SignIn
Kerala Kaumudi Online
Friday, 09 January 2026 1.41 AM IST

ഗർഭിണികളിൽ കണ്ടേക്കാവുന്ന അപകടകാരികളായ രണ്ട് പ്രശ്‌നങ്ങൾ, ഏറ്റവും ശ്രദ്ധിക്കേണ്ടത് ഈ സ്‌ത്രീകൾ

Increase Font Size Decrease Font Size Print Page
mother-health

ഗർഭധാരണത്തിന്റെ 28 ആഴ്ച മുതൽ 40 ആഴ്ച വരെയുള്ള കാലയളവാണ് ഗർഭകാലത്തെ അവസാന മൂന്നു മാസങ്ങളായി കണക്കാക്കുന്നത്. ഈ കാലഘട്ടം വളരെയധികം പ്രാധാന്യം അർഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാലയളവിൽ ഗർഭകാല പരിചരണം ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. ഈ സമയത്ത് അമ്മയ്ക്ക് വരാൻ സാദ്ധ്യതയുള്ള സങ്കീർണതകളെ പറ്റിയാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഗർഭസമയത്ത് ഉണ്ടാകുന്ന പ്രമേഹം എന്നിവയാണ് അമ്മയ്ക്ക് വരാൻ സാദ്ധ്യതയുള്ളതിൽ രണ്ട് പ്രധാന പ്രശ്നങ്ങൾ.

ഗർഭിണികളിലെ ഉയർന്ന രക്ത സമ്മർദ്ദം

28 ആഴ്ച കഴിഞ്ഞാണ് സാധാരണയായി ഗർഭിണികളിൽ ഉയർന്ന രക്തസമ്മർദ്ദം കണ്ടുവരുന്നത്. High BP / ഉയർന്ന രക്തസമ്മർദ്ദം ഗർഭകാലത്ത് വളരെ അപകടകാരിയാണ്. ഈ അവസ്ഥ അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. രക്തസമ്മർദ്ദം അമ്മയുടെ അവയവങ്ങളെ പ്രതികൂലമായി ബാധിക്കാം. സാധാരണ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദവും അതിനോടനുബന്ധിച്ച് വന്നേക്കാവുന്ന പ്രശ്നങ്ങളും ഗർഭിണികളിൽ ഉണ്ടാകുന്ന ഈ അവസ്ഥയിൽ നിന്നും വ്യത്യസ്തമാണ്. അമ്മയുടെ വൃക്കകൾ, കരൾ, തലച്ചോറ്, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദ്ദം പ്രതികൂലമായി ബാധിക്കുന്നു. ഈ അസുഖത്തെ പ്രീഎക്ലാംസിയ (pre-eclampsia) എന്ന് പറയുന്നു. ഗർഭകാലത്ത് ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദമായി മാത്രം നിൽക്കുകയാണെങ്കിൽ Gestational Hypertension എന്നും അമ്മയുടെ മറ്റു അവയവങ്ങളെ ബാധിച്ചു കഴിഞ്ഞാൽ പ്രീഎക്ലാംസിയ എന്നും വിളിക്കും. പ്രീഎക്ലാംസിയ വന്ന അമ്മയ്ക്ക് ജന്നി രോഗം വരാം, ഇതിനെ എക്ലാംസിയ എന്ന് പറയുന്നു. വൃക്ക തകരാറ് (kidney failure), കരൾ രോഗം (HELLP Syndrome) എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദ്ദം ഗർഭിണികളിൽ ഉണ്ടാക്കുന്നു.

ഗർഭിണികളിലെ ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ കണ്ടുപിടിക്കാം?

ഗർഭിണികൾ 28 ആഴ്ച കഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോൾ അവരുടെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അനിവാര്യമാണ്. ഈ സമയത്തെ അമ്മയുടെ രക്തസമ്മർദ്ദം ശ്രദ്ധയോടെയും വളരെ കൃത്യതയോടെയും രേഖപ്പെടുത്തണം. ബിപി നോക്കുമ്പോൾ ആദ്യം രേഖപ്പെടുത്തുന്ന സംഖ്യ (Systolic pressure) 140 ഓ അതിന് മുകളിലോ ആയാൽ, രണ്ടാമത്തെ സംഖ്യ (Diastolic pressure) 90 ഓ അതിൽ കൂടുതലോ ആയാൽ അതിനെ ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദം / Gestational Hypertension എന്ന് പറയുന്നു. ചില ഗർഭിണികളിൽ സിസ്റ്റോളിക് ബിപി 160-200 വരെ ഉയർന്നു കാണാറുണ്ട്. ഇങ്ങനെയുള്ളവരിൽ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. ഉയർന്ന രക്തസമ്മർദ്ദം കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെ തന്നെ ചുറ്റുമുള്ള വെള്ളത്തിന്റെ അളവ് കുറയുന്നതുമൂലം കുഞ്ഞിന്റെ അനക്കം നിന്നു പോകാൻ സാദ്ധ്യതയുണ്ട്. പ്രീഎക്ലാംസിയ ഉള്ള ഗർഭിണികളിൽ പ്രസവിക്കുന്നതിന് മുമ്പ് തന്നെ മറുപിള്ളയുടെ പിറകിൽ രക്തസ്രാവം വരാം. മറുപിള്ള ഗർഭപാത്രത്തിൽ നിന്നും ഇളകിമാറുന്നതുകൊണ്ട് കുഞ്ഞിനുള്ള രക്തയോട്ടം നിലച്ചു പോകുന്നു. 28 ആഴ്ച കഴിഞ്ഞ ഗർഭിണികളെ എല്ലാ രണ്ടാഴ്ചയും കണ്ട് രക്തസമ്മർദ്ദം കൃത്യമായി രേഖപ്പെടുത്തുന്നതോടൊപ്പം മൂത്രത്തിൽ ആൽബുമിൻ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്.

ഗർഭകാലത്തെ പ്രമേഹം

26 ആഴ്ച കഴിഞ്ഞ് പ്രകടമാകുന്ന മറ്റൊരു അസുഖമാണ് ഗർഭകാലത്തെ പ്രമേഹം. ഇതിനെ Gestational Diabetes Mellitus (GDM) എന്ന് പറയുന്നു. അമിതവണ്ണമുള്ളവർ, പാരമ്പര്യമായി പ്രമേഹം ഉള്ള കുടുംബത്തിലെ സ്ത്രീകൾ, ഭാരം കൂടിയ കുഞ്ഞിനെ മുമ്പ് പ്രസവിച്ചിട്ടുള്ളവർ എന്നിവർക്കാണ് ഈ അസുഖം വരാനുള്ള സാദ്ധ്യത കൂടുതൽ. 24-26 ആഴ്ചയിൽ Glucose Challenge പരിശോധനയിലൂടെയാണ് ഈ പ്രമേഹം നിർണ്ണയിക്കുന്നത്. അപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ അളവിൽ ആണെങ്കിൽ പോലും 32ാം ആഴ്ചയിലും 36ാം ആഴ്ചയിലും തുടർ പരിശോധന നടത്തണം.

ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിനെ സാരമായി ബാധിക്കുന്നു

ഗർഭസ്ഥ ശിശുവിന്റെ ഭാരം വർദ്ധിക്കുന്നു. അമ്മയിൽ നിന്നും പൊക്കിളിലൂടെ കുഞ്ഞിന് ലഭിക്കുന്ന അമിതമായ ഷുഗർ പല വ്യതിയാനങ്ങളും ഗർഭസ്ഥ ശിശുവിൽ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ അനക്കം കുറഞ്ഞു പോവുകയും ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് വരെയും കാരണമാവുകയും ചെയ്യുന്നു. ഇത് കൂടാതെ കുഞ്ഞിന്റെ ഭാരം ഒരു പരിധിയിൽ കൂടുതൽ വർദ്ധിക്കുമ്പോൾ സുഖപ്രസവം ദുഷ്‌കരമാവുകയും സിസേറിയൻ പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടതായും വരാം. പലപ്പോഴും ഗർഭിണിയുടെ വയറിന്റെ വലിപ്പം കൂടുമ്പോഴോ ചുറ്റുമുള്ള വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോഴോ ആയിരിക്കും Gestational Diabetes കണ്ടുപിടിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രമേഹം നിയന്ത്രിക്കാനുള്ള മരുന്നുകളോ ആവശ്യമെങ്കിൽ ഇൻസുലിൻ കുത്തിവയ്‌പ്പോ വേണ്ടിവരും. ഗർഭകാലത്തെ പ്രമേഹം കുഞ്ഞിനെയാണ് സാരമായി ബാധിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പ്രസവം കഴിഞ്ഞാലും ഈ കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് ജന്നി വരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് ജനനശേഷം ഈ കുഞ്ഞുങ്ങൾക്ക് കൃത്യമായ അളവിൽ മുലപ്പാൽ കൊടുക്കുകയും അമ്മയുടെ പാൽ പോരാ എന്നുണ്ടെങ്കിൽ നവജാത ശിശുരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം മുലപ്പാലിന് പകരം നൽകുന്ന പൊടികൾ (Formula milk)കൊടുക്കേണ്ടതായും വരാം.

ഗർഭകാലത്ത വിളർച്ച അപകടകാരിയാണ്

ഗർഭിണികളിൽ സാധാരണയായി കാണുന്ന മറ്റൊരു അവസ്ഥയാണ് വിളർച്ച. ഗർഭകാലത്ത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11ഗ്രാം എങ്കിലും ഉണ്ടായിരിക്കണം. ഈ അളവ് കുറഞ്ഞ് പോകുന്നതനുസരിച്ച് പലവിധ അസ്വസ്ഥതകൾ അമ്മയ്ക്ക് ഉണ്ടാകാം. അമിതമായ ക്ഷീണം, എപ്പോഴും ഉറക്കം വരിക, കാര്യങ്ങൾ ചെയ്യുവാൻ ഉത്സാഹം ഇല്ലാതാവുക, കുറച്ചു ദൂരം നടക്കുമ്പോഴോ, പടികൾ കയറുമ്പോഴോ, ആയാസമുള്ള പ്രവർത്തികൾ ചെയ്യുമ്പോഴോ കിതപ്പ് അനുഭവപ്പെടുക, തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. വിളർച്ച നേരത്തെ ഉണ്ടായാലും ലക്ഷണങ്ങൾ പ്രകടമാകുന്നത് 7 മാസം കഴിയുമ്പോഴാണ്. ഹീമോഗ്ലോബിന്റെ അളവ് ഏഴ്‌ ഗ്രാമിൽ കുറഞ്ഞു കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. ഗർഭകാലത്തുണ്ടാകുന്ന ചില ശാരീരിക വ്യത്യാസങ്ങൾ കാരണമാണ് 30-32 ആഴ്ചകളിൽ ഈ അവസ്ഥ വഷളാകുന്നത്. വിളർച്ച മൂലം പലതരം അസ്വസ്ഥകളും ഗർഭിണികളിൽ ഉണ്ടാകും. അതിനാൽ വിളർച്ച മാറ്റാനുള്ള കരുതലുകളും ഈ കാലയളവിൽ ഗർഭ ശുശ്രൂഷയിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


ഈ കാര്യങ്ങളൊക്കെയും തന്നെ ശ്രദ്ധിച്ച് ഗർഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ ഗർഭിണികളുടെ ശാരീരികമാനസികാവസ്ഥ മനസ്സിലാക്കി അവർക്കു വേണ്ട പിന്തുണ നൽകേണ്ടത് അവരുടെ ജീവിത പങ്കാളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. കുടുംബാംഗങ്ങളും ജീവിത പങ്കാളിയും നൽകുന്ന പിന്തുണ ഗർഭകാലം സന്തോഷത്തോടെ ആസ്വദിക്കാൻ സ്ത്രീയെ സഹായിക്കും എന്ന് മാത്രവുമല്ല അത് ഗർഭസ്ഥ ശിശുവിന് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ഡോ.ലക്ഷ്‌മി അമ്മാൾ

കൺസൾട്ടന്റ് ഗൈനക്കോളജിസ്‌റ്റ്

എസ്‌യുടി ഹോസ്‌പിറ്റൽ, പട്ടം

TAGS: HEALTH, LIFESTYLE HEALTH, GYNAECOLOGY, TWO DISEASES, AWARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.