
നൂറ്റാണ്ടുകളുടെ സംസ്കാരവും വിശ്വാസവും ഇഴചേരുന്ന കേരളത്തെ സമ്പന്നമാക്കാൻ ഒട്ടനവധി ആരാധനാലയങ്ങളുണ്ട്. അത്തരത്തിൽ കുന്നിന്റെ മുകളിലും പുഴയുടെ തീരത്തും സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങൾ കേരളീയ വാസ്തുവിദ്യയുടെയും ആചാര അനുഷ്ഠാനങ്ങളുടെയും കേന്ദ്രങ്ങൾ കൂടിയാണ്.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന ക്ഷേത്രമാണ് ശ്രീ കുഞ്ഞയ്യപ്പ സ്വാമി ക്ഷേത്രം. ശബരിമല ക്ഷേത്രത്തിന്റെ പ്രതിരൂപമെന്നും സ്ത്രീകളുടെ ശബരിമലയെന്നും ഈ ക്ഷേത്രത്തിന് വിശേഷണങ്ങളേറെയുണ്ട്.
ചടയമംഗലം കേരളത്തിലെ തന്നെ ചരിത്രപരമായി ഏറെ പ്രശസ്തിയാർജിച്ച സ്ഥലങ്ങളിലൊന്നാണ്. ഈ പേരിന്റെ ഉത്ഭവം തന്നെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ജഡായുമംഗലം എന്ന പേരിൽ നിന്നാണ് ചടയമംഗലം എന്ന പേരുണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമായണത്തിൽ സീതയെ തട്ടിക്കൊണ്ടുപോയ രാവണനുമായി ധീരമായി യുദ്ധം ചെയ്ത ജഡായു എന്ന പക്ഷിരാജന് മോക്ഷം ലഭിച്ച സ്ഥലമാണ്.

ശബരിമല അയ്യപ്പക്ഷേത്രത്തിലെ അതേ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന കുഞ്ഞയ്യപ്പ ക്ഷേത്രത്തിലേക്ക് ദിനംപ്രതി നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്. ശബരിമലയിലേതുപോലെ മകരവിളക്ക് മഹോത്സവമാണ് കുഞ്ഞയപ്പക്ഷേത്രത്തിലും പ്രധാനം. ജനുവരി അഞ്ചിന് ആരംഭിച്ച ഉത്സവം 14നാണ് സമാപിക്കുന്നത്. അന്നേദിവസം തന്നെയാണ് ശബരിമലയിൽ മകരജ്യോതി തെളിയുന്നതും. അന്ന് ശബരിമലയിൽ നടക്കുന്ന അതേ ആചാരങ്ങളും അനുഷ്ഠാനങ്ങളും കുഞ്ഞയപ്പക്ഷേത്രത്തിലും നടത്തപ്പെടുമെന്ന് ക്ഷേത്ര സമിതിയിലെ അംഗവും റിട്ട. എക്‌സൈസ് അസിസ്റ്റൻഡ് കമ്മീഷണറുമായ രാധാകൃഷ്ണ പിള്ള കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
പതിനെട്ടാംപടി
കേരളത്തിലെ ഭക്തജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ശബരിമലയിലെ അതേ പ്രാർത്ഥനാ സംതൃപ്തിയും പൂർണതയും കുഞ്ഞയപ്പക്ഷേത്രവും നൽകുന്നു. ക്ഷേത്രത്തിലെ നിർമാണ രീതി ശബരിമല ക്ഷേത്രത്തിന് സമാനമാണ്. ശബരിമലയിൽ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവും ആയതാണ് പതിനെട്ടാംപടി. ഇരുമുടിക്കെട്ടുമായി ഈ പതിനെട്ടാംപടി കയറിയാണ് ഭക്തർ അയ്യനെ ദർശിക്കാനായി എത്തുന്നത്. കുഞ്ഞയപ്പ ക്ഷേത്രത്തിലും ഇതുപോലെ പതിനെട്ടുപടികളുണ്ട്. ഇവ സ്വർണം പൂശിയതാണ്.
വിശ്വാസദിവസങ്ങളിൽ പടി പൂജകളും ഇവിടെ നടക്കുന്നുണ്ട്. ശബരിമലയിൽ ഇരുമുടിക്കെട്ടുമായി മാത്രമേ വിശ്വാസികൾക്ക് പതിനെട്ടാംപടി കയറാൻ സാധിക്കുള്ളൂ. അതേപ്രാധാന്യം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലും നിലകൊള്ളുന്നു. മണ്ഡലകാലത്തെ 41 ദിവസവും ഇവിടത്തെ പതിനെട്ടുപടികളിൽ കയറാം. പടി പൂജ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ ഇത് ചെയ്യുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രം ദർശനം നടത്താമെങ്കിലും പതിനെട്ടുപടി കയറാൻ ശബരിമലയിൽ അനുശാസിക്കുന്ന അതേ പ്രായപരിധിയുള്ള സ്ത്രീകൾക്കുമാത്രമേ സാധിക്കുള്ളൂ.

പ്രതിഷ്ഠ
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുഞ്ഞയപ്പ സ്വാമിയാണ്. ചതുരാകൃതിയിലുള്ള ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന രൂപത്തിൽ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശബരിമലയിലെ അതേ മാതൃകയിലാണ് ഇവിടെയും ഉപദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മാളികപ്പുറത്തമ്മയും ഗണപതിയും ഇവിടത്തെ പ്രധാന ഉപദേവതകളാണ്. ശബരമലയിൽ നടതുറക്കുന്നതിൽ ചില ചിട്ടകൾ ഉള്ളപ്പോൾ കുഞ്ഞയപ്പക്ഷേത്രം എല്ലാ ദിവസവും ഭക്തർക്കായി നടതുറക്കാറുണ്ട്. ഭഗവാൻ അയ്യപ്പന്റെ ബാലരൂപമാണ് കുഞ്ഞയ്യപ്പൻ. ശബരിമലയിൽ അയ്യപ്പന്റെ പൂർണരൂപം കുടികൊള്ളുമ്പോൾ ഇവിടെ അയ്യപ്പന്റെ ബാല്യഭാവം ദർശിക്കാൻ കഴിയുന്നു.
ഉത്സവത്തിന്റെ ഭാഗമായി ഇവിടെയും തിരുവാഭരണഘോഷയാത്രയും എഴുന്നള്ളത്തും നടക്കും. മകരവിളക്ക് ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പേട്ടത്തുള്ളൽ. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇത് ഉത്സവത്തിന്റെ അവസാനദിവസം നടക്കും.ശബരിമലയിൽ അയ്യപ്പന്റെ ഭൂതഗണങ്ങളെ അനുസ്മരിച്ചാണ് ഈ ചടങ്ങ്. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |