
റായ്പൂർ: ഛത്തീസ്ഗഢിൽ സുക്മയിൽ 26 മാവോയിസ്റ്റുകൾ ഇന്നലെ കീഴടങ്ങി. 'പൂന മാർഗം' പുനരധിവാസ സംരംഭത്തിന്റെ ഭാഗമായി ഏഴ് സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാരാണ് കീഴടങ്ങിയതെന്ന് സുക്മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചു. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) ബറ്റാലിയൻ,സൗത്ത് ബസ്തർ ഡിവിഷൻ,മാഡ് ഡിവിഷൻ,ആന്ധ്ര ഒഡീഷ ബോർഡർ ഡിവിഷൻ എന്നിവയിൽ സജീവമായിരുന്ന ഇവർ ഛത്തീസ്ഗഢിലെ അബുജ്മദ്,സുക്മ,ഒഡീഷയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിരവധി അക്രമ സംഭവങ്ങളിൽ പങ്കാളികളായിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ പുനരധിവാസ നയത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഇവർ പറഞ്ഞെന്ന് കിരൺ ചവാൻ പറഞ്ഞു. ഇവരിൽ ലാലി എന്ന മുച്ചകി ആയ്തെ ലഖ്മു (35) ന്റെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2017ൽ ഒഡീഷയിലെ കോരാപുട്ട് റോഡിൽ ഒരു വാഹനത്തെ ലക്ഷ്യമിട്ട് ഐ.ഇ.ഡി സ്ഫോടനം നടത്തിയതുൾപ്പെടെ നിരവധി പ്രധാന അക്രമ സംഭവങ്ങളിൽ അവർ ഉൾപ്പെട്ടിരുന്നു. അന്ന് 14 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കീഴടങ്ങിയ എല്ലാ മാവോയിസ്റ്റുകൾക്കും 50,000 രൂപ വീതം സഹായം നൽകി. കഴിഞ്ഞ സെപ്തംബറിൽ സുക്മയിൽ സുരക്ഷസേന നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തിയിരുന്നു. ഓപറേഷൻ പ്രഹാർ എന്ന പേരിലായിരുന്നു തെരച്ചിൽ. മാവോയിസ്റ്റുകളുടെ അനധികൃത ആയുധനിർമാണ കേന്ദ്രം അന്ന് സുരക്ഷാസേന പൊളിച്ചുമാറ്റിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |