്കണമെന്ന് ആഗ്രഹം തോന്നുകയും വീട്ടിൽ കൊണ്ടുവച്ചു കഴിക്കാൻ സാഹചര്യമില്ലാതെ വരികയും ചെയ്യുമ്പോഴുള്ളധർമ്മസങ്കടം റെയിൽവെയും ഓർക്കേണ്ടേ.
മദ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും യുക്തിസഹമല്ലാത്ത തീരുമാനങ്ങളാണ് ഉണ്ടാവാറുള്ളത്. ഒന്നാം തീയതിയിലെ ഡ്രൈഡെ തന്നെ ഉദാഹരണം. ഒന്നാം തീയതി ശമ്പളദിവസമായതിനാൽ ,എല്ലാവരും 'വെള്ളമടിച്ച് ശമ്പളം മുടിക്കുമെന്ന" സങ്കൽപ്പത്തിൽ നിന്നുണ്ടായതാണ് ഈ തീരുമാനം. അതാണോ ശരി, ജി പെയും ക്രെഡിറ്റ് കാർഡുമൊക്കെയുള്ള ഈ കാലഘട്ടത്തിൽ ആൾക്കാരുടെ കയ്യിൽ പണം വരാൻ നല്ലദിവസമൊന്നും നോക്കേണ്ട. ഇനി ഡ്രൈഡെ ആയതിനാൽ മദ്യം തൊടുകയേ ഇല്ലെന്ന് ശപഥമെടുക്കുന്ന ഏതെങ്കിലും മദ്യപരുണ്ടോ. യഥാർത്ഥത്തിൽ മറ്റുവഴികളിലൂടെ ഒന്നാം തീയതി മദ്യം വാങ്ങാൻ അധികം പണം മുടക്കേണ്ടി വരുമെന്നതുമാത്രമാണ് സത്യം. ഒഴിച്ചുകൊടുപ്പുകാർക്കും അനധികൃത മദ്യ കച്ചവടക്കാർക്കുമാണ് ഇതിന്റെ യഥാർത്ഥ ഗുണം കിട്ടുക.
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം മദ്യലഹരിയിലെത്തുന്നവരെ നിയന്ത്രിക്കാൻ നടപടി വേണമെന്നതിൽ തർക്കമില്ല. ഇതിന് മതിയായ പരിശോധനയും വേണം. ആർ.പി.എഫിന് വേണ്ട സംവിധാനങ്ങൾ നൽകുന്നതിനൊപ്പം അവരുടെ അംഗബലവും കൂട്ടണം. കൃത്യമായ നിരീക്ഷണമുണ്ടെന്ന് ബോദ്ധ്യമായാൽ ആൾക്കാരും സ്വയം നിയന്ത്രിക്കും. ഒറ്റയടിക്ക് അല്ലെങ്കിൽ പോലും തെറ്റായ പ്രവണതകൾ ഒരു പരിധിവരെ അവസാനിപ്പിക്കാനും കഴിഞ്ഞേക്കും. അത്തരത്തിലുള്ള സംവിധാനങ്ങളെക്കുറിച്ച് വേണം ആലോചിക്കാൻ.
ഇതുകൂടി കേൾക്കണേ
നിലവിലുള്ള മദ്യവില്പന ശാലകൾ മാറ്റുന്നതിന് ബെവ്കോയ്ക്ക് സാങ്കേതികമായി പല ബുദ്ധിമുട്ടുകളും കണ്ടേക്കാം. പക്ഷേ പുതിയവ അനുവദിക്കുമ്പോൾ ഇത്തരം പരിസരങ്ങൾ ഒഴിവാക്കാനുള്ള ശ്രദ്ധ ബെവ്കോയും കാണിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |