
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള അംബർനാഥ് മുനിസിപ്പൽ കൗൺസിലിലിൽ കോൺഗ്രസ് പിന്തുണയോടെ ബി.ജെ.പി ഭരണം പിടിച്ചു. മഹാരാഷ്‌ട്ര എൻ.ഡി.എ മുന്നണിയായ മഹായുതിയിലെ സഖ്യകക്ഷിയായ ശിവസേന(ഷിൻഡെ) അധികാരത്തിലെത്തുന്നത് തടയാനാണ് ബി.ജെ.പി നേതാക്കൾ രാഷ്ട‌്രീയ വൈരികളായ കോൺഗ്രസുമായി കൈകോർത്തത്. മഹായുതിയിലെ മറ്റൊരു ഘടകക്ഷിയായ എൻ.സി.പിയും ബി.ജെ.പിക്കൊപ്പം നിന്നു.
നീക്കം തള്ളിയ മഹാരാഷ്‌ട്ര കോൺഗ്രസ് അംബർനാഥ് ബ്ലോക്ക് മേധാവി പ്രദീപ് പാട്ടീലിനെയും തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരെയും അച്ചടക്ക ലംഘനം ആരോപിച്ച് സസ്‌പെൻഡ് ചെയ്‌തു. ബി.ജെ.പി സംസ്ഥാന നേതൃത്വവും അംബർനാഥിലെ നീക്കങ്ങളെ അംഗീകരിച്ചിട്ടില്ല. ബി.ജെ.പിയുടെ 14ഉം കോൺഗ്രസിന്റെ 12 ഉം എൻ.സി.പിയുടെ നാല് പേരും ഒരു സ്വതന്ത്രനും
'അംബർനാഥ് വികാസ് അഗാഡി' എന്ന പേരിൽ സഖ്യം രൂപീകരിച്ചാണ് ഭരണത്തിൽ കയറിയത്. സഖ്യത്തിന്റെ പിന്തുണയോടെ, ബി.ജെ.പിയുടെ തേജശ്രീ കരഞ്ചുലെ അംബർനാഥ് മുനിസിപ്പൽ കൗൺസിൽ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശിവസേന (ഷിൻഡെ) അതോടെ പ്രതിപക്ഷത്തായി.
അംബർനാഥ് സഖ്യം അംഗീകരിക്കാനാകില്ലെന്ന് ബി.ജെ.പി നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസും പറഞ്ഞു. ശിവസേന മുൻ ഭരിച്ചപ്പോഴുണ്ടായ അഴിമതി ഭരണം ആവർത്തിക്കുന്നത് തടയാനാണ് കോൺഗ്രസിനെ കൂട്ടുപിടിച്ചതെന്ന് ബി.ജെ.പി നേതാവ് ഗുലാബ്രാവു കരഞ്ചുലെ പാട്ടീൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |