
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഗ്രാമങ്ങളിൽ കുടിവെള്ളത്തിന്റെ മൂന്നിലൊന്നിൽ അധികവും കുടിക്കാൻ യോഗ്യമല്ലെന്ന് ജൽ ജീവൻ മിഷന്റെ റിപ്പോർട്ട്. ഇൻഡോറിൽ മലിനവെള്ളം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിന് പിന്നാലെയാണിത്. ജനുവരി 4ന് പുറത്തുവിട്ട റിപ്പോർട്ടിൽ ദേശീയ ശരാശരിയായ 76 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മദ്ധ്യപ്രദേശിൽ നിന്നുള്ള 63.3 ശതമാനം കുടിവെള്ള സാംപിളുകൾ മാത്രമാണ് ഗുണനിലവാര പരിശോധന പാസായത്. അതായത് 36.7 ശതമാനവും കുടിക്കാൻ യോഗ്യമല്ല. കൂടാതെ ഇതിൽ നിന്ന് ആരോഗ്യത്തിന് ഭീഷണിയായ ബാക്ടീരിയകളും രാസപദാർഥങ്ങളും കണ്ടെത്തി.
2024 സെപ്തംബർ, ഒക്ടോബർ കാലയളവിൽ സംസ്ഥാനത്തെ 15,000ത്തോളം ഗ്രാമീണ വീടുകളിൽ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലെ ജല സാംപിളുകളിൽ 83.1 ശതമാനവും സുരക്ഷിതമെന്ന് കണ്ടെത്തിയപ്പോൾ മദ്ധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ഇത് 12 ശതമാനമാണ്. അതായത് സംസ്ഥാനത്തെ 88 ശതമാനം സർക്കാർ ആശുപത്രികളും രോഗികൾക്ക് വിതരണം ചെയ്യുന്നത് മലിനജലം. സ്കൂളുകളിൽ വിതരണം ചെയ്യുന്നതിൽ 26.7 ശതമാനം സാംപിളുകളും മലിനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രധാനമായും ഗോത്ര ഗ്രാമങ്ങളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്. ഗോത്രജനത തിങ്ങിപ്പാർക്കുന്ന അനുപ്പൂർ,ദിൻഡോരി എന്നിവിടങ്ങളിലെ ഒരു സാംപിൾ പോലും കുടിക്കാൻ യോഗ്യമല്ല. ബലാഘട്ട്,ബേതുൽ,ഛിണ്ട്വാര എന്നിവിടങ്ങളിലെ പകുതിയിലധികം സാംപിളുകളും മലിനമാണ്.
പൈപ്പ് കണക്ഷൻ
31.5% വീടുകളിൽ
മദ്ധ്യപ്രദേശിലെ 31.5ശതമാനം വീടുകളിൽ മാത്രമേ കുടിവെള്ള പൈപ്പ് കണക്ഷനുള്ളൂ. ദേശീയ ശരാശരിയായ 70.9 ശതമാനത്തേക്കാൾ ഏറെ പിന്നിലാണിത്. 99.1 ശതമാനം ഗ്രാമങ്ങളിലും ജലവിതരണ പൈപ്പുകളുണ്ടെങ്കിലും 76.6ശതമാനം വീടുകളിലേ പ്രവർത്തന യോഗ്യമായ പൈപ്പുകൾ ഉള്ളൂ. ഇൻഡോറിലെ എല്ലാ വീടുകളിലും ജലവിതരണ വകുപ്പിന്റെ പൈപ്പ് കണക്ഷനുണ്ടെങ്കിലും 33 ശതമാനം പേർക്കേ ശുദ്ധജലം ലഭിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതി സാങ്കേതിക തകരാർ മൂലമുള്ള ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ നിലവാരത്തിൽ പുരോഗതിയില്ലെങ്കിൽ ഈ വർഷം ധനസഹായം കുറയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |