
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ലക്ഷ്യം നേടണം എന്ന് കരുതാത്തവർ വളരെ കുറവാണ്. ഇഷ്‌ടപ്പെട്ട വിഷയം പഠിക്കുന്നതും ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതുമെല്ലാം ഈ ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ്. എന്നാൽ ചിലപ്പോൾ കഠിനാധ്വാനം ചെയ്‌താലും ജീവിതം പ്രയാസം നിറഞ്ഞത് തന്നെയാകാറുണ്ട്. എങ്ങനെയാണ് ജീവിതത്തിൽ വിജയിക്കുക എന്ന് പലരും ചിന്തിച്ചിട്ടുള്ള കാര്യമാണ്. മനുഷ്യന്റെയടക്കം പെരുമാറ്റത്തെ കുറിച്ച് പഠിക്കുന്ന ബിഹേവിയറൽ ശാസ്‌ത്രജ്ഞർ ഇക്കാര്യത്തിൽ ചില രസകരമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ഏത് തരം മനുഷ്യരാണ് ജീവിതത്തിൽ വിജയിക്കുക അതിന് കാരണമെന്താണ്? എന്നെല്ലാം കൃത്യമായി അവർ മനസിലാക്കി. അത്തരം ആളുകൾ എങ്ങനെ ചിന്തിക്കുന്നു അവരുടെ ഭാവി എന്താകും എന്നെല്ലാം ശാസ്‌ത്രജ്ഞർ പറയുന്നുണ്ട്.
അതിവേഗം നടക്കുന്നവർക്ക് ചില പൊതു സ്വഭാവങ്ങളുണ്ടെന്നാണ് ബിഹേവിയറൽ ശാസ്‌ത്രജ്ഞരുടെ പക്ഷം. അവർ മറ്റുള്ളവരെക്കാൾ കൂടുതൽ ജീവിതവിജയം നേടുന്നവരും ബുദ്ധിയുള്ളവരും ആരോഗ്യം കൂടുതലുള്ളവരും ആയിരിക്കുമെന്നാണ് ശാസ്‌ത്രജ്‌ഞർ നിരന്തര നിരീക്ഷണത്തിലൂടെ മനസിലാക്കിയത്.
ഒരു ട്രാഫിക് സിഗ്നലിലോ ബസ് സ്റ്റാൻഡിലോ എല്ലാം ഇക്കാര്യം കാണാനാകും. അതിവേഗം നടക്കുന്നവർ മുഖവും കാലുകളും നേരെയാക്കിയാകും നടക്കുക. അവർ ഫോണിലേക്ക് നോക്കുകയേ ഇല്ല. ശരീരം തിരശ്ചീനമായി നിർത്തി നേരെ നോക്കി അതിവേഗം നടക്കുന്നു. അവരുടെ വേഗം ഒട്ടും ആസൂത്രണം ചെയ്‌തതല്ല, അവർ ഓടുന്നുമില്ല.

എന്നാൽ മെല്ലെ നടത്തക്കാരുടെ രീതി അങ്ങനെയല്ല. ചിലർ ആലോചനയിൽ മുഴുകി എവിടെയോ നോക്കിയാകും നടക്കുക.ജീവിതഭാരം അവരെ വളരെയധികം തളർത്തിയെന്ന് കാണുമ്പോഴേ മനസിലാകും. ചിലർ വഴിയിലൂടെ പാദരക്ഷകൾ ഉരച്ചുരച്ച് മെല്ലെ പോകും മറ്റുള്ളവരാകട്ടെ തിരക്കൊന്നുമില്ലാത്തതു പോലെയാകും അവരുടെ നടത്തം. നിങ്ങളുടെ സ്വതസിദ്ധമായ നടത്തം അത് ഏത് തരമോ ആകട്ടെ വേഗമോ മെല്ലെയോ ആകട്ടെ നിങ്ങളുടെ എല്ലാ കാര്യത്തിലുമുള്ള സ്വഭാവത്തെ അത് സൂചിപ്പിക്കുന്നു എന്നാണ് ബിഹേവിയറൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടണിലെ ഡ്യൂക്ക് സർവകലാശാല, ലെസെസ്റ്റർ സർവകലാശാല എന്നിവിടങ്ങളിലെ പ്രഗത്ഭരാണ് ആയിരക്കണക്കിന് പേരെ നിരീക്ഷിച്ച് ഇങ്ങനെ രസകരമായ കണ്ടെത്തലിൽ എത്തിച്ചേർന്നത്.
അതിവേഗം നടന്നവർ ജീവിതത്തിൽ ജോലിയിൽ ഏറെ സമ്പാദിക്കും. അവർ തൊഴിലിൽ വലിയവലിയ പദവികൾ കൈയാളും. വൈജ്ഞാനികമായ പരീക്ഷണങ്ങളിൽ മികച്ച പ്രകടനം തന്നെ അവർ കാഴ്‌ചവയ്‌ക്കും. കാര്യങ്ങൾ പഠിച്ചെടുക്കുന്നതിലും ഒരു പ്രശ്‌നം വന്നാൽ അത് പരിഹരിക്കാനും ഇവർക്ക് അപാരമായ വേഗതയും കൈയടക്കവുമുണ്ട്. ഇവർക്ക് മദ്ധ്യവയസിലെത്തുമ്പോഴും ചില ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് ശാരീരികമായും കാര്യമായ പ്രശ്‌നങ്ങൾ ബാധിച്ചിരുന്നില്ല. ഒരു കാര്യം തീരുമാനിക്കാനും നടപ്പിലാക്കുന്നതിലും അവർക്ക് തെല്ലും പ്രായസമില്ല. ഇത്തരക്കാരോട് സാധാരണ പോലെ നടക്കാൻ ഗവേഷകർ ആവശ്യപ്പെട്ടപ്പോൾ അവർ ശീലിച്ചതുപോലെ വേഗത്തിൽ നടന്നുകാണിച്ചു.

തികച്ചും ശാസ്‌ത്രീയമായ കാരണങ്ങളാണ് ഇവരുടെ ഈ സ്വഭാവത്തിന് പിന്നിലെന്ന് കണ്ടെത്തി. ഒന്ന് അവരുടെ ശാരീരിക ക്ഷമത, മറ്റൊന്ന് അവരുടെ പേശീബലം, മൂന്നാമത് അവരുടെ ശ്വാസകോശത്തിന്റെ ശക്തി എന്നിവ കാരണമാണ് ഇവർക്ക് വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത്. മാനസികമായും ഇത്തരക്കാരിൽ ശക്തി ഏറെയാണ്. ചിന്തിച്ചകാര്യം തീരുമാനത്തിലെത്തിക്കാൻ അവർ ഉടൻ നടപടിയെടുക്കും.
ഇതിനർത്ഥം പതിയെ നടക്കുന്നവരിൽ മിടുക്കരില്ല എന്നല്ല പക്ഷെ നല്ലൊരു ശതമാനം വേഗത്തിൽ നടക്കുന്നവരും ബുദ്ധി ഉണർവുള്ളവർ തന്നെയാണ്. സ്വന്തം നടത്തത്തിന്റെയും ചിന്തയുടെയും വേഗം കൂട്ടാൻ ആഗ്രഹമുള്ളവർക്ക് ലഘു മാർഗങ്ങളിലൂടെ അതിന് സാധിക്കും എന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. വീട് മുതൽ അടുത്തുള്ള ബസ് സ്റ്റോപ്പോ കട വരെയോ അൽപം വേഗത്തിൽ നടന്നുനോക്കുക.സാധാരണ നടക്കുന്നതിലും 20 ശതമാനം വേഗത്തിലാകണം നടപ്പ്. ഇത് അതിവേഗ നടത്തിപ്പുകാർ നടക്കും പോലെ ശരീരം നേരെയാക്കി മുന്നിലേക്ക് നോക്കി വേണം നടക്കാൻ. ഇതുവഴി നടത്തയുടെ വേഗം കൂടും. അങ്ങനെ നിങ്ങളുടെ ഊർജം വർദ്ധിക്കുന്നത് സ്വയമേ അറിയാൻ സാധിക്കും. മെല്ലെ നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവും മറ്റും വർദ്ധിക്കും.
ഒരൊറ്റ ദിവസം കൊണ്ട് മാറ്റം ഉണ്ടാകില്ല. ആദ്യമാദ്യം ഒരു ഭാഗത്തേക്ക് മാത്രം ഇത്തരത്തിൽ നടന്നുനോക്കണം. ക്രമേണ പ്രയാസമില്ലാതെ വേഗത്തിൽ നടക്കാൻ സാധിക്കുന്നത് മനസിലാകും,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |